ആലപ്പുഴ: നഗരസഭാ അധ്യക്ഷയെച്ചൊല്ലി ആലപ്പുഴയിലെ സിപിഎമ്മില്‍ കലാപം. സൗമ്യ രാജനെ നഗരസഭാ അധ്യക്ഷയാക്കിയ പാര്‍ട്ടി തീരുമാനം ചോദ്യംചെയ്ത് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തിയതിനു തൊട്ടുപിന്നാലെ പ്രകടനത്തിന് നേതൃത്വം നല്‍കിയ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. 

മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരടക്കം 19 പാര്‍ട്ടി അംഗങ്ങള്‍ നയിച്ച പ്രകടനമാണ് രാവിലെ ആലപ്പുഴ നഗരത്തില്‍ അരങ്ങേറിയത്. ഈ പ്രതിഷേധ പ്രകടനം കടുത്ത അച്ചടക്ക ലംഘനമായാണ് സിപിഎം ജില്ലാ നേതൃത്വം കണ്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരടക്കം 19 പാര്‍ട്ടി അംഗങ്ങളോട് വിശദീകരണം ആരാഞ്ഞിരുന്നു. അവര്‍ നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പാര്‍ട്ടിയില്‍നിന്ന് അടിയന്തരമായി പുറത്താക്കാന്‍ ജില്ലാ നേതൃത്വം തീരുമാനമെടുത്തത്. 

നെഹ്രുട്രോഫി വാര്‍ഡിലെ ബ്രാഞ്ചുകളില്‍ നിന്നുള്ള അംഗങ്ങളാണ് പ്രകടനത്തില്‍ പങ്കെടുത്തത്. അവിടെനിന്നുള്ള കൗണ്‍സിലറും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ കെ.കെ. ജയമ്മയെ ചെയര്‍പേഴ്സണ്‍ ആക്കാത്തതിലുള്ള പ്രതിഷേധമാണ് പ്രകടനത്തിലേക്ക് നയിച്ചത്. ഈ വിഷയം ചര്‍ച്ചചെയ്ത ആലപ്പുഴ സൗത്ത്, നോര്‍ത്ത് ഏരിയാ കമ്മിറ്റികളിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

പാര്‍ട്ടി നേതൃത്വം തീരുമാനം അടിച്ചേല്‍പ്പിച്ചുവെന്നാണ് നേതാക്കള്‍ പറയുന്നത്. ഇതിലുള്ള ശക്തമായ പ്രതിഷേധമാണ് ആലപ്പുഴ നഗരത്തില്‍ പാര്‍ട്ടി തീരുമാനത്തെ വെല്ലുവിളിച്ച് അലയടിച്ചത്.

Content Highlights: Local Body Election Alappuzha CPM