ന്യൂഡല്‍ഹി: തീരദേശ നിയമം ലംഘിച്ച് പണിത കെട്ടിടങ്ങളുടെ പട്ടിക കൈമാറാത്തത് ചൂണ്ടിക്കാട്ടി സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ മേജര്‍ രവി സിവില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു. തീരദേശ നിയമം ലംഘിച്ച് സംസ്ഥാനത്ത് പണിത അനധികൃത കെട്ടിടങ്ങളുടെ പട്ടിക കൈമാറാന്‍ ടോം ജോസിനോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയില്ല എന്ന് ആരോപിച്ചാണ് മേജര്‍ രവി സുപ്രീം കോടതിയില്‍ സിവില്‍ കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന് രവിയുടെ അഭിഭാഷകര്‍ ഇന്നലെ ചീഫ് ജസ്റ്റിസ് ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് സുപ്രീം കോടതി രജിസ്ട്രി മേജര്‍ രവിയുടെ ഹര്‍ജി വെള്ളിയാഴ്ച ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തു. മരട് ഫ്‌ളാറ്റ് പൊളിക്കല്‍ ഉത്തരവ് നടപ്പിലാക്കിയതിന്റെ പുരോഗതിയും  നാളെ സുപ്രീം കോടതി വിലയിരുത്തുന്നുണ്ട്. മരടില്‍ സുപ്രീം കോടതി പൊളിക്കാന്‍ നിര്‍ദേശിച്ച അപ്പാര്‍ട്‌മെന്റുകളില്‍ ഒന്നിലെ ഫ്‌ളാറ്റ് ഉടമയാണ് മേജര്‍ രവി.

അതിനിടെ, മരട് ഫ്‌ളാറ്റ് വിവാദത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ്,  തീരദേശ പരിപാലന അതോറിറ്റി മുന്‍ മെമ്പര്‍ സെക്രട്ടറി വീണ മാധവന്‍ എന്നിവര്‍ ഉള്‍പ്പടെ ഒന്‍പത് പേര്‍ക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടിക്ക് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അനുമതി നിഷേധിച്ചു. ഹോളി ഫെയിത്ത് ഫ്‌ളാറ്റിന്റെ നിര്‍മ്മാതാവ് സനി ഫ്രാന്‍സിസിന്റെ മകള്‍ കാര്‍ത്തിക മറിയ ആണ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ കോടതിയലക്ഷ്യ നടപടിക്കായി അറ്റോര്‍ണി ജനറലിനെ സമീപിച്ചത്. എന്നാല്‍ മരട് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിയമോപദേശം നല്‍കിയ സാഹചര്യത്തില്‍ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ തീരുമാനം എടുക്കുന്നതിനായി സോളിസിറ്റര്‍ ജനറലിന് അപേക്ഷ കൈമാറി.

പരാതി വിശദമായി പരിശോധിച്ച ശേഷമാണ്  ക്രിമിനല്‍ കോടതിയലക്ഷ്യം നിലനില്‍ക്കില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കിയത്. ടോം ജോസ് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ മറച്ചുവയ്ക്കുകയും, കോടതിയെ തെറ്റിധരിപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ പരാതിക്കാരിക്ക്  മറ്റ് നിയമ നടപടികള്‍ സ്വീകരിക്കാമെന്ന് തുഷാര്‍ മേത്ത വ്യക്തമാക്കി. അനുമതി നിഷേധിച്ചുകൊണ്ട് കാര്‍ത്തിക മറിയ്ക്ക് കൈമാറിയ കത്തിലാണ് സോളിസിറ്റര്‍ ജനറല്‍ ഇക്കാര്യം വിശദീകരിച്ചിട്ടുള്ളത്.

മരട് ഫ്‌ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത രണ്ട് സത്യവാങ് മൂലങ്ങളില്‍ നിന്ന് സുപ്രധാന വസ്തുതകള്‍ മറച്ചുവച്ചതിനാണ് ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടികള്‍ക്ക് അനുമതി തേടിയിരുന്നത്. 1996 ല്‍ തീരദേശ പരിപാലന അതോറിറ്റി അംഗീകരിച്ച പ്ലാനില്‍ മരടിനെ സിആര്‍ സഡ് 1 എന്നോ 2 എന്നോ വ്യക്തമാക്കിയിരുന്നില്ല. അതുപോലെ മരട് മുന്‍സിപ്പാലിറ്റി സി ആര്‍ സഡ് 2 ല്‍ ആണെന്ന് 2019 ല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്ത് ഇറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ കോടതിയില്‍ നിന്ന് മറച്ചുവച്ചു എന്നാണ് പരാതി.

ചീഫ് സെക്രട്ടറിക്ക് പുറമെ, കേരള തീരദേശ പരിപാലന അതോറിറ്റി മുന്‍ മെമ്പര്‍ സെക്രട്ടറി വീണ മാധവന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ഗോപാലകൃഷ്ണ ഭട്ട്, മരട് മുന്‍സിപ്പാലിറ്റി മുന്‍ സെക്രട്ടറി പി.കെ സുഭാഷ് തുടങ്ങി ഒന്‍പത് പേര്‍ക്കെതിരെയാണ് കോടതി അലക്ഷ്യ നടപടികള്‍ക്ക് അനുമതി തേടിയിരുന്നത്.

കോടതിയലക്ഷ്യ നടപടികളില്‍ തീരുമാനം വൈകിപ്പിക്കുന്നു എന്നാരോപിച്ച് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിനെതിരെ മരട് ഫ്‌ളാറ്റ് ഉടമകള്‍ സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ്, എറണാകുളം മുന്‍ കലക്ടര്‍ മുഹമ്മദ് സഫറുള്ള തുടങ്ങി എട്ടു പേര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ക്ക് അറ്റോര്‍ണി ജനറല്‍ അനുമതി വൈകിപ്പിക്കുന്നു എന്നാണ് റിട്ട് ഹര്‍ജിയിലെ ആരോപണം. കോടതിയലക്ഷ്യ നിയമത്തിലെ 15-ാം വകുപ്പ് പ്രകാരം അനുമതി നല്‍കാന്‍ അറ്റോര്‍ണി ജനറലിന് ബാധ്യതയുണ്ടെന്ന് ഫ്‌ളാറ്റ് ഉടമകള്‍ റിട്ട് ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.

Content Highlights: List of buildings violating CRZ rules: Major Ravi files contempt petition against Tom Jose