തിരുവനന്തപുരം: പ്രവാസി മലയാളികളെ തിരികെ കൊണ്ടുവരുന്നതിന് സര്‍ക്കാരിന് വ്യക്തമായ നടപടി ക്രമം ഇല്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഏഴാംതീയതി തിരികെ വരുന്നവരെ എവിടെയാണ് ക്വാറന്റൈന്‍ ചെയ്യുന്നതെന്ന കാര്യത്തില്‍ പോലും വ്യക്തമായ ധാരണയില്ല. പ്രവാസികള്‍ക്ക് മടങ്ങിവരാന്‍ ബുദ്ധിമുട്ടുണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാഴ്ച മുന്‍പ് പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിന്റെ നടപടി ക്രമങ്ങളെക്കുറിച്ച് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും അതിനുള്ള തയാറെടുപ്പുകള്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടില്ല. പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിന് കേന്ദ്രമാണ് എതിര്‍ക്കുന്നതെന്നായിരുന്നു ആരോപണം. എന്നാല്‍ ഈ കാര്യത്തില്‍ വലിയ പ്രചരണം നടത്തിയ എല്‍ ഡി എഫും കോണ്‍ഗ്രസും ഇപ്പോള്‍ മിണ്ടുന്നില്ല.  
 
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും സ്വന്തമായി വാഹനമുള്ളവര്‍ മാത്രം ഇപ്പോള്‍ കേരളത്തിലേക്ക് തിരികെ എത്തിയാല്‍ മതിയെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവന തികഞ്ഞ അനാസ്ഥയാണ്. മലയാളികളെ തിരികെ കൊണ്ടുവരുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു പദ്ധതിയിമില്ലെന്ന് വ്യക്തമാവുകയാണെന്നും അദ്ദേഹം പറഞ്ഞു. 

മനുഷ്യത്വരഹിതമാണ് സര്‍ക്കാര്‍ നിലപാട്. അന്യസംസ്ഥാനങ്ങളിലുള്ള മലയാളികളെ തിരികെ കൊണ്ടുവരുന്നതില്‍ സര്‍ക്കാരിന്റെ തികഞ്ഞ അനാസ്ഥയാണ്  പ്രകടമാകുന്നത്. ഇത്തരമൊരു നിലപാട് ഒരു സംസ്ഥാന സര്‍ക്കാരിന് എങ്ങനെയാണ് എടുക്കാന്‍ സാധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. 

പ്രധാനമന്ത്രിക്ക് കത്തയച്ചു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. രണ്ട് സംസ്ഥാനങ്ങളും ആലോചിച്ചാല്‍ ട്രെയിന്‍ സൗകര്യം ലഭ്യമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കെ എസ് ആര്‍ ടി സി ബസ് ഉപയോഗിച്ച് തിരികെ എത്തിക്കാന്‍ സംസ്ഥാനം തയാറാകണം. ടിക്കറ്റ് വില വാങ്ങിയാലും അന്യ സംസ്ഥാനത്തുള്ള മലയാളികളെ തിരികെയെത്തിക്കാനുള്ള ശ്രമം നടത്തണം. ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ മുതലെടുപ്പാണ്. ഇതാണ് പ്രവാസികളുടെ കാര്യത്തിലും നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

Content Highlights: lock down Kerala have No action to bring back expatriates: K Surendran