പൂമല ലിറ്റിൽ ഫ്‌ളവർ പള്ളി
തൃശൂര്‍: പള്ളി നിര്‍മാണത്തിലെ കണക്ക് സംബന്ധിച്ച് ആരോപണം ഉന്നയിച്ചതിന് പിന്നാലെ വികാരിയും വിശ്വാസികളും തമ്മിലുള്ള തര്‍ക്കം മൂത്ത് ഇടവകയിലെ വിശ്വാസികളെല്ലാം മരിച്ചതായി കണക്കാക്കി വികാരി കൂട്ട 'മരണ കുര്‍ബാന' നടത്തി. തൃശൂര്‍ പൂമല ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയിലാണ് സംഭവം. വികാരിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ഇടവകയിലെ വിശ്വാസികളില്‍ ചിലര്‍ പള്ളിക്ക് മുന്നില്‍ തങ്ങളുടെ ഏഴാം ചരമദിന ചടങ്ങുകളും നടത്തി.
കോടികള്‍ മുടക്കി ഇവിടെ പുതിയ പള്ളി നിര്‍മിച്ചിരുന്നു. ഇതിന്റെ കണക്ക് സംബന്ധിച്ച് തര്‍ക്കത്തിനൊടുവിലാണ് ഇതെല്ലാം അരങ്ങേറിയത്.
വികാരി ഫാ.ജോയസണ്‍ കോരോത്താണ് പള്ളി നിര്‍മാണത്തിന് നേതൃത്വം നല്‍കിയിരുന്നത്. അഞ്ചര കോടിയോളം രൂപ ഇതിനായി വിശ്വാസികളില്‍ നിന്ന് പിരിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. പള്ളി നിര്‍മാണത്തിന് ശേഷം കണക്ക് അവതരിപ്പിക്കാന്‍ വികാരി കൂട്ടാക്കാത്തതാണ് തര്‍ക്കങ്ങളുടെ തുടക്കം. ഭാരവാഹികളുടേയും വിശ്വാസികളുടേയും നിരന്തര ആവശ്യങ്ങളെ തുടര്‍ന്ന് രൂപതയില്‍ നിന്ന് കണക്ക് അവതരിപ്പിക്കാന്‍ നിര്‍ദേശം ലഭിച്ചു. തുടര്‍ന്ന് ഏഴ് മാസത്തിന് ശേഷം കണക്ക് അവതരിപ്പിച്ചു. കണക്കിനെ ചൊല്ലി പ്രതിഷേധമുയര്‍ന്നു. ഇതിനിടെ പൂമല ചെറുപുഷ്പ ദേവാല സംരക്ഷണ സമിതി എന്ന പേരില്‍ വികാരിക്കെതിരെ ഒരു വിഭാഗം വിശ്വാസികള്‍ സംഘടിക്കുകയും ചെയ്തിരുന്നു.
.jpg?$p=0c27917&&q=0.8)
പഴയ പള്ളി പൊളിച്ചപ്പോള്‍ ഉണ്ടായിരുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന മര ഉരുപ്പടികള്‍ എവിടെ, പള്ളിയുടെ വസ്തുക്കള്‍ പതിവായി മോഷണം പോയിട്ടും എന്തുകൊണ്ട് പള്ളിയില്‍ സിസിടിവി വെക്കുന്നില്ല തുടങ്ങിയ ആരോപണങ്ങള്‍ വികാരിക്ക് നേരെ ഉന്നയിച്ച് സംരക്ഷണ സമിതി ബോര്‍ഡുകള്‍ സ്ഥാപിച്ചു. പള്ളി സംബന്ധമായ പണമിടപാട് വികാരി നേരിട്ട് നടത്തരുതെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ തനിക്കെതിരെ ഫ്‌ളക്‌സുകള്‍ പൊന്തിയതോടെയാണ് ഫാ.ജോയസണ്‍ കോരോത്ത് കഴിഞ്ഞ ഞായറാഴ്ച കൂട്ടമരണ കുര്‍ബാന നടത്തിയത്. തനിക്കെതിരെ ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും ഫ്‌ളക്‌സുകള്‍ പൊന്തിയിട്ടും ഇടവകയിലെ ഒരാളും പ്രതികരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി, ഈ ഇടവകക്കാരെല്ലാം മരിച്ചു എന്ന് പറഞ്ഞായിരുന്നു മരണ കുര്‍ബാന നടത്തിയത്.
'ഞാനിവിടെ വന്ന് ഏഴ് വര്‍ഷം കഴിഞ്ഞ് പള്ളി പണിയും കഴിഞ്ഞപ്പോഴാണ് ആരോപണങ്ങളും ദുരാരോപണങ്ങളും വന്നുകൊണ്ടിരിക്കുന്നത്. ഇന്നുവരെ ഒരു ആരോപണവും തെളിയിക്കപ്പെട്ടിട്ടില്ല. കോടികളുടെ ആരോപണങ്ങള്‍ ഉന്നയിച്ചു അച്ചനെതിരെ. നിങ്ങളാരെങ്കിലും പ്രതികരിച്ചോ, ആരും പ്രതികരിക്കുന്നില്ല. ഇവിടെ എനിക്കെതിരെ ഫ്‌ളക്‌സ് വെച്ചിട്ടുണ്ട്. ആര്‍ക്കെങ്കിലും എന്തെങ്കിലും കുഴപ്പമുണ്ടോ..ഈ ഇടവകയില്‍ എന്ത് തോന്നിവാസവും കാണിക്കാമെന്നതിലൂടെ വ്യക്തമാകുന്നത് ഈ ഇടവകക്കാര്‍ എല്ലാം മരിച്ചവരാണ്, പ്രതികരണ ശേഷി ഇല്ലാത്ത മരിച്ചവര്‍' മരണ കുര്‍ബാന നടത്തുന്നതിന് മുമ്പായി വികാരി പറഞ്ഞു. ഇത്തരത്തില്‍ രണ്ട് കൂട്ട മരണ കുര്‍ബാന വികാരി പെന്തക്കുസ്താ നാളായ കഴിഞ്ഞ ഞായറാഴ്ച നടത്തിയെന്നാണ് ആരോപണം.
ജീവിച്ചിരിക്കുന്ന ഇടവകക്കാര്‍ക്ക് കൂട്ടമരണക്കുര്‍ബാന ചൊല്ലിയതോടെ പ്രശ്‌നം രൂക്ഷമായി. അതോടെ വികാരിക്ക് അനുകൂലമായി നിന്ന വിശ്വാസികള്‍പോലും എതിര്‍ചേരിയിലെത്തി.
പ്രതിഷേധമെന്നോണം ഇന്ന് പള്ളി പരിസരത്ത് ഇടവകയിലെ ഒരു വിഭാഗം വിശ്വാസികള്‍ പ്രതീകാത്മകമായി തങ്ങളുടെ ഏഴാംചരമദിന ചടങ്ങുകള്‍ നടത്തുകയും ചെയ്തു. ഇവടവകക്കാര്‍ കൂട്ട മരണ കുര്‍ബാന ചൊല്ലിയ വികാരിക്ക് അഭിനന്ദനങ്ങള്‍ എന്ന ഫള്ക്‌സ് സ്ഥാപിക്കുകയും ചെയ്തു. താടികള്‍ കെട്ടിയും കറുത്ത കൈയുറകള്‍ ധരിച്ചുമായിരുന്നു പ്രതിഷേധം.

ഫ്‌ളക്‌സുകള്‍ക്കെതിരെയും തന്നെ കൈയേറ്റം ചെയ്യാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി വികാരി പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
തര്‍ക്കങ്ങള്‍ക്കിടെ ഇടവകയിലെ ചിലര്‍ വികാരിയുടെ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മോട്ടോര്‍ വാഹന വകുപ്പിന് അയച്ചു നല്‍കി, നമ്പര്‍ പ്ലേറ്റില്‍ തോക്കിന്റെ ചിത്രം വെച്ചതിന് മോട്ടോര്‍ വാഹന വകുപ്പ് 3000 രൂപ വികാരിക്ക് പിഴയിടുകയും ചെയ്തു.
പള്ളി പണി നടത്തിയതിന് ശേഷം വികാരി മൂന്ന് തവണ കാര്‍ മാറ്റി വാങ്ങിയിട്ടുണ്ടെന്നും ദേവാലയ സംക്ഷണ സമിതി ആരോപണം ഉന്നയിക്കുന്നുണ്ട്.
Content Highlights: little flower church poomala-Controversies
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..