കോഴിക്കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മുന്നണിക്ക് പുറത്തുള്ള പാര്‍ട്ടികളുമായും സഖ്യമുണ്ടാക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. വെല്‍ഫെയര്‍ പാര്‍ട്ടിയടക്കമുള്ള സംഘടനകളുമായി ചര്‍ച്ച നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.  'തദ്ദേശ തിരഞ്ഞെടുപ്പില്‍ കര്‍ശന യുഡിഎഫ് മുന്നണി എന്നൊന്നും പറയാന്‍ പറ്റില്ല. യുഎഡിഎഫിന് പുറത്തുള്ള സാമൂഹ്യ സാസ്‌കാരിക സംഘടനകളുമായി ധാരണ ഉണ്ടായേക്കാം. ഞങ്ങള്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ കാലങ്ങളിലും ഇതൊക്കെ ഉണ്ടായിട്ടുണ്ട്.' കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇതിനിടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നിബന്ധനകള്‍ ഉള്‍പ്പെടുത്തി മുസ്ലിം ലീഗ് സര്‍ക്കുലര്‍ പുറത്തിറക്കി. മൂന്ന് തവണ തദ്ദേശ സ്ഥാപനങ്ങളില്‍ അംഗങ്ങളായവരെ ഇനി പരിഗണിക്കില്ല. ഒരു വീട്ടില്‍നിന്ന് ഒരു സ്ഥാനാര്‍ഥി മതി, 30 ശതമാനം സീറ്റുകള്‍ യുവതി-യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും നീക്കി വെക്കണമെന്നും നിര്‍ദേശിക്കുന്നു.

നിലവില്‍ അംഗങ്ങളായവരുടെ പ്രകടനം പരിശോധിച്ചതിന് ശേഷം മാത്രം മതി അവരെ വീണ്ടും മത്സരിപ്പിക്കുന്നത് എന്നാണ് ഉണ്ടായിരിക്കുന്ന ധാരണ. പാര്‍ലമെന്ററി ബോര്‍ഡില്‍ യൂത്ത് ലീഗ് പ്രതിനിധികളേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlights: local body election-Muslim League-circular