കൊച്ചി: ലൈഫ് മിഷനുമായി ബന്ധപ്പെട്ട പല രഹസ്യരേഖകളും എം ശിവശങ്കർ സ്വപ്ന സുരേഷിന് വാട്സ് ആപ്പ് വഴി കൈമാറിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്വർണക്കടത്തിലും ലൈഫ്മിഷനുമെല്ലാം കള്ളപ്പണ ഇടപാട് നടന്നിരിക്കുന്നുവെന്നും ഇതെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു കേസുകളാണെന്നും എൻഫോഴ്സ്മെന്റ് കോടതിയിൽ വ്യക്തമാക്കി.

എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ചപ്പോഴാണ് ഇഡി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസ് അല്ലേ അന്വേഷിക്കുന്നതെന്നും ഈ ഘട്ടത്തിൽ ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസ് എത്തരത്തിലാണ് അന്വേഷിക്കുന്നത് എന്നുമുള്ള സുപ്രധാനമായ ചോദ്യമാണ് എൻഫോഴ്സ്മെന്റിനോട് കോടതി ചോ​ദിച്ചത്. എന്നാൽ സ്വർണക്കടത്ത് കേസും ലൈഫ് മിഷനും തമ്മിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് എന്റഫോഴ്സ്മെന്റ് അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയത്. ലൈഫിമിഷൻ ഇടപാടിലും സ്വർണക്കടത്തിലും കള്ളപ്പണ ഇടപാട് നടന്നിരിക്കുന്നുവെന്നും എൻഫോഴ്സ്മെന്റ് കോടതിയിൽ വ്യക്തമാക്കി. എന്നാൽ ലൈഫ് മിഷനുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഇ ഡി കേസുമായി ബന്ധമില്ലെന്ന് ശിവശങ്കറിന്റെ അഭിഭാഷകനും കോടതിയോട് പറഞ്ഞു.

ലൈഫ് മിഷൻ, കെഫോൺ വിവരങ്ങൾ ശിവശങ്കർ സ്വപ്നക്ക് കൈമാറി. ഇതിലെല്ലാം സ്വപ്ന സജീവ പങ്കാളിയാണ്. സർക്കാർ പദ്ധതികളുടെ വിവരങ്ങൾ സ്വപ്നയ്ക്ക് നൽകിയെന്ന് ശിവശങ്കർ ചോദ്യം ചെയ്യലിൽ സമ്മതിച്ചുവെന്നും ഇ ഡി കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

പല ചോദ്യങ്ങളോടും കൃത്യമായി എം ശിവശങ്ങകർ കൃത്യമായി പ്രതികരിച്ചില്ലെന്ന് എൻഫോഴ്സ്മെന്റ് കോടതിയിൽ വ്യക്തമാക്കി. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും എം ശിവശങ്കറും തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റുകൾ വീണ്ടെടുത്തിട്ടുണ്ട്. ലൈഫ്മിഷനുമായി ബന്ധപ്പെട്ട പല രഹസ്യരേഖകളും ശിവശങ്കർ സ്വപ്നക്ക് വാട്സ് ആപ്പ് വഴി കൈമാറിയിട്ടുണ്ട്. ആ രേഖകൾ എന്തൊക്കെയാണെന്ന് വ്യക്തമായതായി അന്വേഷണ ഉദ്യോ​ഗസ്ഥർ കോടതിയെ അറിയിച്ചു. ഇതിന്റെ വിശദമായ പരിശോധന ആവശ്യമാണ്. അതിനായി ഏഴ് ദിവസത്തെ കസ്റ്റഡി വേണമെന്നാണ് ഇ ഡി കോടതിയിൽ ആവശ്യപ്പെട്ടത്. തുടർന്ന് ബുധനാഴ്ച രാവിലെ 11 മണിവരെയാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.

അതേസമയം ഡോളർ കടത്ത് കേസിൽ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസ് നീക്കം ആരംഭിച്ചിട്ടുണ്ട്.