വേഗം ബാക്കിവെച്ചത് .... കൊല്ലം കാവനാട് ആൽത്തറമൂടിന് സമീപം ദേശീയപാതയിൽ വാഹനമിടിച്ച് ചത്ത നായ. ഇടിച്ചിട്ട വാഹനത്തിന്റെ ഭാഗങ്ങളും ശരീരത്തിൽ കാണാം. ലോക്ക്ഡൗൺ കാലത്ത് റോഡുകളിൽ സ്വര്യമായി വിഹരിച്ചിരുന്ന നായ്ക്കൾ ഇളവുകളെ തുടർന്ന് നിയന്ത്രണമില്ലാതെ റോഡിലിറങ്ങുന്ന വാഹനങ്ങളും അവയുടെ അമിത വേഗതയും മൂലം അപകടമുണ്ടായി ചാവുന്നത് പതിവായിരിക്കുകയാണ്. ... ഫോട്ടോ: അജിത് പനച്ചിക്കൽ
കൊല്ലം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്ന് റോഡ് വാഹനങ്ങളെ കൊണ്ട് നിറഞ്ഞപ്പോള്‍ തെരുവുനായകള്‍ അടക്കമുള്ള മൃഗങ്ങള്‍ വണ്ടികള്ക്കടിയില് പെടുന്നതിന്റെ എണ്ണം കൂടുന്നു. നിയന്ത്രണങ്ങളില്‍ നിരത്ത് ഒഴിഞ്ഞപ്പോള്‍ പട്ടികള്‍ റോഡില്‍ അലസമായി നടക്കാന്‍ തുടങ്ങിയിരുന്നു. രാത്രി ടാറിന്റെ ചൂട് പറ്റി കിടക്കുന്നവയേയും കാണാമായിരുന്നു. അതേ ഓര്‍മ്മയില്‍ അവ ഇപ്പോഴും പെരുമാറുന്നതുകൊണ്ടാണ് 'റോഡ് കില്ലി'ന്റെ എണ്ണം കൂടാന്‍ കാരണം.
അതോടൊപ്പം ഡ്രൈവിങ്ങിന്റെ പരക്കം പാച്ചിലില്‍ തെരുവുനായകളെയൊന്നും ശ്രദ്ധിക്കാന്‍ മനസില്ലാത്ത മനുഷ്യരില്‍ ചിലരുടെ മനോഭാവവും. കീരി, ആമ എന്നിവയേയും ചതഞ്ഞ രീതിയില്‍ കാണുന്നുണ്ടിപ്പോള്‍. ഇതേക്കുറിച്ച് ചില സംഘടനകള്‍ നേരത്തെ പഠനം നടത്തിയിരുന്നു. കാട്ടുപാതകളില്‍ ഉരഗങ്ങളുടെ ഡമ്മി ഇട്ട് നിരീക്ഷിച്ചപ്പോള്‍ പത്ത് വാഹനങ്ങള്‍ പോയാല്‍ ഒന്നു മാത്രമേ അതിനു മുകളില്‍ കയറ്റാതെ ഒഴിഞ്ഞുമാറി പോവുന്നുള്ളു. 2213 ഉഭയജീവികള്‍, 153 ഉരഗങ്ങള്‍ 57 സസ്തനികള്‍ എന്നിവ റോഡ്കില്ലിന് ഇരയായതായി കഴിഞ്ഞ വര്‍ഷം കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.
24 കിലോ മീറ്ററിനുള്ളില്‍ ഒരു ദിവസം എട്ടു പട്ടികളാണ് റോഡില്‍ വാഹനങ്ങള്‍ക്കടിയില്‍പ്പെട്ട് കിടക്കുന്നത് കണ്ടത്. അപൂര്‍വം ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാത്രമാണ് കൃത്യമായി എത്തി ഇവയെ സംസ്കരിക്കുന്നത്.
ലോക്ഡൗണ്‍ കാലയളവില്‍ പലയിടത്തും നടന്ന അശാസ്ത്രീയമായ ഭക്ഷണം കൊടുപ്പും ഈ റോഡ്കില്ലിന് ഒരു കാരണമാണെന്ന് ഹുമെയിന് സൊസൈറ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ കേരള കോ-ഓഡിനേറ്റര്‍ സാലി വര്‍മ പറഞ്ഞു. "ഒരു ഹരത്തിന് മാത്രം ഈ കാലയളവില്‍ പട്ടികള്‍ക്ക് ഭക്ഷണവുമായി ഇറങ്ങിയവരുണ്ട്. സെല്‍ഫി എടുക്കാനും നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാനും മാത്രം. അവരതിന്റെ മറ്റ് വശങ്ങളൊന്നും ആലോചിച്ചില്ല."
"കേരളത്തില്‍ 65 പാസും ഞങ്ങള്‍ സംഘടിപ്പിച്ച് കൊടുത്തിരുന്നു. അവര്‍ക്ക് കൃത്യമായി മാര്‍ഗനിര്‍ദേശവും കൊടുത്തിരുന്നു. അതില്‍ പ്രധാനപ്പെട്ടതായിരുന്നു തിരക്കേറിയ റോഡില്‍ ഭക്ഷണം കൊടുക്കാതെ ആളൊഴിഞ്ഞ ഇടങ്ങളിലേ വിതരണം ചെയ്യാവൂ എന്നത്. റോഡില്‍ ഭക്ഷണം കിട്ടിയ പട്ടികള്‍ ഇപ്പോഴും അവിടെ പ്രതീക്ഷയോടെ വരുന്നുണ്ട്്. ലോക്ഡൗണ്‍ കഴിഞ്ഞ് എല്ലാവരും അവരവരുടെ കാര്യത്തിലേക്ക് ശ്രദ്ധിക്കാന്‍ പോയതോടെ ഇവയുടെ സ്ഥിതി ദയനീയമായി. പട്ടികള്‍ എപ്പോഴും ഭക്ഷണത്തേക്കാള്‍ മനുഷ്യരുടെ സ്നേഹവും പരിചരണവും കൊതിക്കുന്ന ജീവികളാണ്." സാലിവര്‍മ പറഞ്ഞു.
കൊല്ലത്ത് ബൈപ്പാസ് റോഡ് പൂര്‍ത്തിയാകാതെ കിടന്നപ്പോള്‍ അവിടെ പട്ടികളുടെ സൈ്വര്യവിഹാരമായിരുന്നു. റോഡ് ഉദ്ഘാടനം ചെയ്തപ്പോഴും ഇതുപോലെ വണ്ടിക്കടിപ്പെട്ട് മരിക്കുന്ന മൃഗങ്ങളുടെ എണ്ണം കൂടിയിരുന്നു. ആലപ്പുഴയില്‍ സമാനമായി ഒരു ബൈപ്പാസ് വര്‍ഷങ്ങളായി പൂര്‍ത്തിയാവാതെ കിടപ്പുണ്ട്. അവിടേയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്.
Content Highlights: lock down-road kill intenisified
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..