വിമലക്കായി ഒരുങ്ങുന്ന വീട് (ഇടത്ത്), വിമല ഇപ്പോൾ താമസിക്കുന്ന ഷെഡ്
തൊടുപുഴ: കാട്ടാനയെ ഭയന്ന് ഇടുക്കി ചിന്നക്കനാല്‍ പഞ്ചായത്തിലെ 301 കോളനിയില്‍ പാറപ്പുറത്ത് ഷെഡ് കെട്ടിക്കഴിഞ്ഞിരുന്ന വിമലയ്ക്കും മകന് സനലിനും സുരക്ഷിതമായ വീടൊരുങ്ങി. കാട്ടാനശല്യം രൂക്ഷമായ സ്ഥലത്തെ ഭൂമിക്ക് പകരം അനുവദിച്ച പുതിയ ഭൂമിയില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടച്ചുറപ്പുള്ള വീട് നിര്‍മ്മിക്കുകയായിരുന്നു. വീടിന്റെ അവസാനഘട്ട പ്രവൃത്തികള്‍കൂടി പൂര്‍ത്തിയാക്കിയശേഷം താക്കോല്‍ കൈമാറുമെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം. വി. ഗോവിന്ദന് അറിയിച്ചു.
താമസിക്കുന്ന വീട് കാട്ടാന നശിപ്പിച്ചതിനെ തുടര്‍ന്ന്, ഉയര്‍ന്ന് നില്ക്കുന്ന പാറയ്ക്ക് മുകളില്‍ ടാര്‍പോളിന്‍ ഷീറ്റുകൊണ്ടുള്ള ഷെഡുണ്ടാക്കിയായിരുന്നു വിമലയും സനലും കഴിഞ്ഞിരുന്നത്. മകന്റെ ചികില്‍സയും മുടങ്ങിയിരുന്നു. ഇതു സംബന്ധിച്ച മാധ്യമവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടയുടനെ അടിയന്തരനടപടിയ്ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് ഡയറക്ടര്‍ നേരിട്ട് കളക്ടറുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് തഹസില്‍ദാരുടെ നേതൃത്വത്തിലാണ് സുരക്ഷിതമായ വീടൊരുക്കാന്‍ പുതിയ ഭൂമി കണ്ടെത്തിയത്. പുതിയ വീട് ഒരുങ്ങും വരെ വിമലയെയും മകനെയും മാറ്റിത്താമസിപ്പിക്കാനും മന്ത്രിയുടെ നിര്‍ദേശപ്രകാരം സൗകര്യമൊരുക്കിയിരുന്നു.
ആധുനിക നവകേരള സൃഷ്ടി അര്‍ഥപൂര്‍ണമാകുന്നത് ഇത്തരം മനുഷ്യരുടെ ജീവിതപ്രയാസങ്ങള്‍ കൂടി പരിഹരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുമ്പോഴാണെന്നും മന്ത്രി എം. വി. ഗോവിന്ദന് പറഞ്ഞു. ഭൂമി യഥാസമയം ലഭ്യമാക്കാന്‍ ഇടപെട്ട ഇടുക്കി ജില്ലാകളക്ടര്‍, നിര്‍മ്മാണ പ്രവൃത്തിയുടെ മേല്‍നോട്ടം വഹിച്ച പഞ്ചായത്ത് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍, പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, മറ്റ് ജീവനക്കാര്‍ എന്നിവരെ മന്ത്രി അഭിനന്ദിച്ചു.
Content Highlights: Life mission house for Vimala in Idukki
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..