വടക്കാഞ്ചേരി: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് അനില്‍ അക്കര എംഎല്‍എ നല്‍കിയ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. വടക്കാഞ്ചേരയിലെ ഫ്ലാറ്റ് നിര്‍മാണത്തില്‍ അപാകത ഉണ്ടെന്നാണ് വടക്കാഞ്ചേരി എംഎല്‍എ കൂടിയായ അനില്‍ അക്കര എംഎല്‍എയുടെ പരാതി. 

ഫ്ലാറ്റുകളുടെ നിര്‍മാണത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല, ഗുണനിലവാരമില്ല, കമ്പിയും സിമന്റും തുടങ്ങിയവയുടെ അളവുകള്‍ കൃത്യമല്ല തുടങ്ങിയ കാര്യങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.

140 കുടുംബങ്ങളാണ് ഫ്ലാറ്റില്‍ താമസിക്കാനൊരുങ്ങുന്നത്. അവരുടെ സുരക്ഷതന്നെ അപകടത്തിലാവുന്ന രീതിയിലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍. അതിനാല്‍ ഇതില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു വിദഗ്ധ സമിതിയെ നിയോഗിച്ച് ഫ്‌ലാറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും, ചട്ടലംഘനവും, മാനദണ്ഡം പാലിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണെന്നും പരാതിയില്‍ പറയുന്നു.

Content Highlights: Life Mission Scheme Vadakkanchery Flat Human Rights Commission