തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ സഹകരണ ബാങ്കില്‍ നടന്ന ക്രമക്കേട് 300 കോടി രൂപയോളം വരുമെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വായ്പ എടുത്ത ഒരാള്‍ ആത്മഹത്യ ചെയ്തു. ബാങ്കില്‍ നിന്ന് വായ്പ എടുത്ത മുന്‍ പഞ്ചായത്തംഗം തേലപ്പള്ളി സ്വദേശി പി. എം. മുകുന്ദന്‍ (63) ആണ് ജീവനൊടുക്കിയത്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് ഇദ്ദേഹത്തിന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. കോണ്‍ഗ്രസിന്റെ മുന്‍ പഞ്ചായത്ത് അംഗമായിരുന്നു മുകുന്ദന്‍.

വ്യാഴാഴ്ച പുലർച്ചെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ മുകുന്ദന്റെ മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹം കരുവന്നൂർ സഹകരണ ബാങ്കില്‍നിന്ന് 25 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇപ്പോള്‍ 80 ലക്ഷം രൂപ തിരികെ അടയ്ക്കണമെന്നാവശ്യപ്പെട്ട് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു.

കരുവന്നൂര്‍ ബാങ്കില്‍ സോഫ്റ്റ്വേര്‍ തിരിമറി; പ്യൂണും കമ്മിഷന്‍ ഏജന്റും മുതല്‍ വിരമിച്ചവര്‍വരെ അഡ്മിന്‍മാര്‍...

വായ്പാ തിരിച്ചടവിനായി ബാങ്കിന്റെ ഭാഗത്തുനിന്ന് നിരന്തരം സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇതിന്റെ പേരില്‍ മുകുന്ദന്‍ മാനസികമായി പ്രയാസങ്ങള്‍ അനുഭവിച്ചിരുന്നതായി സഹോദരി പറഞ്ഞു.

കരുവന്നൂര്‍ ബാങ്ക് സാമ്പത്തിക ക്രമക്കേടിനെ തുര്‍ന്ന് ബാങ്ക് പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് വായ്പാ തിരിച്ചടവ് മുടങ്ങിയവര്‍ക്ക് ബാങ്ക് വ്യാപകമായി ജപ്തി നോട്ടീസ് നല്‍കിയത്. നിരവധി പേര്‍ക്ക് ജപ്തി നോട്ടീസ് ലഭിച്ചതായി നേരത്തേ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: loan scam in Karuvannur Cooperative bank