ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് ആഘോഷമാക്കുന്ന ജനത, വീണ്  കിട്ടിയ അവധി ദിവസത്തിലെ ലോക്ഡൗണ്‍ കാണാന്‍ തൊടുന്യായങ്ങള്‍ പറഞ്ഞ് സ്വന്തം വാഹനവുമെടുത്ത് നഗരത്തിലിറങ്ങുന്നവര്‍. എല്ലാവരും വീട്ടിലിരിക്കുമ്പോള്‍ വെറും മാസ്‌ക്കുമിട്ട് നിയമം പാലിക്കാന്‍ പൊള്ളുന്ന വെയിലിലും നടുറോട്ടിലിറങ്ങിയ നിയമപാലകരെ  മറന്ന്, ഐസൊലേഷന്‍ വാര്‍ഡുകളില്‍ സ്വന്തം ജീവന്‍ പണയം വെച്ച് രാപകലില്ലാതെ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരെ മറന്ന്, സര്‍ക്കാര്‍ സംവിധാനങ്ങളെ മറന്ന് തെരുവിലിറങ്ങുന്നവര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുകയാണ്. ഇത്തരത്തില്‍ നിയമം ലംഘിച്ച നൂറ്റമ്പതോളം വാഹനങ്ങളാണ് കോഴിക്കോട്ട് രണ്ട് ദിവസത്തിനുള്ളില്‍  പോലീസ് പിടിച്ചെടുത്തത്. പലരും ഒഴിഞ്ഞു കിടക്കുന്ന നഗരം കാണാനിറങ്ങിയവര്‍.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് മാത്രമായിരുന്നു ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. പക്ഷെ  സാധാരണ ദിവസത്തേക്കാളും അധികമായിരുന്നു പലയിടങ്ങളിലേയും വാഹനത്തിരക്ക്. ഇന്നലെ രാത്രി പ്രധാനമന്ത്രി രാജ്യമെമ്പാടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും പലര്‍ക്കുമിപ്പോഴും ഉറക്കം തെളിയാനായിട്ടില്ല. വാഹനവുമെടുത്ത് ചുമ്മാ കറങ്ങിനടക്കുന്നവരെ ഇന്നും കാണാനായി നഗരത്തില്‍. ആളില്ലാത്ത റോഡിലൂടെ ആഡംബര ബൈക്കുമെടുത്ത് കറങ്ങാനിറങ്ങുന്നവരോട് എന്താണ് പറയേണ്ടതെന്ന് ചോദിക്കുന്നു പോലീസുകാര്‍.

പക്ഷെ പരിശോധന ശക്തമാക്കിയിട്ടുണ്ട് നഗരമെമ്പാടും. ഡിജിപിയുടെ നിര്‍ദേശ പ്രകാരമുള്ള സത്യവാങ്മൂലം കാണിക്കാതെ ഒരാളേയും കടത്തിവിടുന്നില്ല. അതില്‍ പോലും കള്ളത്തരം  കാണിച്ച് നഗരത്തിലിറങ്ങുന്നവരുണ്ടെന്നതാണ് ഏറ്റവും നിസ്സഹായകരമായ അവസ്ഥ. സത്യവാങ്മൂലം  പ്രിന്റ്  എടുക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക്  വെള്ളപേപ്പറില്‍ എഴുതി നല്‍കിയാല്‍ മതിയെന്ന ഓപ്ഷന്‍ കൊടുത്തത് മുതലാക്കുന്നവരേയും ഇതിനിടയില്‍ കാണാന്‍ കഴിഞ്ഞു.

കോഴിക്കോട്-കണ്ണൂര്‍ ദേശീയ പാതയുടെ കോഴിക്കോട് നഗരത്തിലെ പ്രധാന ഭാഗമായ  മലബാര്‍ ക്രിസ്ത്യന്‍ കോളേജ് സമീപത്ത് വെച്ച് മാത്രം ഇത്തരത്തിലുള്ള ഒട്ടേറെ സ്വകാര്യ വാഹനങ്ങളെയാണ് ഇന്ന് പോലീസ് പിടികൂടിയത്. പലരും നിസ്സാര കാരണങ്ങള്‍ പറഞ്ഞ് നിരത്തിലിറങ്ങുന്നവര്‍. കൊറോണയൊന്നും എന്നെ ബാധിക്കില്ലെന്ന് ഇപ്പോഴും കരുതിയിരിക്കുന്നവര്‍. കൊറോണ ബാധിച്ച ഒരു വ്യക്തിക്ക് പത്ത് ദിവസം കൊണ്ട് ആയിരിക്കണക്കിന് ആളുകളിലേക്ക് പ്രത്യേക ലക്ഷണങ്ങളൊന്നും കാണിക്കാതെ രോഗം പരത്താന്‍ കഴിവുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
 
ലോകത്ത് ആദ്യത്തെ ഒരു ലക്ഷം രോഗികളിലേക്ക് കൊറോണ എത്തിയത് 67 ദിവസം കൊണ്ട് മാത്രമാണ്. അടുത്ത ഒരു ലക്ഷത്തിലേക്ക് 11 ദിവസം കൊണ്ടും മൂന്നാമത്തെ ഒരു ലക്ഷത്തിലേക്ക് നാല് ദിവസം കൊണ്ടും രോഗം പടര്‍ത്തിയെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുകളും ഇനിയും ചെറുതായി കണ്ടാല്‍ കാര്യങ്ങള്‍ കൈവിടുമെന്നുറപ്പാണ്.
 
സാമൂഹ്യ വ്യാപനത്തിലേക്ക് കടക്കാനുള്ള സാധ്യത സാമൂഹ്യ ഇടപെടല്‍ കുറക്കുന്നത് കൂടെയല്ലാതെ തടയാനാവില്ലെന്ന യാഥാര്‍ഥ്യവും ഇനിയും അറിയാതെ  പോയാല്‍ വലിയൊരു വിപത്തിനെ അറിഞ്ഞ് കൊണ്ടു സ്വീകരിക്കുന്നവര്‍ കൂടിയാവും നമ്മള്‍  ഓരോരുത്തരും. 
 
Content Highlights: Lock Down Second Day Impressions from Kozhikode