കെ. മധു, പ്രകാശൻ പുതിയേട്ടി
കണ്ണൂര്‍: കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി ഉള്‍പ്പെടുന്ന ലയണ്‍സ് ക്ലബ്ബുകളുടെ കൂട്ടായ്മയായ ലയണ്‍സ് ഡിസ്ട്രിക്ട് 308 ഇ-യുടെ ഈ വര്‍ഷത്തെ മികച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പുരസ്കാരം പ്രഖ്യാപിച്ചു. പത്രമാധ്യമ വിഭാഗത്തില്‍ മാതൃഭൂമി ന്യൂഡല്‍ഹി ബ്യൂറോ ചീഫ് കറസ്പോണ്ടന്റ് ഡോ. പ്രകാശന് പുതിയേട്ടിക്കും മലയാള മനോരമ കണ്ണൂര്‍ ചീഫ് റിപ്പോര്‍ട്ടര്‍ എ.സി.വി. രഞ്ജിത്തിനുമാണ് പുരസ്കാരം. ദൃശ്യമാധ്യമ വിഭാഗത്തില്‍ മാതൃഭൂമി ന്യൂസ് കോഴിക്കോട് റീജണല്‍ എഡിറ്റര്‍ കെ. മധുവും പുരസ്കാരത്തിന് അര്‍ഹനായി.
കേരളത്തിന് 65 വയസ് തികഞ്ഞിട്ടും ഔദ്യോഗിക ഭാഷ മലയാളമായില്ലെന്നും ഇതിനായി കേരള നിയമസഭ പാസാക്കി രാഷ്ട്രപതിക്ക് ഒപ്പിടാനയച്ച ബില്‍ വര്‍ഷങ്ങളായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ കെട്ടിക്കിടക്കുന്നു എന്നുമുള്ള എക്സ്ക്ലൂസീവ് വാര്‍ത്തയ്ക്കാണ് പ്രകാശന് പുതിയേട്ടിയെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. ഈ വാര്‍ത്ത മാതൃഭൂമിയുടെ ഇന്റേണല്‍ അവാര്‍ഡിനും അര്‍ഹമായിരുന്നു. കേരളത്തിലെ എം.പി.മാര്‍ പാര്‍ലമെന്റില്‍ ഈ വാര്‍ത്ത ചര്‍ച്ചയാക്കി. കേരളം നിയമസഭയിലും അംഗങ്ങള്‍ ഉന്നയിച്ചു. തുടര്‍ന്ന് ഇതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്. കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വ് നല്കിയ വാര്‍ത്തകളാണ് കെ.മധുവിന്റെ പുരസ്കാരത്തിന് പരിഗണിച്ചത്.
പതിനായിരം രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം ജൂണ്‍ 12-ന് കണ്ണൂര്‍ ബിനാലെ ഇന്റര്‍ നാഷണല്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ യോഹന്നാന് മറ്റത്തില്‍ വിതരണം ചെയ്യും. തുടര്‍ന്ന് നടക്കുന്ന മാധ്യമ സെമിനാറില്‍ എഴുത്തുകാരനും കവിയുമായ ഡോ. സോമന് കടലൂര്‍ വിശിഷ്ടാതിഥിയാകും.
പത്രസമ്മേളനത്തില്‍ യോഹന്നാന് മറ്റത്തില്‍, രാജേഷ് വൈഭവ്, സെനന്‍ ചെക്യാട്ട്, എം.വിനോദ് കുമാര്‍, അഡ്വ. വിനോദ് ഭട്ടതിരിപ്പാട് എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..