Prayar Gopalakrishnan | Photo: Mathrubhumi
രതീഷ് രവി
കൊല്ലം: കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ സൗമ്യമുഖമായിരുന്നു അന്തരിച്ച പ്രയാര്‍ ഗോപാലകൃഷ്ണന്. കോണ്‍ഗ്രസില്‍ എന്നും എ.കെ.ആന്റണിക്കൊപ്പം നിലയുറപ്പിച്ച അദ്ദേഹം ഗ്രൂപ്പ് അതിപ്രസരത്തില്‍ പലപ്പോഴും തഴയപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കുണ്ടറ അടക്കമുള്ള പല മണ്ഡലങ്ങളിലും അദ്ദേഹത്തിന്റെ പേര് പരിഗണനയില്‍വന്നെങ്കിലും 2001-ലാണ് അദ്ദേഹം ആദ്യമായി അങ്കംകുറിക്കുന്നത്. ചടയമംഗലത്ത് സി.പി.ഐ. സിറ്റിങ് സീറ്റില്‍നിന്ന് നിയമസഭയിലെത്തി. 2006-ല്‍ പക്ഷേ, പരാജയപ്പെട്ടു.
അടിയന്തരാവസ്ഥക്കാലത്ത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായിരുന്ന പ്രയാര്‍, അന്ന് കോണ്‍ഗ്രസ്സിലെ പ്രബലനായിരുന്നു. ഡി.സി.സി. പ്രസിഡന്റിന് ഒപ്പമോ അതിനു മുകളിലോ ആയിരുന്നു അക്കാലത്ത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്. അന്ന് ജില്ലാ ആസ്ഥാനത്ത് താമസിച്ചാണ് പ്രയാര്‍ പ്രവര്‍ത്തിച്ചതെന്ന് മുന്‍ എം.എല്‍.എ.യും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയുമായ പ്രതാപവര്‍മ തമ്പാന് ഓര്‍ക്കുന്നു. പിന്നീട് ഡി.സി.സി. സെക്രട്ടറിയായി. അതിനുശേഷം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് പേര് ഉയര്‍ന്നുവന്നെങ്കിലും ഗ്രൂപ്പ് അതിപ്രസരത്തില്‍ വെട്ടിപ്പോയി.
1992 ല്‍ എ-ഐ ഗ്രൂപ്പുകള്‍ നേര്‍ക്കുനേര്‍ മത്സരിച്ച സംഘടന തിരഞ്ഞെടുപ്പില്‍ ആന്റണി ഗ്രൂപ്പിന്റെ ഡി.സി.സി. പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്നു പ്രയാര്‍. ഐ ഗ്രൂപ്പ് പ്രതിനിധി കെ.സി.രാജനാണ് അന്ന് തിരഞ്ഞെടുക്കപ്പെട്ടത്.അതുകഴിഞ്ഞാണ് ക്ഷീരമേഖലയെ അദ്ദേഹം കര്മമണ്ഡലമാക്കിയത്. പശുവളര്‍ത്തലും പാല്വില്പ്പനയുമായിരുന്നു അച്ഛന് ആര്.കൃഷ്ണന് നായരുടെ പ്രധാന തൊഴില്‍. പഠനകാലത്ത് രാവിലെ ചായക്കടയില്‍ പാല് കൊടുക്കാന്‍ പോകുന്നത് പ്രയാറിന്റെ ശീലമായിരുന്നു. ഗുജറാത്തിലെ ആനന്ദ് മാതൃകയില്‍ മില്‍മ കെട്ടിപ്പടുത്തു. പിന്നെയെല്ലാം ചരിത്രം. കോണ്‍ഗ്രസ്സിലെ ചിലരെങ്കിലും പാലുമായി ചേര്‍ത്ത് കളിയായി പറയുമായിരുന്നു. അതെല്ലാം ആ പഴയ ക്ഷീരകര്ഷകന് അഭിമാനമായാണ് കരുതിയത്.
രാഷ്ട്രീയക്കാരനും വിശ്വാസ സംരക്ഷകനും
എം.കെ.സുരേഷ്
തിരുവനന്തപുരം: അടിമുടി രാഷ്ട്രീയക്കാരന്. ആ രാഷ്ട്രീയക്കാരനില്നിന്നു വിശ്വാസത്തിന്റെ സംരക്ഷകനാകാന്‍ പ്രയാര്‍ ഗോപാലകൃഷ്ണനിലെ വിശ്വാസിക്ക് അധികം ചിന്തിക്കേണ്ടിവന്നില്ല.
ശബരിമല യുവതീപ്രവേശ വിധിക്കെതിരേ നീതിപീഠത്തിലും സംസ്ഥാന സര്‍ക്കാരെടുത്ത നിലപാടുകള്‍ക്കെതിരേ തെരുവിലും പ്രയാര്‍ പോരാടി. സ്വന്തം പാര്‍ട്ടിപോലും വിധിയിലെ നിലപാടില്‍ ആദ്യം സംശയിച്ചുനിന്നപ്പോള്‍ പ്രയാറില്‍ ഭക്തിയും വിശ്വാസവുമാണ് മുന്നില്‍നിന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കെ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ശബരിമല അവലോകനയോഗത്തില്‍ പിണറായി വിജയനുമായി കൊമ്പുകോര്‍ക്കാനും പ്രയാര്‍ മടിച്ചില്ല. ആ തര്‍ക്കം പ്രയാറിന്റെ പ്രസിഡന്റ് പദവിയുടെ ദൈര്‍ഘ്യം കുറച്ചെന്നു പറയുന്നതില്‍ തെറ്റില്ല.
എരുമേലിയില്‍നിന്ന് കാനനപാതയിലൂടെ തീര്‍ഥാടകനെപ്പോലെ അദ്ദേഹം സന്നിധാനത്തേക്ക് നടന്നു. കാനനപാതയില്‍ തീര്‍ഥാടകര്‍ക്കു നേരിടേണ്ടിവരുന്ന പ്രയാസങ്ങള്‍ കണ്ടറിയാനായിരുന്നു പ്രസിഡന്റിന്റെ ഈ യാത്ര. തിരുവാഭരണപ്പാതയിലൂടെ സഞ്ചരിച്ച്, കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ മുന്നിട്ടിറങ്ങി. സന്നിധാനത്ത് തീര്‍ഥാടകര്‍ക്കായി ഏറ്റവും വലിയ അന്നദാനമണ്ഡപം നിര്‍മിച്ചു.
വിശ്വാസസംരക്ഷണത്തിനുള്ള പോരാട്ടമായിരുന്നു പ്രയാറിനെ ഏറ്റവും ശ്രദ്ധേയനാക്കിയത്. യുവതീപ്രവേശ വിധിക്കെതിരേ സ്വന്തംനിലയ്ക്കാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. കോടതി നടപടികള്‍ തുടരുന്നതിനിടെ വിശ്വാസികള്‍ക്കൊപ്പം നാമപജപ യജ്ഞവുമായി തെരുവിലിറങ്ങി. യോഗങ്ങളില്‍ പ്രസംഗകനായെത്തി ആചാരസംരക്ഷണത്തിനു നിലകൊണ്ടു. തീര്‍ഥാടനക്കാലത്ത് കറുപ്പ് വസ്ത്രം ധരിച്ച്, ഫോണിലെ റിങ്ബാക് ടോണായി അയ്യപ്പഗാനം കേള്‍പ്പിച്ച്, സസ്യാഹാരം മാത്രം കഴിച്ച്, എല്ലാത്തരത്തിലും ഭക്തനാകുകയായിരുന്നു അദ്ദേഹം. ദേവസ്വം ബോര്‍ഡിന്റെ സ്ഥാപനങ്ങളില്‍ അയ്യപ്പന്റെ ചിത്രം വയ്ക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. തീര്‍ഥാടനകാലത്ത് സ്വാമിശരണം എന്നു സംബോധനചെയ്ത് സംസാരിക്കണമെന്നും ജീവനക്കാരോട് പ്രയാര്‍ നിര്‍ദേശിച്ചു. ഇതെല്ലാം അദ്ദേഹത്തിന്റെ വിശ്വാസവഴികളായിരുന്നു. എന്നാല്‍, ശബരിമല ക്ഷേത്രത്തിന്റെ പേരിലെ ചെറിയൊരു മാറ്റത്തിനു പിന്തുണ കിട്ടിയില്ല. പ്രസിഡന്റായിരിക്കെ, ക്ലാസ് ഫോര്‍ ആനുകൂല്യം നല്‍കുന്നതുള്‍പ്പെടെ ജീവനക്കാര്‍ക്ക് അനുകൂലമായി പല തീരുമാനങ്ങളുമെടുത്തു.
പാര്‍ട്ടി ഏതായാലും മന്ത്രിമാരുമായി നിരന്തരം ബന്ധപ്പെട്ടായിരുന്നു ശബരിമലയുള്‍പ്പെടെയുള്ള ക്ഷേത്രങ്ങള്‍ക്കായി പ്രയാര്‍ പ്രവര്‍ത്തിച്ചത്. ഒട്ടുമിക്ക മന്ത്രിമാരുമായി അത്തരത്തിലൊരു സൗഹൃദം അദ്ദേഹം കാത്തു. കവനന്റ് പ്രകാരമുള്ള പണം വാങ്ങിയെടുക്കാന്‍ ഇതു സഹായകരമായെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു.
അവലോകനയോഗത്തില്‍ മുഖ്യമന്ത്രി മുന്നോട്ടുവെച്ച ചില നിര്‍ദേശങ്ങളെ അതേ വേദിയില്‍ എതിര്‍ക്കുകയായിരുന്നു പ്രയാര്‍. ഒരുതരത്തില്‍ തുറന്നപോര്. ഇതിലുള്ള വിവാദം ദിവസങ്ങളോളം തുടര്‍ന്നു. അധികം വൈകാതെ ദേവസ്വംബോര്‍ഡിന്റെ കാലാവധി മൂന്നുവര്‍ഷത്തില്‍നിന്ന് രണ്ടായി കുറച്ച് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നു. അങ്ങനെ പ്രയാര്‍ പ്രസിഡന്റ് അല്ലാതായി. പക്ഷേ, എപ്പോഴും പ്രയാറിലെ പോരാളിയും വിശ്വാസിയും ഉണര്‍ന്നുതന്നെ നിന്നു.
കുടുംബത്തിന്റെ ആദ്യകാലവരുമാനമായി പശുവളര്‍ത്തല്‍
ജി.ജ്യോതിലാല്‍
കൊല്ലം: പാല് ഉത്പാദന-വിപണന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കു ചുക്കാന്‍പിടിച്ച പ്രയാര്‍ ഗോപാലകൃഷ്ണന് നാടന്‍പശുക്കളെയും ഏറെ സ്നേഹിച്ചിരുന്നു. നേരത്തേ അപകടത്തില്‍പ്പെട്ട് വിശ്രമജീവിതം നയിക്കുമ്പോള്‍, ഭാരതത്തിലെ പശുവര്‍ഗങ്ങളുടെ ചരിത്രവും സവിശേഷതകളും തേടി ഒരു ഗവേഷകനെപ്പോലെ പ്രയാര്‍ സമയം ചെലവഴിച്ചിരുന്നു. കേരളത്തിന്റെ തനത് പശു ഇനങ്ങളായ വെച്ചൂര്‍, കപില, കാസര്‍കോട് തുടങ്ങിയവയെയും മറ്റുനാടുകളിലെ കാങ്കയം, കാങ്കറേജ് എന്നിവയെയും വളര്‍ത്തുകയും ചെയ്തു. നാഷണല്‍ െഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് രേഖകള്‍പ്രകാരം ഇന്ത്യയില്‍ അന്‍പതിലേറെ പരമ്പരാഗത പശുവര്ഗങ്ങളുണ്ടെന്നാണ് കണക്ക്. ഇവയുടെ തിരിച്ചറിയല്‍ വിവരങ്ങളും വര്ഗസവിശേഷതകളും പ്രയാര്‍ ശേഖരിച്ചിരുന്നു.
ഒറ്റപ്പശുവിനെ വളര്‍ത്തുന്ന നമ്മുടെ സംസ്കാരം പുനഃസ്ഥാപിക്കാന്‍ ചെറിയയിനം ഗുണമേന്മയുള്ള പശുവിനെ കണ്ടെത്തണമെന്നും അദ്ദേഹം പറയാറുണ്ടായിരുന്നു. വെച്ചൂരും ഭൂരിപക്ഷം കര്‍ഷകര്‍ ഇഷ്ടപ്പെടുന്ന ജെഴ്സിയും ചേര്‍ന്ന സങ്കരയിനം ഇതിന് ഉപയുക്തമാണോയെന്ന ശാസ്ത്രീയാന്വേഷണമുണ്ടാകണമെന്നും ആവശ്യപ്പെട്ടിരുന്നു.
പ്രയാറിന്റെ കുടുംബത്തിന്റെ ആദ്യകാല വരുമാനമാര്‍ഗം പശുവളര്‍ത്തലും പാല് വില്‍പ്പനയുമായിരുന്നു. പഠനകാലത്ത് രാവിലെ ചായക്കടയില്‍ പാല് കൊടുക്കാന്‍ ഗോപാലകൃഷ്ണനും പോകാറുണ്ടായിരുന്നു. പശുക്കളോട് അന്നു തുടങ്ങിയ ഇഷ്ടം കര്‍മമേഖലയിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സഹായിച്ചതായി പ്രയാര്‍ പറയുമായിരുന്നു.
സ്വാധീനം ചെലുത്തി ചട്ടമ്പി സ്വാമിയുടെ ആശയങ്ങള്‍
ജി.സജിത്ത് കുമാര്‍
കൊല്ലം: ചട്ടമ്പിസ്വാമികളുടെ ജന്മദിനമായ ഓഗസ്റ്റ് 25 സംസ്ഥാന ജീവകാരുണ്യദിനമായി പ്രഖ്യാപിച്ചതിനു പിന്നിലും പ്രയാര്‍ ഗോപാലകൃഷ്ണന്റെ പരിശ്രമമായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കുമ്പോള്‍ പ്രയാര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്കിയ നിവേദനത്തെ തുടര്‍ന്നാണ് 2016-ല്‍ ജീവകാരുണ്യദിനപ്രഖ്യാപനം ഉണ്ടായത്. പന്മന ആശ്രമത്തില്‍ സ്ഥിരം സന്ദര്‍ശകനായിരുന്ന അദ്ദേഹം വര്‍ഷങ്ങളോളം ആശ്രമത്തിലെ ചട്ടമ്പിസ്വാമി ജയന്തി, സമാധി ദിനങ്ങളില്‍ വിശിഷ്ടാതിഥിയുമായിരുന്നു.
ചെറുപ്പംമുതല്‍ത്തന്നെ ചട്ടമ്പിസ്വാമിയുടെ ആശയങ്ങളും ആദര്‍ശങ്ങളും തന്നില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറയുമായിരുന്നു. സ്വാമികളുടെ രചനകളെല്ലാം അദ്ദേഹം വായിക്കുകയും വിശദീകരിക്കുകയും ചെയ്തിരുന്നു.
ജീവകാരുണ്യദിനപ്രഖ്യാപനത്തെ തുടര്‍ന്ന് 2017-ലെ ചട്ടമ്പിസ്വാമിസമാധി സമ്മേളനത്തില്‍ പന്മന ആശ്രമം അദ്ദേഹത്തിന് വിദ്യാധിരാജ സേവാപുരസ്കാരം നല്കി ആദരിച്ചിരുന്നു.
അടുത്തവര്‍ഷം സ്വാമികളുടെ സമാധിയുടെ നൂറാംവാര്‍ഷികം വിപുലമായി ആചരിക്കുന്നതിനെപ്പറ്റി അദ്ദേഹം പലവട്ടം സംസാരിച്ചിരുന്നതായി ആശ്രമം സെക്രട്ടറി ഗിരീഷ്കുമാര്‍ പറയുന്നു. രാഹുല്‍ ഗാന്ധിയെ ചടങ്ങിനു ക്ഷണിക്കുന്നതിന് ഡല്‍ഹിക്ക് പോകാനുള്ള യാത്രാപരിപാടി തീരുമാനിക്കണമെന്ന് അദ്ദേഹം കഴിഞ്ഞയാഴ്ചയും പറഞ്ഞിരുന്നു.
പന്മനയില് ചട്ടമ്പിസ്വാമികളെപ്പറ്റിയുള്ള പഠനത്തിന് ഒരു ഗവേഷണസ്ഥാപനം ആരംഭിക്കണമെന്നത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നെന്ന് പന്മന മഞ്ജേഷ് ഓര്‍മിക്കുന്നു.
പന്മന ആശ്രമം സ്ഥാപകനായ കുമ്പളത്ത് ശങ്കുപ്പിള്ളയോടും പ്രയാര്‍ ആദരവ് വെച്ചുപുലര്‍ത്തിയിരുന്നു. നന്നേ ചെറുപ്പത്തില്‍ അച്ഛനോടൊപ്പം ഓച്ചിറ ക്ഷേത്രത്തില്‍ പോയതും കസേരയില്‍ ഇരിക്കുകയായിരുന്ന അതികായനായ കുമ്പളത്ത് ശങ്കുപ്പിള്ളയെക്കണ്ട് പരബ്രഹ്മമാണെന്നു കരുതി സാഷ്ടാംഗം നമസ്കരിച്ചതും അദ്ദഹം നര്‍മരൂപത്തില്‍ പിന്നീട് പറഞ്ഞിട്ടുണ്ട്.
ആശ്രമം പ്രസിഡന്റ് കുമ്പളത്ത് വിജയകൃഷ്ണപിള്ള അടക്കമുള്ളവരുമായി അദ്ദേഹം വലിയ അടുപ്പം പുലര്‍ത്തിവന്നു. ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജിന് കുമ്പളത്ത് ശങ്കുപ്പിള്ളയുടെ പേര് നല്കിയതും പ്രയാറിന്റെ ശ്രമഫലമായിട്ടായിരുന്നു.
ആര്‍ക്കും എപ്പോഴും കയറി ചെല്ലാവുന്ന പ്രയാര്‍ ഹൗസ്
അനില്‍ മുകുന്നേരി
കൊല്ലം: പ്രയാറില്നിന്ന് കടയ്ക്കല്‍ ചിതറയിലേക്ക് പ്രയാര്‍ ഗോപാലകൃഷ്ണന് താമസംമാറിയത് 1980-ലാണ്. 1980 മേയിലായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. പിന്നീട് ചിതറയും കടയ്ക്കലുമായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനമണ്ഡലം. ആവശ്യങ്ങളും ആവലാതികളുമായി ആര്‍ക്കും ചെല്ലാവുന്ന ഇടമായി ചിതറ ജങ്ഷനടുത്തെ പ്രയാര്‍ ഹൗസ്. സാധാരണക്കാരനായി അദ്ദേഹം ആ വീടിനു മുന്നിലുണ്ടാകും.വീട്ടിലെത്തുന്നവര്‍ക്ക് മില്‍മ ചെയര്‍മാന്റെയോ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെയോ വേഷത്തില്‍ അദ്ദേഹത്തെ കാണാനായിരുന്നില്ല. സാധുക്കളുടെ പ്രശ്നങ്ങള്‍ കേട്ടറിയാനും അവയ്ക്ക് പരിഹാരംകാണാനും അദ്ദേഹം മുന്നില്‍ത്തന്നെയുണ്ടായിരുന്നു.
ശനിയാഴ്ച രാവിലെയാണ് സഹായിയായ ആലിഫിനൊപ്പം അദ്ദേഹം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. വൈകുന്നേരം അദ്ദേഹത്തിന്റെ മരണവിവരമറിഞ്ഞതുമുതല്‍ പ്രയാര്‍ ഹൗസിലേക്ക് എത്തിയത് ഒട്ടേറെപ്പേരായിരുന്നു. നേതാക്കള്‍ക്കൊപ്പം സാധാരണക്കാരായ ഏറെപ്പേര്‍. തിരുവനന്തപുരത്തുനിന്ന് രാത്രി ഒന്‍പതുമണിയോടെയാണ് മൃതദേഹം ചിതറയില്‍ എത്തിച്ചത്. എന്‍.കെ.പ്രേമചന്ദ്രന് എം.പി.യടക്കമുള്ള നേതാക്കള്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..