തിരുവനന്തപുരം: ഗുരുതര അച്ചടക്കലംഘനം നടത്തിയ സംസ്ഥാന ഭാരവാഹികള്‍ക്കെതിരെ നടപടിയുമായി എല്‍.ജെ.ഡി. ഷെയ്ക് പി. ഹാരിസ്, വി. സുരേന്ദ്രന്‍ പിള്ള, അങ്കത്തില്‍ അജയ്കുമാര്‍, രാജേഷ് പ്രേം എന്നിവരെ ഭാരവാഹിത്വത്തില്‍നിന്ന് നീക്കംചെയ്യാനും പാര്‍ട്ടിയെ വെല്ലുവിളിച്ച് കടുത്ത അച്ചടക്കലംഘനം നടത്തിയ വി. സുരേന്ദ്രന്‍പിള്ളയെ സസ്‌പെന്‍ഡ് ചെയ്യാനും എല്‍.ജെ.ഡി. സംസ്ഥാന ഭാരവാഹികളുടേയും ജില്ലാ പ്രസിഡന്റുമാരുടേയും സംയുക്തയോഗം ഏകകണ്‌ഠേന തീരുമാനിച്ചു. 

കഴിഞ്ഞ 20-ാം തീയതി കോഴിക്കോട് ചേര്‍ന്ന സംസ്ഥാന ഭാരവാഹികളുടേയും ജില്ലാ പ്രസിഡന്റുമാരുടേയും സംയുക്തയോഗം, വിമത പ്രവര്‍ത്തനം നടത്തിയവര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സമയപരിധിക്കുള്ളില്‍ ഖേദപ്രകടനം നടത്തി മറുപടി നല്‍കിയ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എന്‍.എം. നായര്‍, സംസ്ഥാന കമ്മിറ്റി അംഗം ജി. സതീശ് കുമാര്‍ എന്നിവരെ നടപടികളില്‍നിന്ന് ഒഴിവാക്കാനും യോഗം തീരുമാനിച്ചു.

കാരണംകാണിക്കല്‍ നോട്ടീസിന് യഥാസമയം മറുപടി നല്‍കാത്ത മലപ്പുറം ജില്ലാ പ്രസിഡന്റ് സബാഹ് പുല്‍പറ്റ, ആലപ്പുഴ ജില്ലാ പ്രസിഡന്റ് നസീര്‍ പുന്നക്കല്‍ എന്നിവര്‍ക്കെതിരായ നടപടി ഡിസംബര്‍ ആദ്യവാരം കൂടുന്ന സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിക്കും. ഇതിനിടയില്‍ വിഭാഗീയ പ്രവര്‍ത്തനം ആരുടെയെങ്കിലും ഭാഗത്തുനിന്നുണ്ടായാല്‍ യുക്തമായ ശിക്ഷാനടപടി സ്വീകരിക്കുവാന്‍ സംസ്ഥാന പ്രസിഡന്റിനെ യോഗം ചുമതലപ്പെടുത്തി.

കെ.പി. മോഹനന്‍ എം.എല്‍.എ., ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വറുഗീസ് ജോര്‍ജ് തുടങ്ങി മറ്റു സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും യോഗത്തില്‍ പങ്കെടുത്തു.

content highlights: ljd takes disciplinary action againt state leaders