തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് എട്ടുമുതല്‍ ഒമ്പതുദിവസത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദീര്‍ഘദൂര യാത്രക്കാരുടെ ആവശ്യാനുസരണം വ്യാഴം, വെള്ളി ദിവസങ്ങളില്‍ കെ.എസ്.ആര്‍.ടി.സി. കൂടുതല്‍ സര്‍വ്വീസ് നടത്തും. കെ.എസ്.ആര്‍.ടി.സി. ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ ഐ.എ.എസ്. ആണ് ഇക്കാര്യം അറിയിച്ചത്. 

ആവശ്യം വരുന്ന പക്ഷം, ബെംഗളൂരുവില്‍നിന്ന് ആളുകളെ കേരളത്തിലേക്ക് അടിയന്തരമായി തിരിച്ചെത്തിക്കാന്‍ മൂന്നു ബസുകള്‍ സര്‍വീസ് നടത്താന്‍ തയ്യാറാക്കിയിട്ടുണ്ട്. കര്‍ണാടക സര്‍ക്കാര്‍ അനുവദിച്ചാല്‍ അവിടെനിന്നും സര്‍വീസ് നടത്തുമെന്നും സി.എം.ഡി. അറിയിച്ചു.   

ആശുപത്രി ജീവനക്കാര്‍ക്കും രോഗികള്‍ക്കുമായി സര്‍വീസ് നടത്തുന്നതിന് കെ.എസ്.ആര്‍.ടി.സി. തയ്യാറാണ്. അതിന് ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ടുമാര്‍ അതാത് സ്ഥലങ്ങളിലെ യൂണിറ്റ് ഓഫീസമാരെ അറിയിച്ചാല്‍ ആവശ്യമുള്ള സര്‍വ്വീസുകള്‍ നടത്തും.  അല്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സിയുടെ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ടാലും അതിനുള്ള സജ്ജീകരണം ഒരുക്കും. കണ്‍ട്രോള്‍ റൂം നമ്പര്‍: 9447071021, 0471 2463799.

ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ യാത്രക്കാരുടെ തിരക്ക്, പ്രത്യേകിച്ച് വൈകുന്നേരങ്ങളില്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ എല്ലാ യൂണിറ്റ് ഓഫീസര്‍മാരും ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ യാത്രക്കാരുടെ തിരക്കിനനുസരിച്ച് പരാതിരഹിതമായി കൂടുതല്‍ സര്‍വീസുകള്‍ നടത്തണമെന്നും സി.എം.ഡി. നിര്‍ദ്ദേശം നല്‍കി.

content highlights: lockdown: ksrtc will conduct more service on today and tomorrow