ന്യൂഡല്‍ഹി: ഡി.സി.സി. അധ്യക്ഷ നിയമത്തില്‍ മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് ശ്രമം. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുമായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തി. അന്തിമ പട്ടിക സംബന്ധിച്ച് നേതാക്കളോട് അഭിപ്രായമാരാഞ്ഞു.

ഡി.സി.സി. അധ്യക്ഷന്മാരുടെ അന്തിമ പട്ടിക സംബന്ധിച്ച് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വന്‍ പ്രതിഷേധത്തിലായിരുന്നു. തങ്ങളോട് ആലോചിക്കാതെയാണ് അന്തിമ പട്ടിക കൈമാറിയതെന്ന് നേരത്തെ തന്നെ ഇരുവരും ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് അന്തിമ പട്ടിക പ്രഖ്യാപിക്കുന്നതിനു മുമ്പ് ഇരുവരുടെയും അഭിപ്രായം ഹൈക്കമാന്‍ഡ് തേടിയത്.

ശനിയാഴ്ച  വൈകിട്ടോടു കൂടി ഡി.സി.സി. അധ്യക്ഷന്മാരുടെ പട്ടിക പുറത്തുവരുമെന്നാണ് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഓഫീസില്‍ നിന്നു നല്‍കുന്ന സൂചന. നേരത്തെ സമര്‍പ്പിച്ച അന്തിമ പട്ടികയില്‍ വലിയ മാറ്റങ്ങളൊന്നുമുണ്ടാകില്ലെന്നാണ് വിവരം. ദളിത്, വനിതാ പ്രാതിനിധ്യം ഇല്ലാത്ത കാര്യത്തിൽ ഹൈക്കമാന്‍ഡിന് അതൃപ്തി ഉണ്ടെങ്കിലും നേരത്തെ നല്‍കിയ അന്തിമ പട്ടികയില്‍ വലിയ മാറ്റങ്ങളുണ്ടാകില്ലെന്നാണ് സൂചന.

Content highlights: list of dcc presidents may release today highcommand discussed with senior leaders