-
തൃശ്ശൂര്‍: വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്റെ ഭാഗമായ ഫ്‌ളാറ്റ് നിര്‍മാണ പദ്ധതിയില്‍ മന്ത്രി എ.സി മൊയ്തീനെതിരെ ആരോപണങ്ങളുമായി അനില്‍ അക്കരെ എംഎല്‍എ. ഇടപാടുമായി ബന്ധപ്പെട്ട് മൂന്നര കോടിരൂപ കൈക്കൂലിയായി നല്‍കിയിട്ടുണ്ടെന്നും മന്ത്രി ഇക്കാര്യത്തില്‍ ഇടനിലക്കാരനാണെന്നും അനില്‍ അക്കരെ ആരോപിച്ചു. തൃശ്ശൂരില്‍ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്.
യാതൊരു അനുമതിയും ഇല്ലാതെയാണ് പദ്ധതി നടപ്പാക്കിയത്. ലൈഫ് മിഷന്റെ ഭാഗമായി വടക്കാഞ്ചേരിയില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിയമവിരുദ്ധമാണ്. റെഡ് ക്രസന്റുമായി ബന്ധപ്പെട്ട ഇടപാടില്‍ മൂന്നര കോടി രൂപയുടെ അനധികൃത ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും എസി മൊയ്തീന് അധികാരത്തില്‍ തുടരാന്‍ അഹര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.
677 കോടി രൂപയുടെ പദ്ധതിക്കാണ് 2019 ജൂലായ് 7ന് ഉത്തരവിറങ്ങിയത്. ഒമ്പത് ജില്ലകളിലായി ഒമ്പത് ഫ്‌ളാറ്റുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയായിരുന്നു ഇത്. ഇതില്‍ ഏഴാമത്തെ പദ്ധതിയായാണ് തൃശ്ശൂരിലെ ചരല്‍പറമ്പിലേത്. ഇവിടെ ഫ്ളാറ്റ് നിര്‍മിക്കാന്‍ ഹാബിറ്റാറ്റ് ഗ്രൂപ്പിന് 13 കോടി രൂപയുടെ ഭരണാനുമതി നല്‍കിക്കൊണ്ടാണ് ഉത്തരവിറങ്ങിയിരുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥലം ചൂണ്ടിക്കാണിച്ചുകൊടുക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നാണ് എസി മൊയ്തീന്‍ പറഞ്ഞത്. ചൂണ്ടിക്കാണിക്കുന്ന സ്ഥങ്ങളിലെല്ലാം നിര്‍മാണം നടത്താനാവില്ല. അനുമതിപത്രംപോലും ഇല്ലാതെയാണ് പദ്ധതി നടന്നത്. അങ്ങനെയൊരു അനുമതി പത്രമുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് മന്ത്രി എ.സി മൊയ്തീനെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Life Mission scandal- anil akkara's allegations against a c moideen
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..