യു.വി. ജോസ്| മാതൃഭൂമി ഫയൽ ചിത്രം
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ കോഴക്കേസില്‍ മുന്‍ സി.ഇ.ഒ യു.വി ജോസിന് കുരുക്കായി ഇ-മെയില്‍ സന്ദേശങ്ങള്‍. ലൈഫ് മിഷന്‍ പദ്ധതിക്കായി ഹാബിറ്റാറ്റ് സമര്‍പ്പിച്ച രേഖകള്‍ യുവി ജോസ് സരിത്തിന് ചോര്‍ത്തി നല്‍കിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തി. ഈ രേഖകളാണ് പിന്നീട് കരാര്‍ ലഭിച്ച യൂണിടാക്കിന് സരിത്ത് കൈമാറിയത്.
പദ്ധതിക്കായി ഹാബിറ്റാറ്റ് സമര്‍പ്പിച്ചിരുന്ന പ്ലാനും റിപ്പോര്‍ട്ടുകളുമാണ് യുവി ജോസ് സരിത്തിന് മെയില്‍ ചെയ്തത്. ഇതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ ഇഡി കണ്ടെടുത്തു. അതേസമയം, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കറിന്റെ വാക്കാലുള്ള നിര്‍ദേശപ്രകാരമാണ് വിവരങ്ങള്‍ സരിത്തിന് കൈമാറിയതെന്ന് യുവി ജോസ് ഇഡിക്ക് മൊഴി നല്‍കി.
അറസ്റ്റിലായ യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവി ജോസിനെ ഇഡി ബുധനാഴ്ച വീണ്ടും ചോദ്യംചെയ്തത്. ജോസിന്റെ മെയില്‍ ലഭിച്ചതായി സരിത്തും നേരത്ത ഇഡിക്ക് മൊഴി നല്‍കിയിരുന്നു.
ലൈഫ് മിഷന്‍ പദ്ധതിയുടെ പ്രോജക്റ്റ് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായി ആദ്യം നിയോഗിച്ചത് ഹാബിറ്റാറ്റിനെയായിരുന്നു. വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലും ലൈഫ് മിഷനിലും ഉള്‍പ്പെടെ പദ്ധതിയുടെ പ്ലാന്‍, മണ്ണ് പരിശോധന റിപ്പോര്‍ട്ട്, പ്രോജക്റ്റ് റിപ്പോര്‍ട്ട് എന്നിവ ഹാബിറ്റാറ്റ് സമര്‍പ്പിച്ചിരുന്നു. ഇവയാണ് ഇ-മെയില്‍ വഴി സരിത്തിന് ലഭിച്ചത്. അതിനുശേഷമാണ് ഹാബിറ്റാറ്റ് ഒഴിവാക്കപ്പെടുകയും സന്തോഷ് ഈപ്പന്റെ യൂണിടാകിന് കരാര്‍ ലഭിക്കുകയും ചെയ്തത്.
ഹാബിറ്റാറ്റിന്റെ നിര്‍ദേശപ്രകാരം 234 ഫ്‌ളാറ്റുകളാണ് വടക്കാഞ്ചേരിയില്‍ നിര്‍മിക്കേണ്ടിയിരുന്നത്. എന്നാല്‍ ഹാബിറ്റാറ്റിന്റെ പ്ലാന്‍ വെട്ടിക്കുറച്ച് 140 ഫ്‌ളാറ്റുകളായി കുറച്ചാണ് ഇതിലെ കമ്മീഷന്‍ ഇടപാട് നടന്നതെന്നാണ് വിവരം. ഒരുവശത്ത് കരാര്‍ യൂണിടാക്കിന് കൊടുക്കാനും കമ്മീഷന്‍ ഇടപാടിനുമുള്ള ചര്‍ച്ചകള്‍ നടക്കുകയും ചെയ്യുന്ന സമയത്താണ് യുവി ജോസ് നിര്‍ണായക വിവരങ്ങള്‍ സരിത്തിന് കൈമാറിയതെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
Content Highlights: life mission case, ed collect evidence against uv jose
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..