പിണറായി വിജയൻ, മാത്യു കുഴൽനാടൻ | Photo: Mathrubhumi
തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട് സഭയില്‍ കൊമ്പുകോര്‍ത്ത് മാത്യു കുഴല്‍നാടന്‍ എം.എല്‍.എയും മുഖ്യമന്ത്രി പിണറായി വിജയനും. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് യൂണിടാക്കും റെഡ് ക്രസന്റും തമ്മില്‍ കരാറിലേക്ക് വരുന്നതിന് ഉപോദ്ബലകമായത് മുഖ്യമന്ത്രിയുടെ അനുമതിയുണ്ടെന്ന ഒരു വാട്ട്‌സ് ആപ്പ് സന്ദേശമാണെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ഈ വാട്ട്‌സാപ്പ് സന്ദേശം നിഷേധിക്കുന്നുണ്ടോയെന്ന് അദ്ദേഹം ആരാഞ്ഞു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ വാട്ട്‌സ് ആപ്പ് ചാറ്റുകള്‍ ഉദ്ധരിച്ചായിരുന്നു കുഴല്‍നാടന്റെ ആരോപണം.
ഇതോടെ മുഖ്യമന്ത്രി ക്ഷുഭിതനാവുകയും ഇത് പച്ചക്കള്ളമാണെന്ന് പറയുകയും ചെയ്തു. താന്‍ അങ്ങനെ ഒരു കാര്യത്തിലും ഇടപെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിന് അനുമതി തേടിക്കൊണ്ട് സംസാരിക്കവേ ആയിരുന്നു കുഴല്‍നാടന്‍ മുഖ്യമന്ത്രിയെ കടന്നാക്രമിച്ചത്. കേരളം കണ്ടതില്‍വെച്ച് ഏറ്റവും ആസൂത്രിതവും ശാസ്ത്രീയവുമായ അഴിമതിയിലൊന്നാണ് ലൈഫ് മിഷന്‍ എന്നും കുഴല്‍നാടന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഇടത്തും വലത്തും നിന്നവര്‍ അറിയാതെയാണ് ഈ ഇടപാട് നടന്നതെന്ന് പറയാനാകുമോ എന്നും അദ്ദേഹം ചോദിച്ചു.
സ്വപ്‌ന സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പങ്കിനെപ്പറ്റിയുള്ള വാട്ട്‌സ് ആപ്പ് സന്ദേശവും മാത്യു കുഴല്‍നാടന്‍ സഭയില്‍ പങ്കുവെച്ചു. ഇതിനും മുഖ്യമന്ത്രി ക്ഷുഭിതനായാണ് മറുപടി പറഞ്ഞത്. അസംബന്ധമാണ് ഇത്. താന്‍ ഇതേക്കുറിച്ച് ആരുമായും സംസാരിച്ചിട്ടില്ല. ഇതെല്ലാം നേരത്തെ തന്നെ വ്യക്തമായ കാര്യങ്ങളാണ്. വ്യക്തമായ കാര്യങ്ങളെ കുറിച്ച് വീണ്ടും പറയുന്നത് അന്വേഷണ ഏജന്‍സിയുടെ വക്കാലത്ത് ഏറ്റുപിടിച്ച് വരുന്നതുപോലെയാണ്. അതിനാല്‍ ഇത് അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുഴല്‍നാടന്റെ ചോദ്യത്തിനും മുഖ്യമന്ത്രിയുടെ മറുപടിക്കും പിന്നാലെ ഭരണപക്ഷ ബെഞ്ചില്‍നിന്ന് വലിയ ബഹളം ഉയര്‍ന്നു. റിമാന്‍ഡ് റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്തുവെക്കാന്‍ തയ്യാറുണ്ടോയെന്ന് നിയമ മന്ത്രി പി. രാജീവ് മാത്യു കുഴല്‍നാടനോട് ആരാഞ്ഞു. തയ്യറാണെന്നായിരുന്നു കുഴല്‍നാടന്റെ മറുപടി. റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ ഭാഗമായ വാട്ട്‌സാപ്പ് സന്ദേശമാണ് താന്‍ ഉദ്ധരിക്കുന്നത്. അതിന് നിയമപരമായ പിന്തുണയുണ്ടെന്നും കുഴല്‍നാടന്‍ പറഞ്ഞു.
നിയമസഭയുടെ ശൂന്യവേളയിലാണ് ലൈഫ് മിഷനുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിച്ചത്. ഈ നോട്ടീസ് പരിഗണിക്കുമെന്ന് പ്രതിപക്ഷം പ്രതീക്ഷിച്ചിരുന്നില്ല. പ്രതിപക്ഷത്തെ അമ്പരപ്പിച്ചായിരുന്നു ഈ നീക്കം. വിഷയം പരിഗണനയ്‌ക്കെടുക്കുന്നതിനെ തദ്ദേശവകുപ്പുമന്ത്രി എം.ബി. രാജേഷ് ചോദ്യം ചെയ്തു.
അപ്രസക്തമായ വിഷയമാണെന്നായിരുന്നു രാജേഷ് പറഞ്ഞത്. മാത്രമല്ല ഈ വിഷയം മുന്‍പ് സഭയില്‍ ഉന്നയിച്ചയാളെ വടക്കാഞ്ചേരിയിലെ ജനങ്ങള്‍ തോല്‍പ്പിച്ചുവെന്നു അനില്‍ അക്കരയെ പരോക്ഷമായി പരിഹസിച്ച് മന്ത്രി പറഞ്ഞു. സര്‍ക്കാരിന് ഈ പദ്ധതിയുടെ കരാറുമായോ മറ്റു കാര്യങ്ങളുമായോ ബന്ധമില്ലെന്നും മന്ത്രി പറഞ്ഞു. സന്നദ്ധ സംഘടനയായ റെഡ് ക്രസന്റും യൂണിടാക്കും തമ്മിലാണ് കരാര്‍. ഈ കരാറിന്റെ അടിസ്ഥാനത്തില്‍ നടന്ന ഏതുകാര്യത്തിലും അന്വേഷണം നടത്തുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണ-പ്രതിപക്ഷ ബഹളം രൂക്ഷമായതിന് പിന്നാലെ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പത്തുമിനിറ്റോളം സഭ നിര്‍ത്തിവെച്ചിരുന്നു. ഇതിന് ശേഷം സഭ പുനഃരാരംഭിച്ചു.
Content Highlights: life mission bribery case mathew kuzhalnadan criticises chief minister pinarayi vijayan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..