ആലുവ: കോവിഡ് പശ്ചാത്തലത്തില്‍ ആലുവ ശിവരാത്രി മണപ്പുറത്ത് വിപുലമായ ക്രമീകരണങ്ങള്‍. ഭക്തരുടെ എണ്ണം കാര്യമായി നിയന്ത്രിച്ചിട്ടുണ്ട്. ചരിത്രത്തിലാദ്യമായി ഓണ്‍ലൈന്‍ ക്യൂ വഴിയാണ് ഇക്കുറി മണപ്പുറത്തേക്ക് ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുന്നതെങ്കിലും സുരക്ഷാ പരിശോധനകള്‍ക്ക് വിട്ടുവീഴ്ചയില്ല. അഞ്ച് ക്ലസ്റ്ററുകളായി അന്‍പതോളം ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്. 

ശിവരാത്രി പിറ്റേന്നായ വെള്ളിയാഴ്ച 12-ന് പുലര്‍ച്ചെ നാലു മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് ബലിതര്‍പ്പണത്തിന് അനുമതി. തോട്ടയ്ക്കാട്ടുകര വഴിയും പെരിയാറിന് കുറുകെയുള്ള ശിവരാത്രി നടപ്പാലം വഴിയും ആണ് ക്യൂ സംവിധാനം ഉള്ളത്. ബലിയിടാനല്ലാതെ ആര്‍ക്കും മണപ്പുറത്തേക്ക് പ്രവേശിക്കാന്‍ അനുവാദമില്ല. 

ഒരേ സമയം 200 പേരടങ്ങുന്ന അഞ്ച് ഗ്രൂപ്പുകള്‍ക്കായിരിക്കും പ്രവേശനം. വിശാലമായ മണപ്പുറത്ത് അഞ്ച് ഗ്രൂപ്പുകളിലായി ആയിരം പേര്‍ ഒരേ സമയം ഉണ്ടാകും. ഇതിനായി അകലം പാലിച്ച് ബലിത്തറകള്‍ ഒരുങ്ങി. എന്നാല്‍, ഇതറിയാതെ ബുധനാഴ്ച നിരവധി ആളുകള്‍ നേരിട്ട് പേര് രജിസ്റ്റര്‍ ചെയ്യാന്‍ മണപ്പുറത്ത് എത്തിയിരുന്നു. 

ആളുകള്‍ മാസ്‌ക് ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. അതോടൊപ്പം ബലി ദര്‍പ്പണത്തിന് ശേഷം പുഴയില്‍ ഇറങ്ങുന്നതിനും അനുവാദമില്ല. പുഴയില്‍ ഇറങ്ങരുതെന്ന് ക്ഷേത്രം ഭരണ സമതിയും പോലീസും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

കെ.എസ്.ആര്‍.ടി.സി. ബസുകളുടെ സേവനം വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്ക് ആരംഭിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഭക്തരെ നിയന്ത്രിക്കുന്നതിനെക്കുറിച്ച് പോലീസിനും ദേവസ്വം ബോര്‍ഡിനും ആശങ്കയുണ്ട്.

Content Highlights: Limited people to get opportunity to perform ‘bali tharpanam’ at Aluva