ലിതാര | Photo: Special Arrangement/Mathrubhumi
കോഴിക്കോട്: ബിഹാറിലെ പട്‌നയിലുള്ള ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ബാസ്‌കറ്റ്‌ബോള്‍ താരം ലിതാരയുടെ വീട്ടില്‍ ജപ്തി നോട്ടീസ് പതിച്ചിട്ട് ഒരുമാസം. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ആശുപത്രിയില്‍ നിന്ന് മരണ സര്‍ട്ടിഫിക്കറ്റ് ഇതുവരെ ലഭിച്ചിട്ടില്ലാത്തതിനാല്‍ സര്‍ക്കാര്‍ സഹായം പോലും ഈ കുടുംബത്തിന് ലഭിച്ചിട്ടുമില്ല. വീട് പണിക്കായി മകള്‍ എടുത്ത 16ലക്ഷം രൂപയുടെ ബാങ്ക് വായ്പ തീര്‍ക്കാന്‍ ഇനി എന്തുചെയ്യണം എന്നറിയാതെ കഴിയുകയാണ് കാന്‍സര്‍ രോഗിയായ ലിതാരയുടെ അമ്മ ലളിതയും അച്ഛന്‍ കരുണനും.
2022 ഏപ്രില്‍ 26നാണ് ലിതാരയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത് പട്‌നയിലെ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. ശ്വാസം മുട്ടിയാണ് മരിച്ചതെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് ആശുപത്രിയില്‍നിന്ന് ലഭിച്ചത്. തുടര്‍ന്ന് മരണ സര്‍ട്ടിഫിക്കറ്റിനായി പലതവണ ആശുപത്രിയെ സമീപിച്ചെങ്കിലും കിട്ടിയില്ലെന്നും മകളുടെ മരണത്തിന് കാരണക്കാരനായ കോച്ച് രവി സിങ് അയാളുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് മരണ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെക്കുകയാണെന്നും ലിതാരയുടെ അമ്മ ലളിത ആരോപിച്ചു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ സഹായത്തിന് അപേക്ഷിക്കാന്‍ പോലും ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല.
രണ്ട് വര്‍ഷം മുമ്പാണ് വീടുപണിക്കായി ലിതാര വായ്പ എടുത്തത്. മരിക്കുന്നതുവരെ കൃത്യമായി ലിതാര തിരിച്ചടവ് നടത്തിയിരുന്നു. എന്നാല്‍ മകളുടെ മരണത്തോടെ തിരിച്ചടവ് മുടങ്ങി. രണ്ട് തവണ ബാങ്കില്‍ നിന്ന് നേരിട്ടെത്തി തുക തിരിച്ചടക്കണമെന്ന് അറിയിച്ചു. ഇതിന് കഴിയാതിരുന്നതോടെ ഒരു മാസം മുമ്പ് ജപ്തി നോട്ടീസും പതിച്ചു. മരണ സര്‍ട്ടിഫിക്കറ്റ് കിട്ടാനും മകളുടെ മരണത്തിലെ ദുരൂഹത നീങ്ങി കിട്ടാനും ഇനി ആരെ സമീപിക്കണമെന്ന് അറിയില്ലെന്നും ലിതാരയുടെ അമ്മ പറയുന്നു.
ലിതാര മരിച്ച ശേഷമാണ് കോച്ച് രവി സിങുമായി ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ അറിയുന്നത്. കേസ് അന്വേഷണത്തിനായി പട്‌നയില്‍നിന്ന് എത്തിയ സംഘത്തോട് മകളുടെ ഡയറിയും രണ്ട് ജോഡി സ്വര്‍ണക്കമ്മലും കാണാതായ കാര്യം അറിയിച്ചിരുന്നു, പതിവായി ഡയറി എഴുതുന്ന ലിതാരയുടെ ഡയറിക്കുറിപ്പുകള്‍ അന്വേഷണത്തിന് സഹായകരം ആവുമെന്നിരിക്കെ ഇത് കണ്ടെത്താന്‍ പോലീസ് ശ്രമിക്കുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
പോലീസ് കാണിച്ച ദൃശ്യങ്ങളില്‍ മകളുടെ മുറിയില്‍ എല്ലാ സാധനങ്ങളും വലിച്ചിട്ട നിലയിലാണ് ഉള്ളത്. ഇതിലും ദുരൂഹതയുണ്ട്. ബന്ധുക്കള്‍ എത്തും മുമ്പ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യരുത് എന്ന് പറഞ്ഞിട്ടും പോസ്റ്റ്‌മോര്‍ട്ടം ധൃതിപ്പെട്ട് നടത്തിയതിലും നേരത്തെ തന്നെ പരാതി നല്‍കിയിട്ടും ഇതുവരെ അന്വേഷണം നടന്നിട്ടില്ല. ഇതിനിടെ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് ഉത്തരേന്ത്യക്കാര്‍ വീട്ടിലെത്തി ഭീഷണിയും മുഴക്കി. ലിതാര മരിക്കുന്നതിന്റെ തലേദിവസം പോലും കോച്ച് രവി സിങുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇയാളെ ഇതുവരെ ചോദ്യം ചെയ്യാന്‍ പോലും അന്വേഷണ സംഘം തയ്യാറായിട്ടില്ലെന്നും ലിതാരയുടെ അമ്മ ലളിത പറയുന്നു. മകളുടെ മരണ സര്‍ട്ടിഫിക്കറ്റിനും അന്വേഷണം കാര്യക്ഷമമാക്കാനും പലതവണയായി അപേക്ഷകള്‍ നല്‍കിയെങ്കിലും ഇതുവരെ അനുകൂല നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നാണ് അമ്മ ലിതാര പറയുന്നത്.
Content Highlights: Lithara's death bihar patna basketball
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..