തിരുവനന്തപുരം: എല്‍.ഡി.എഫിന്റെ സദ്ഭരണത്തിനുള്ള ജനവിധിയാണ് തുടര്‍വിജയമെന്ന് ലോക് താന്ത്രിക് ജനതാദള്‍ നേതൃയോഗം അഭിപ്രായപ്പെട്ടു. ഐക്യജനാധിപത്യമുന്നണിയേക്കാള്‍ ആറു ശതമാനം വോട്ടും ആറുലക്ഷം അധികം വോട്ടും നേടിയ ചരിത്ര വിജയത്തിന് കാരണം എല്ലാ വിഭാഗം ജനങ്ങള്‍ക്കും സര്‍ക്കാരിലുള്ള ഉറച്ച വിശ്വാസമാണ്. പുതിയ രാഷ്ട്രീയപാര്‍ട്ടികള്‍ മുന്നണിയില്‍ വന്നത് എല്‍.ഡി.എഫിന്റെ ജനകീയ അടിത്തറ വികസിപ്പിച്ചുവെന്നും യോഗം വിലയിരുത്തി. 

പൗരത്വ നിയമത്തിനെതിരെ സ്വീകരിച്ച നിലപാടും ദേശീയപൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ല എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യപനവും മതേതര ചിന്താഗതിക്കാരെ എല്‍.ഡി.എഫിലേക്ക് ആകര്‍ഷിച്ചു. ഒരേസമയം കാരുണ്യപ്രവര്‍ത്തനവും മൂലധനനിക്ഷേപവും സമര്‍ത്ഥമായി നടത്തിയതിനാല്‍ കേരളം ഒരു ക്ഷേമ സംസ്ഥാനമായി വികസിച്ചു. ഈ വിജയത്തിനായി പ്രവര്‍ത്തിച്ച എല്‍.ജെ.ഡിയുടെ എല്ലാ ഘടകങ്ങളെയും യോഗം അഭിവാദ്യം  ചെയ്തു.  

യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാര്‍ എം.പി അധ്യക്ഷത വഹിച്ചു. പുതിയ മന്ത്രിസഭ രൂപവത്കരണത്തില്‍ എല്‍.ജെ.ഡിക്ക് പ്രാതിനിധ്യം വേണമെന്ന് യോഗം ആവശ്യപ്പെട്ടു. എല്‍.ഡി.എഫുമായി നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഇക്കാര്യം ഉന്നയിക്കും. എം.പി. വീരേന്ദ്രകുമാറിന്റെ ഒന്നാം ചരമവാര്‍ഷികം മെയ് 28 മുതല്‍ ഒരു മാസക്കാലം ആചരിക്കാനും യോഗം തീരുമാനിച്ചു. എല്ലാ ജില്ലാ കമ്മറ്റികളുടേയും ആഭിമുഖ്യത്തില്‍ അന്നു രാവിലെ അനുസ്മരണസമ്മേളനവും വൈകുന്നേരം സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ ദേശീയ സെമിനാറും ചേരുന്നതാണ്. സോഷ്യലിസ്റ്റ് പഠനഗവേഷണത്തിനായി ഒരു ഫൗണ്ടേഷന്‍ രൂപീകരിക്കാനും യോഗം തീരുമാനിച്ചു. പ്രകൃതിസംരക്ഷണ-വനവത്കരണ പരിപാടികള്‍, രക്തദാന ക്യാമ്പുകള്‍, ജീവകാരുണ്യ  പരിപാടികള്‍, പുസ്തകങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നിവ സംഘടിപ്പിക്കും.  

യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വറുഗീസ് ജോര്‍ജ്, സംസ്ഥാനനേതാക്കളായ കെ.പി. മോഹനന്‍, ഷേക്ക് പി. ഹാരിസ്, ചാരുപാറ രവി, വി. സുരേന്ദ്രന്‍ പിള്ള, എം.കെ. പ്രേംനാഥ്, ഇ.പി. ദാമോദരന്‍, കെ. ശങ്കരന്‍, എം.കെ. ഭാസ്‌കരന്‍, വി. കുഞ്ഞാലി, അങ്കത്തില്‍ അജയകുമാര്‍, രാജേഷ് പ്രേം,  എന്‍.കെ. വല്‍സന്‍, വി.കെ. കുഞ്ഞിരാമന്‍, കെ.ജെ. സോഹന്‍, സണ്ണി തോമസ്, ആനി സ്വീറ്റി, പ്രൊഫ. എ.കെ. ശങ്കരന്‍, കെ.പി. ചന്ദ്രന്‍, ജില്ലാ പ്രസിഡന്റുമാരായ ടി.വി. ബാലകൃഷ്ണന്‍, മനയത്ത് ചന്ദ്രന്‍, കെ.കെ. ഹംസ, സബാഹ് പുല്‍പറ്റ,  യൂജിന്‍ മൊറേലി, ജോസഫ് ചാവറ, ജോ എണ്ണക്കാട്, കണ്ടല്ലൂര്‍ ശങ്കരനാരായണന്‍, സോമശേഖരന്‍ നായര്‍, കായിക്കര നജീബ്, എന്‍.എം. നായര്‍ എന്നിവര്‍ സംസാരിച്ചു.  

content highlights: ljd leader's meeting on ldf's historic victory