കൊല്ലം: കോവിഡ് പ്രതിസന്ധിയെ തുടർന്ന് കുണ്ടറയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു. കൈതക്കോട് കല്ലു സൗണ്ട് ഉടമ സുമേഷ് ആണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കോവിഡ് ലോക്ക്ഡൗണിനെ തുടർന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്കിടയാക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ ആത്മഹത്യ ചെയ്തവരുടെ എണ്ണം ഇതോടെ ഏഴായി. 

കഴിഞ്ഞ ലോക്ക്ഡൗണിന് മുമ്പ് ഭാര്യയുടെയും തന്റെയും പേരിലുള്ള വസ്തുവകകൾ പണയപ്പെടുത്തി രണ്ട് ബാങ്കുകളിൽ നിന്ന് വായ്പയെടുത്താണ് സുമേഷ് കല്ലു സൗണ്ട്‌സ് എന്ന പേരിൽ സ്വന്തമായി സ്ഥാപനം തുടങ്ങിയത്. എന്നാൽ ലോക്ക്ഡൗണിനെ തുടർന്ന് പൊതുപരിപാടികൾ നിലച്ചതോടെ ജോലി കുറഞ്ഞു. ഒടുവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സ്ഥാപനം അടച്ചുപൂട്ടേണ്ടിവന്നതോടെ സുമേഷ് കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. സമീപവാസികളിൽനിന്ന് കടംവാങ്ങിയ പണവും തിരിച്ചുകൊടുക്കാൻ കഴിയാതെ വന്നത് സാഹചര്യം കൂടുതൽ വഷളാക്കി.  

ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ നേരത്തെ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും ആവശ്യമായ നടപടി ഉണ്ടായില്ലെന്ന് കുണ്ടറ എം.എൽ.എ പി.സി വിഷ്ണുനാഥ് ആരോപിച്ചു. ഓണത്തോടനുബന്ധിച്ച് കൊമേഴ്‌സ്യൽ അനൗൺസ്‌മെന്റിന് അനുമതി നൽകണമെന്ന തൊഴിലാളികളുടെ ന്യായമായ ആവശ്യം പോലും സർക്കാർ പരിഗണിച്ചില്ലെന്നും കോവിഡിനെ ചെറുക്കാൻ പ്രായോഗികമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം മാതൃഭൂമിയോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: Light and Sound owner commit suicide due to debt