തൃശ്ശൂര്‍: കേന്ദ്രസര്‍ക്കാര്‍ ആറുലക്ഷം കോടി രൂപയുടെ ആസ്തി വില്‍ക്കാനെടുത്ത തീരുമാനത്തിനെതിരേ പ്രക്ഷോഭം നടത്താന്‍ എല്‍.ജെ.ഡി. സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഈ വിഷയത്തില്‍ ഇതുവരെ ട്രേഡ് യൂണിയനുകളാണ് സമരരംഗത്തുണ്ടായിരുന്നത്.

27,000 കിലോമീറ്റര്‍ ദേശീയപാത, 13 വിമാനത്താവളങ്ങള്‍, 1,000 റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. പാട്ടത്തിന് കൊടുക്കുന്നവ തിരിച്ചുകിട്ടാനുള്ള സാധ്യതയുമില്ല. കേരളത്തില്‍ ബി.എസ്.എന്‍.എലിന്റെ ആസ്തികളാണ് വില്‍ക്കുന്നത്. ആഗോളീകരണത്തിനെതിരേ എടുത്ത നിലപാടുപോലെ ശക്തമായിരിക്കും ഈ വിഷയത്തിലും ഉണ്ടാവുകയെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാര്‍ എം.പി. അധ്യക്ഷനായി. ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വറുഗീസ് ജോര്‍ജ്, കെ.പി. മോഹനന്‍ എം.എല്‍.എ. , ഭാരവാഹികളായ സണ്ണി തോമസ്, അഡ്വ.എം.കെ. പ്രേംനാഥ്, എം.കെ. ഭാസ്‌കരന്‍, വി. കുഞ്ഞാലി, യൂജിന്‍ മോറേലി, മനയത്ത് ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കും -എം.വി. ശ്രേയാംസ് കുമാര്‍

തൃശ്ശൂര്‍: കാരണംകാണിക്കല്‍നോട്ടീസ് കിട്ടിയ നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍, പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് എല്‍.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാര്‍ എം.പി. പറഞ്ഞു.

പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും വിഷയം ചര്‍ച്ചചെയ്തു. തുടര്‍ ചര്‍ച്ചകള്‍ നടത്താന്‍ സംസ്ഥാന പ്രസിഡന്റിനെ സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വരുംദിവസങ്ങളില്‍ തീരുമാനമെടുക്കും.

കാരണംകാണിക്കല്‍ നോട്ടീസ് കിട്ടിയവര്‍ തന്നെയാണ് ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്തത്. ചെറിയ പ്രശ്‌നങ്ങളാണ് ഉണ്ടായിരുന്നത്. ചിലര്‍ എതിര്‍സ്വരം പറഞ്ഞുവെന്നു കരുതി അവരെ ശത്രുക്കളായി കാണുന്ന സമീപനം പാര്‍ട്ടിക്കില്ല. അവരുടെ തെറ്റിദ്ധാരണ മാറ്റുകയെന്നതാണ് പ്രധാന കാര്യം. അഭിപ്രായമുള്ളിടത്ത് അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാവാം. അത് ജനാധിപത്യ പാര്‍ട്ടികളില്‍ സാധാരണമാണ്. പാര്‍ട്ടി അച്ചടക്കം പ്രധാനമാണെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.