തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിന്റെ പേരില്‍ മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാര്‍. ഉദ്യോഗസ്ഥര്‍ തെറ്റുചെയ്യുമ്പോള്‍ അതിന്റെ പാപഭാരം പേറാന്‍ സര്‍ക്കാരിനാവില്ല. കുറ്റക്കാരെ സംരക്ഷിക്കുന്നുണ്ടോയെന്നതാണ് പ്രധാനം. അത്മവിശ്വാസത്തോടെ അന്വേഷണം ആവശ്യപ്പെട്ടയാളാണ് മുഖ്യമന്ത്രി. കുറ്റക്കാരനെന്ന് കണ്ട ഉദ്യോഗസ്ഥനെതിരെ നടപടിയുമെടുത്തു. എന്നിട്ടും മുഖ്യമന്ത്രിയെ ആക്രമിക്കുന്നത് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാകുമോയെന്ന് കരുതുന്നവരാണെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.
മുഖ്യമന്ത്രിക്ക് പൂര്‍ണ പിന്തുണ നല്‍കാനാണ് എല്‍.ജെ.ഡി. സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. സര്‍ക്കാരിന് പുറത്തുള്ളവരാണ് സ്വര്‍ണകടത്ത് കേസിന്റെ ഭാഗമായിട്ടുള്ളത്. കേസ് കേന്ദ്ര ഏജന്‍സിയാണ് അന്വേഷിക്കുന്നത്. അത് ഫലപ്രദമായി നടക്കട്ടെ. കള്ളക്കടത്ത് പണം തീവ്രവാദത്തിന് ഉപയോഗിച്ചുവെന്ന ഗൗരവമായ കാര്യമാണ് എന്‍.ഐ.എ. പരിശോധിക്കുന്നത്. അതിന്റെ ഗൗരവം കുറയ്ക്കാനാണ് മറ്റ് ആരോപണങ്ങളുന്നയിച്ച് പ്രതിപക്ഷം ശ്രമിക്കുന്നത്. ഒരുഘട്ടത്തില്‍ പോലും അന്വേഷണത്തെ തടസപ്പെടുത്താനോ വിവരങ്ങള്‍ മറച്ചുവെക്കാനോ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. അതുകൊണ്ടാണ്, അന്വേഷണ ഏജന്‍സിക്ക് പോലും ശരിയായ വിധത്തില്‍ വിവരങ്ങള്‍ ലഭ്യമാകുന്നത്. ഏത് അന്വേഷണവും ആവാമെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞതും മുഖ്യമന്ത്രിയാണെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.
പദ്ധതികളുടെ പരിസ്ഥിതി ആഘാതം വിലയിരുത്തല്‍ (ഇ.ഐ.എ.)സംബന്ധിച്ചുള്ള കരട് വിജ്ഞാപനം, കോവിഡ് കാലം മറയാക്കി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന അപകടകരമായ നടപടികളിലൊന്നാണ്. മലിനീകരണം സൃഷ്ടിക്കുന്ന വ്യവസായങ്ങളെ പരിസ്ഥിതി ആഘാത പരിശോധനയില്‍നിന്ന് ഒഴിവാക്കുന്നതാണിത്. 70 മേഖലകളെ ഇത്തരത്തില്‍ ഒഴിവാക്കിയിട്ടുണ്ട്. ഈ കരട് അംഗീകരിക്കുന്നതോടെ നല്ലവായുവും ശുദ്ധജലവും ജീവിക്കാന്‍ മണ്ണുമെന്ന മനുഷ്യന്റെ മൗലികാവകാശം ഇല്ലാതാക്കും. വികസനം വേണം. എന്നാല്‍, ജനങ്ങളുടെ ജീവത സാഹചര്യം ഇല്ലാതാക്കുന്ന വികസനംകൊണ്ട് കാര്യമില്ല. ഭോപ്പാല്‍ ദുരന്തം നല്‍കിയ പാഠമാണ്, വ്യവസായങ്ങള്‍ തുടങ്ങുന്നതിന് പരിസ്ഥിതി ആഘാതപഠനം നിര്‍ബന്ധമാക്കിയത്. അത് ഒഴിവാക്കുമ്പോള്‍ ഇനിയും ദുരന്തങ്ങളുണ്ടായേക്കാം. ഇക്കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ബോധവത്കരണം നടത്താന്‍ എല്‍.ജെ.ഡി. തീരുമാനിച്ചുവെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.
കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ പ്രതിസന്ധി അനുഭവിക്കുന്നത് തൊഴിലാളികളും കര്‍ഷകരുമാണ്. ഇവര്‍ക്ക് സഹായകരമായ ഒരുനടപടിയും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. 20ലക്ഷം കോടിയുടെ കേന്ദ്രപാക്കേജ് പ്രഖ്യാപനത്തില്‍ മാത്രമാണ്. ഒരു ഉത്തേജനവും സാധാരണക്കാരുടെ ജീവിതത്തിലുണ്ടായിട്ടില്ല. മൊറട്ടോറിയത്തിന്റെ കാലാവധി അവസാനിക്കുകയാണ്. അതിനാല്‍, കാര്‍ഷിക കടം പൂര്‍ണമായി എഴുതിതള്ളണം. മറ്റ് കടങ്ങളുടെ പലിശ ഒരുവര്‍ഷത്തേക്ക് ഒഴിവാക്കി നല്‍കണമെന്നും എല്‍.ജെ.ഡി. ആവശ്യപ്പെട്ടു.
ജെ.ഡി.എസ്.- എല്‍.ജെ.ഡി.ലയനം അടഞ്ഞ അധ്യായമല്ലെന്ന് ശ്രേയാംസ് കുമാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുകയാണ്. സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ ലയനം എല്ലാ സോഷ്യലിസ്റ്റുകളുടെയും സ്വപ്നമാണ്. വര്‍ഗീയ അജണ്ട നടപ്പാക്കുന്ന ഒരു കാലത്ത് സോഷ്യലിസ്റ്റ് ഐക്യം അനിവാര്യമാണ്. അതിന് സാധ്യതയൊരുങ്ങുമ്പോള്‍ ലയനം നടക്കും. കോവിഡ് കാലമായതിനാല്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തടസ്സം നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഷേക് പി.ഹാരിസ്, വി.സുരേന്ദ്രന്‍പിള്ള എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Content Highlights:LJD state president MV Shreyamskumar will contest as LJD's Rajya Sabha candidate