ബെംഗളൂരു: ബെംഗളൂരുവിലെ കോവിഡ് തീവ്രവ്യാപന മേഖലകളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കെ ആര്‍ മാര്‍ക്കറ്റ്, വി വി പുര, സിദ്ധാപുര കലാശിപാളയം എന്നിവിടങ്ങളില്‍ ആണ് ലോക്ക് ഡൗണ്‍. ഇതിന്റെ  പരിസരപ്രദേശങ്ങളിലും  ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും. ഇവിടേക്കുള്ള ഇട റോഡുകളും വഴികളും ബെംഗളൂരു കോര്‍പറേഷന്‍ സീല്‍ ചെയ്യും. ബെംഗളൂരുവില്‍ നിലവിലുള്ള 279 കണ്ടെയ്ന്‍മെന്റ് സോണുകളിലും പരിസരപ്രദേശങ്ങളിലും നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. 

കോവിഡ് രോഗികളെ നേരത്തെ തന്നെ കണ്ടെത്താനുള്ള ശ്രമങ്ങളും ആരോഗ്യ വകുപ്പ് ഊര്‍ജ്ജിതമാക്കുകയാണ്. ബെംഗളൂരുവിലെ 198 വാര്‍ഡുകളിലും പനി ക്ലിനിക്കുകള്‍ പ്രവര്‍ത്തനമാരംഭിക്കും. പനിയും ചുമയുമായി എത്തുന്ന എല്ലാവര്‍ക്കും കോവിഡ് പരിശോധന  നിർബന്ധമാക്കും.

ബെംഗളൂരുവില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ വിളിച്ച് ചേര്‍ത്ത അടിയന്തര യോഗത്തിലാണ് തീരുമാനം.

content highlights: lockdown in Bangalore Covid hit areas