കോഴിക്കോട്: സംസ്ഥാനത്തെ 10 ജില്ലകളിലായി 30 തദ്ദേശ സ്ഥാപനങ്ങളിലേക്കായി നടന്ന ഉപതരിഞ്ഞെടുപ്പില്‍ പരസ്പരം സീറ്റുകള്‍ പിടിച്ചെടുത്ത് എല്‍ഡിഎഫും യുഡിഎഫും. പതിനാറിടത്ത് എല്‍ഡിഎഫും 12 ഇടങ്ങളില്‍ യുഡിഎഫും ജയിച്ചപ്പോള്‍  ബിജെപിക്ക് സീറ്റുകളൊന്നും ലഭിച്ചില്ല. ഒരിടത്ത് യുഡിഎഫ് വിമതനും ഒരു സ്വതന്ത്രനും ജയിച്ചു.

അട്ടിമറിയിലൂടെ മലപ്പുറം ജില്ലയിലെ തിരൂര്‍ ബ്ലോക്ക് പഞ്ചായത്തും തവനൂര്‍ പഞ്ചായത്തും എല്‍ഡിഎഫ് പിടിച്ചെടുത്തു. കോഴിക്കോട് ഒഞ്ചിയം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ ആര്‍.എം.പി വിജയിച്ചു. ആര്‍എംപി സ്ഥാനാര്‍ഥി പി.ശ്രീജിത്ത് 308 വോട്ടുകള്‍ക്കാണ് വിജയിച്ചത്. സിപിഎമ്മിലെ രാജാറാം തൈപ്പള്ളിയെയാണ് പരാജയപ്പെടുത്തിയത്. ഇതോടെ പഞ്ചായത്തില്‍ ആര്‍എംപിയുടെ ഭരണം തുടരും. യുഡിഎഫ് ഇവിടെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല. അതേ സമയം ഇവിടെ ആര്‍എംപിക്ക് നേരത്തെയുണ്ടായിരുന്ന ഭൂരിപക്ഷം കുറക്കാനായതില്‍ സിപിഎമ്മിന് ആശ്വസിക്കാം.

കോഴിക്കോട് പുതുപ്പാടി പഞ്ചായത്തിലെ കൈതപ്പൊയില്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.ആര്‍.രാകേഷ് 187 വോട്ടിന് ജയിച്ചു.കോട്ടൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ എല്‍ഡിഎഫ് ജയിച്ചു. സിപിഎമ്മിലെ ശ്രീനിവാസന്‍ മേപ്പാടി 299 വോട്ടുകള്‍ക്കാണ് ജയിച്ചത്. താമരശ്ശേരി പള്ളിപ്പുറം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. മുസ്‌ലിം ലീഗിലെ എന്‍പി മുഹമ്മദലി 389 വോട്ടുകള്‍ക്ക് ജയിച്ചു.

ബത്തേരി നെന്മേനി പഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ യുഡിഎഫിലെ കെ.സി.പത്മനാഭന്‍ 149 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്.

പാലക്കാട് ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി രണ്ടാം വാര്‍ഡായ കല്‍പ്പാത്തിയില്‍ യുഡിഎഫിന് ജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.എസ് വിബിന്‍ 421 വോട്ടുകള്‍ക്ക് വിജയിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി എന്‍. ശാന്തകുമാരന്‍ 464 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തായി. നേരത്തെ കോണ്‍ഗ്രസിന്റെ കൗണ്‍സിലറായിരുന്ന ശരവണന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. ശരവണന്‍ പിന്നീട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. സിപിഎം സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായി. തിരുമിറ്റക്കോടില്‍ എല്‍ഡിഎഫിലെ ടി.പി.സലാം 248 വോട്ടുകള്‍ ജയിച്ചു.

കീഴല്ലൂര്‍ പഞ്ചായത്തിലെ എളമ്പാറ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്‍.കെ.കാര്‍ത്തികേയന്‍ 269 വോട്ടിന് ജയിച്ചു. കല്യാശ്ശേരി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മോഹനന്‍ 633 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തില്‍  വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ഇവിടെ 92 വോട്ടുകള്‍ മാത്രമെ കിട്ടിയുള്ളൂ. നെല്ലിയാമ്പതി ലില്ലി ഡിവിഷന്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഎമ്മിലെ പി.അംബികയാണ് ജയിച്ചത്. അഗളി പഞ്ചായത്തിലെ പാക്കുളം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. 14 വോട്ടിന് കോണ്‍ഗ്രസിലെ ജയറാമാണ് ജയിച്ചത്.

മലപ്പുറം തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ പുറത്തൂരിലും എല്‍ഡിഎഫ് അട്ടിമറി ജയം നേടി. ഇതോടെ ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണം എല്‍ഡിഎഫിനായി. എല്‍ഡിഎഫിലെ സി.ഒ.ബാബുരാജ് 265 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കവനൂര്‍ പഞ്ചായത്തില്‍ ലീഗ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. ഇതോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിനായി.  വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ പാണ്ടിക്കാട് ചെമ്പ്രശ്ശേരിയില്‍ യുഡിഎഫ് വിജയിച്ചു.

ആലപ്പുഴ കരുവാറ്റ പഞ്ചായത്തിലെ നാരായണ വിലാസം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുകുമാരിയമ്മ ഇവിടെ 102  വോട്ടുകള്‍ക്ക് ജയിച്ചു. ആലപ്പുഴ നഗരസഭയിലെ ജില്ലാകോടതി വാര്‍ഡില്‍ കോണ്‍ഗ്രസിന് തിരിച്ചടി. ഇവിടെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് സ്വതന്ത്രനായി മത്സരിച്ച  ബി.മെഹബൂബാണ് ജയിച്ചത്.
കായകളും നഗരസഭയിലെ പന്ത്രണ്ടാം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. കൈനരി പഞ്ചയാത്തിലെ ഭജനമഠം വാര്‍ഡും എല്‍ഡിഎഫ് നിലനിര്‍ത്തി. 

തിരുവനന്തപുരം കള്ളിക്കാട് പഞ്ചായത്തിലെ ചാമവിളപ്പുറം വാര്‍ഡില്‍ കോണ്‍ഗ്രസ് ജയിച്ചു. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുക്കുയായിരുന്നു. ഒറ്റശേഖര മംഗലം പഞ്ചായത്തിലെ പ്ലാപഴഞ്ഞി  വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. 

കൊച്ചി കോര്‍പ്പറേഷന്‍ 52-ാം വാര്‍ഡില്‍ എല്‍ഡിഎഫ് അട്ടിമറി ജയം നേടി. വൈറ്റില ജനത വാര്‍ഡില്‍ 58 വോട്ടിന് ബൈജു തോട്ടാളിയാണ് ജയിച്ചത്. എറണാകുളം കോട്ടപ്പടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ യുഡിഎഫിന് ജയം. യുഡിഎഫ് സ്ഥാനാര്‍ഥി ബിന്‍സി എല്‍ദോസാണ് ജയിച്ചത്. കോതമംഗലത്തെ ചേലാമറ്റം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. ഒക്കല്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ യുഡിഎഫിലെ സീനാ ബെന്നി ജയിച്ചു.

റാന്നിയിലെ പുതുശ്ശേരിമല വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. പാലക്കാട് നഗരസഭയിലെ കല്‍പ്പാത്തി വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോട്ടയം നീണ്ടൂര്‍ പഞ്ചായത്ത് 9-ാം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.

കണ്ണൂര്‍ ശ്രീകണ്ഠപുരം നഗരസഭയിലെ കാവുമ്പായി വാര്‍ഡ് സിപിഎം നിലനിര്‍ത്തി. കീഴല്ലൂര്‍ പഞ്ചായത്തിലെ എളമ്പാറ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്‍.കെ.കാര്‍ത്തികേയന്‍ 269 വോട്ടിന് ജയിച്ചു. കല്യാശ്ശേരി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മോഹനന്‍ 633 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തില്‍  വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ഇവിടെ 92 വോട്ടുകള്‍ മാത്രമെ കിട്ടിയുള്ളൂ.

തൃശൂര്‍ അരിമ്പൂര്‍ ഗ്രാമ പഞ്ചായത്തിലെ 12-ാം വാര്‍ഡിലേക്കും ചാഴൂര്‍ ഗ്രാമ പഞ്ചായത്തിലെ 11 -ാം വാര്‍ഡിലേക്കും നടന്ന ഉപതെരെഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് വിജയം. ചാഴൂരില്‍ 208 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അനുഷ സുനിലും അരിമ്പൂരില്‍ 357 വോട്ടിന് സി ജി സജീഷും വിജയിച്ചു.

Content Highlights: Local body by election across kerala-ldf-udf-bjp