തൃശ്ശൂർ: ഡിജിറ്റല്‍ പെയിന്റിങ് മേഖലയലയില്‍ ശ്രദ്ധേയനാവുകയാണ് തൃശ്ശൂര്‍ സ്വദേശിയായ ലിജോ. ചിത്രകാരനായി അറിയപ്പെടാന്‍ ആഗ്രഹിച്ചിരുന്ന ലിജോ യാദൃച്ഛികമായാണ് ഡിജിറ്റല്‍ പെയിന്റിങ്ങിലേക്ക് എത്തിയത്. 

ചെറുപ്പം മുതല്‍ ചിത്രംവരയോടും സാങ്കേതിക വിദ്യകളോടും താത്പര്യമുണ്ടായിരുന്നതുകൊണ്ട് ബിഎഎസ്‌സി മള്‍ട്ടി മീഡിയ എടുത്തു. ഇതിലൂടെ ഗ്രാഫിക്‌സും പെയിന്റിങ്ങും കൂടുതല്‍ ഗൗരവത്തോടെ പഠിക്കാന്‍ തുടങ്ങി.

കോവിഡ് വ്യാപനവും ലോക്ഡൗണും വന്നതോടെയാണ് പെയിന്റിങ്ങിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇപ്പോള്‍ തന്റെ പെയിന്റിങ്ങുകൾ സിനിമാ താരങ്ങൾ അടക്കമുള്ളവർ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നതിന്റെ സന്തോഷത്തിലാണ് ലിജോ. 

ഇന്‍സ്റ്റഗ്രാം പേജ് വഴിയാണ് ലിജോ പെയിന്റിങ്ങുകൾ പങ്കുവെക്കുന്നത്. സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു വിനയ് ഷെയര്‍ ചെയ്തതോടെയാണ് താരങ്ങളെ വെച്ച് ഡിജിറ്റല്‍ പെയിന്റിങ് ചെയ്തുതുടങ്ങിയത്. ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുള്ള താരങ്ങൾ പെയിന്റിങ്ങുകൾ ഷെയർ ചെയ്തതിന്റെ സന്തോഷത്തിലാണ് ലിജോ.

ഏറ്റവും നല്ല പെയിന്റിങ് വിജയ് ബാബുവിന്റേതായിരുന്നു. അദ്ദേഹം പെയിന്റിംഗ് കണ്ട് ഇഷ്ടപ്പെട്ട് അഭിനന്ദിച്ചതോടെ ഇനി ഈ മേഖലയെ ഗൗരവത്തോടെ സമീപിക്കാനാണ് ലിജോയുടെ തീരുമാനം.

മൂന്നുമുതല്‍ നാല് മണിക്കൂര്‍ വരെ സമയമെടുത്താണ് ഒരു ഫോട്ടോ ഡിജിറ്റല്‍ പെയിന്റാക്കി മാറ്റുന്നത്. ഈ മേഖലയിൽ കൂടുതല്‍ നിക്ഷേപം നടത്തി സെലിബ്രിറ്റി മേഖലകളിലേക്കും മറ്റും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ലിജോയുടെ ഭാവി പദ്ധതികള്‍. ആവശ്യക്കാര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന ചിത്രങ്ങള്‍ ഡിജിറ്റലാക്കി മാറ്റി നല്‍കുമെന്നും ലിജോ പറയുന്നു.

Content Highlights: Lijo's digital painting hit