M Sivasankar | Photo: G Binulal| Mathrubhumi
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ പങ്കുതെളിഞ്ഞിരുന്നതായി വിവരം. കമ്മിഷന്‍ ലക്ഷ്യംവെച്ചായിരുന്നു ശിവശങ്കറിന്റെ നീക്കം. എന്നാല്‍ തുടരന്വേഷണങ്ങള്‍ക്ക് സര്‍ക്കാര്‍ ഭാഗത്തുനിന്ന് അനുകൂലപ്രതികരണം ഉണ്ടാകാതിരുന്നതോടെ വിജിലന്‍സിന്റെ നടപടികള്‍ അവസാനിച്ചു. കേസന്വേഷണത്തിന് നേതൃത്വം നല്‍കിയ എസ്.പി.യെയും അന്വേഷിച്ച ഡിവൈ.എസ്.പി.യെയും സ്ഥലം മാറ്റിയതോടെ അന്വേഷണം അവസാനിച്ച മട്ടായി.
ലൈഫ് കേസില്‍ സി.ബി.ഐ. അന്വേഷണം തുടങ്ങുന്നതിനുമുമ്പുതന്നെ ബന്ധപ്പെട്ട ഫയലുകളും മറ്റും പിടിച്ചെടുക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് സര്‍ക്കാര്‍ തിടുക്കത്തില്‍ പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടതെന്ന ആരോപണമുയര്‍ന്നിരുന്നു. വിജിലന്‍സ് സംഘം ലൈഫ് മിഷന്റെ ഓഫീസില്‍നിന്നും സെക്രട്ടേറിയറ്റിലെ തദ്ദേശ സ്വയംഭരണ വകുപ്പില്‍നിന്നും ഫയലുകള്‍ പിടിച്ചെടുക്കുകയും ചെയ്തു.
കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചു.
ബാങ്കിടപാടുകള്‍ പരിശോധിച്ചതോടെ കമ്മിഷന്‍ തുക ലഭിച്ചുവെന്ന് ഉറപ്പായി. ഇതോടെ തിരുവനന്തപുരത്തെ യു.എ.ഇ. കോണ്‍സുലേറ്റിലെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യണമെന്ന ഘട്ടമെത്തി. പ്രതിഭാഗത്തുവരേണ്ട ഈ ഉദ്യോഗസ്ഥനെ ചോദ്യംചെയ്യാന്‍ യു.എ.ഇ.യില്‍ പോകണമെന്നും ഇതിനായി കേന്ദ്രസര്‍ക്കാര്‍ അനുമതി ആവശ്യമാണെന്നും വന്നതോടെ അന്വേഷണം അവിടെ അവസാനിച്ചു.
വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ ഇ.ഡി.യും കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.
ഇ.ഡി ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകളിലേക്ക്
കൊച്ചി: ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകളുടെ 'പൂട്ട്' പൊളിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). ഇതിന്റെ ഭാഗമായി ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലിനെ വിളിച്ചുവരുത്തി.
തിങ്കളാഴ്ച കോടതിയില്‍ വീണ്ടും ഹാജരാക്കുമ്പോള്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നു എന്ന് കോടതിയെ ബോധ്യപ്പെടുത്തേണ്ടത് അനിവാര്യമാണ്.ലൈഫ് മിഷന്‍ കേസില്‍ കമ്മിഷന്‍ ഇടപാട് നടന്നെന്നും ശിവശങ്കറിന് ലഭിച്ചെന്നും തെളിയണമെങ്കില്‍ സ്വപ്നയുടെ ബാങ്ക് ലോക്കറിലെ ഒരുകോടിയുടെ സ്രോതസ്സിനെക്കുറിച്ച് വെളിപ്പെടേണ്ടതുണ്ട്. ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് സ്വപ്നയ്ക്കായി ബാങ്ക് ലോക്കര്‍ തുറന്നതെന്ന് വേണുഗോപാല്‍ മൊഴിനല്‍കിയിട്ടുണ്ട്.
ശിവശങ്കറിന്റെ അറിവോടെയാണ് സ്വപ്നാ സുരേഷ് ഇടപെട്ട എല്ലാ സാമ്പത്തിക ഇടപാടുകളും താന്‍ കൈകാര്യം ചെയ്തതെന്നും മൊഴിനല്‍കി.
ലൈഫ് മിഷന്‍: വടക്കാഞ്ചേരിയില്‍ ചെലവിട്ടത് മൂന്നുകോടിയില്‍ത്താഴെ, ബാക്കി കമ്മീഷനായി ഒഴുകി
കൊച്ചി: പ്രളയത്തില്‍ വീടുനഷ്ടപ്പെട്ടവര്‍ക്ക് പാര്‍പ്പിടസമുച്ചയം നിര്‍മിക്കാന്‍ ലഭിച്ച 7.50 കോടി രൂപയില്‍ വടക്കാഞ്ചേരിയില്‍ ചെലവിട്ടത് മൂന്നുകോടിരൂപയില്‍ത്താഴെമാത്രം. ബാക്കിത്തുക മുഴുവന്‍ കമ്മിഷനായി ഒഴുകിയെന്നാണ് ഇ.ഡി. കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്.
പാര്‍പ്പിടപദ്ധതിക്കായി ഏതാണ്ട് 18.75 കോടി രൂപയാണ് റെഡ്ക്രസന്റ് ചെലവിടേണ്ടിയിരുന്നത്. ആദ്യഘട്ടത്തിലെ 7.50 കോടിയുടെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ബാക്കിത്തുക ലഭിക്കുമായിരുന്നു. പദ്ധതി വിവാദത്തിലായതോടെ ആ തുകയുടെ കൈമാറ്റം നടന്നോ ഇല്ലയോ എന്നതില്‍ വ്യക്തതവന്നിട്ടില്ല.
തിരുവനന്തപുരം യു.എ.ഇ. കോണ്‍സുലേറ്റിന് നേരിട്ട് തുക കൈമാറിയിട്ടുണ്ടാവാനുള്ള സാധ്യതയും അന്വേഷണ ഏജന്‍സികള്‍ തള്ളിക്കളയുന്നില്ല.
യു.എ.ഇ. റെഡ്ക്രസന്റും ലൈഫ്മിഷനും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പിടുന്നത് 2019 ജൂലായ് 11-ന് ആണ്. റെഡ്ക്രസന്റിന് നേരിട്ട് കേരളത്തില്‍ പണമിടപാടുകള്‍ നടത്താനാവില്ല എന്നതിനാല്‍ കോണ്‍സുലേറ്റിനെയാണ് ചുമതലപ്പെടുത്തിയത്. കോണ്‍സുലേറ്റ് യൂണീടാക് ബില്‍ഡേഴ്സിനെ നിര്‍മാണത്തിനായി തിരഞ്ഞെടുത്തു. യു.എ.ഇ. കോണ്‍സുലേറ്റും യൂണീടാക് ബില്‍ഡേഴ്സും തമ്മില്‍ കരാറില്‍ ഏര്‍പ്പെട്ടത് 2019 ജൂലായ് 31-നാണ്. സെയിന്‍ വെഞ്ച്വേഴ്സ് കമ്പനിയുമായി ഹെല്‍ത്ത് കെയര്‍ സെന്റര്‍ നിര്‍മിക്കാന്‍ 5.25 കോടിരൂപയുടെ കരാറിലും ഒപ്പുവെച്ചു.
വടക്കാഞ്ചേരി പാര്‍പ്പിടസമുച്ചയത്തിനായി 80,000 ചതുരശ്രയടി നിര്‍മാണത്തിന് പരമാവധി 13-14 കോടി രൂപ ചെലവാകുമെന്നാണ് താന്‍ അന്ന് കണക്കുകൂട്ടിയിരുന്നതെന്നാണ് സന്തോഷ് ഈപ്പന്‍ നല്‍കിയ മൊഴി. 18 കോടി രൂപയില്‍നിന്ന് കമ്മിഷന്‍ കൊടുത്താലും ലാഭംകിട്ടുമെന്ന കണക്കുകൂട്ടലിലായിരുന്നു സന്തോഷ് ഈപ്പന്‍.
കുറിപ്പ് കുരുക്കാകും
കൊച്ചി: ലൈഫ് മിഷന്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) സംസ്ഥാനസര്‍ക്കാര്‍ ഉദ്യോഗസ്ഥരിലേക്കെത്താന്‍ യൂണീടാക് ബില്‍ഡേഴ്സ് എം.ഡി. സന്തോഷ് ഈപ്പന്റെ 'കമ്മിഷന്‍ കുറിപ്പ്' ആയുധമാകും. സന്തോഷ് ഈപ്പന്‍ സ്വന്തംകൈപ്പടയില്‍ തയ്യാറാക്കിയ ഈ കുറിപ്പില്‍ ഏതൊക്കെ ഉദ്യോഗസ്ഥര്‍ക്ക് എത്രവീതം കൊടുക്കണമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പാര്‍പ്പിടസമുച്ചയത്തിന്റെ കരാര്‍ ലഭിക്കാനാണ് ഈ തുക ഓരോരുത്തര്‍ക്കും നല്‍കുന്നതെന്ന് സന്തോഷ് ഈപ്പന്‍ ഇ.ഡി.ക്ക് മൊഴിയും നല്‍കിയിട്ടുണ്ട്.
ഈ കുറിപ്പിനെക്കുറിച്ച് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെങ്കിലും ആരുടെയൊക്കെ പേരുകളുണ്ടെന്ന് ഇ.ഡി. വെളിപ്പെടുത്തിയിട്ടില്ല.
Content Highlights: Life mission scam M Sivasankar vigilance
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..