തിരുവനന്തപുരം: തുമ്പ വി.എസ്.എസ്.സി.യില്‍ നിര്‍മിക്കുന്ന ട്രൈസോണിക് വിന്‍ഡ് ടണലിനായി കൂറ്റന്‍ യന്ത്രഭാഗങ്ങള്‍ എത്തിച്ച ലോറി കൊച്ചുവേളിയില്‍ നാട്ടുകാര്‍ തടഞ്ഞു. ഐഎസ്ആര്‍ഒയുടെ വിന്‍ടണല്‍ പ്രോജക്റ്റിന് വേണ്ടിയുള്ള കൂറ്റന്‍ സിന്‍ടാക്‌സ് ചേമ്പറുകള്‍കയറ്റിയ രണ്ട് ആക്‌സിലുകളാണ് ലോറിയിലുള്ളത്. ദിവസങ്ങളെടുത്ത് റോഡുമാര്‍ഗ്ഗമാണ് ഈ കാര്‍ഗോ കൊണ്ടുവന്നത്. വി.എസ്.എസ്.സി.യിലേക്കുള്ള ചെറിയ റോഡുവഴി ഇത് കൊണ്ടുപോകുന്നത് വലിയ നാശനഷ്ടമുണ്ടാക്കുമെന്നാണ് നാട്ടുകാരുടെ വാദം.

പ്രദേശവാസികളൊന്നടങ്കം കാര്‍ഗോ കൊണ്ടുവന്ന ലോറി തടയാന്‍ രംഗത്തെത്തുകയായിരുന്നു. ടണ്ണിന് രണ്ടായിരം രൂപയെങ്കിലും പണം വേണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. പ്രദേശത്ത് നേരിയ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. ഇപ്പോള്‍ സംഘര്‍ഷത്തിന് അയവ് വന്നിട്ടുണ്ട്. വി.എസ്.എസ്.സി അധികൃതരും നാട്ടുകാരുടെ പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടക്കുകയാണ്. പത്ത് ലക്ഷം രൂപയെങ്കിലും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യമെന്ന് വി.എസ്.എസ്.സി അധികൃതര്‍ അറിയിച്ചു. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 

10 മീറ്റര്‍ നീളവും 5.5 മീറ്റര്‍ വ്യാസവുമുള്ള രണ്ട് ചേമ്പറുകളാണ് കണ്ടെയ്നര്‍ ലോറിയില്‍ എത്തിക്കുന്നത്. 44 ചക്രങ്ങളാണ് ചേംബറുകള്‍ കയറ്റിയ ആക്‌സിലൂകള്‍ക്ക് ഉള്ളത്. ഇതു കടന്നുപോകുമ്പോള്‍ റോഡിലൂടെ മറ്റ് വാഹനങ്ങളെ കടത്തിവിടാനാകില്ല. റോഡിലേക്ക് ചാഞ്ഞിട്ടുള്ള മരച്ചില്ലകള്‍ ഉയര്‍ത്തി വൈദ്യുത ലൈനുകളും കേബിളുകളും മാറ്റണം. നിരവധി ജീവനക്കാര്‍ ട്രെയിലറിനൊപ്പം സഞ്ചരിച്ചാണ് വാഹനത്തെ കടത്തിവിടുന്നതും അഴിച്ചുമാറ്റിയ ലൈനുകള്‍ പുനഃസ്ഥാപിക്കുന്നതും. 

സ്‌പെയ്സ് ക്രാഫ്റ്റുകളും റോക്കറ്റുകളും അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന പ്രതിഫലനങ്ങളെക്കുറിച്ച് പഠിക്കാനുള്ള ഉപകരണമാണ് ട്രൈസോണിക് വിന്‍ഡ് ടണല്‍. യന്ത്രഭാഗങ്ങള്‍ പുണെയിലാണ് നിര്‍മിച്ചത്. പുണെയില്‍നിന്ന് റോഡ് മാര്‍ഗം മുംബൈയിലും തുടര്‍ന്ന് കടല്‍മാര്‍ഗം കൊല്ലം തുറമുഖത്തും എത്തിച്ചു.

Content Highlights: Locals protested and stopped the movement of huge cargo to vssc