'മേയറുടെ വിശദീകരണം പാര്‍ട്ടിക്കും ജനങ്ങള്‍ക്കും ബോധ്യപ്പെട്ടു'; അന്വേഷണവും നടപടിയും വേണ്ടെന്ന് CPM


ബിജു പരവത്ത്

കത്ത് വിവാദമായപ്പോള്‍ പാര്‍ട്ടി അന്വേഷിക്കുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ജില്ലാ സെക്രട്ടറിയുമായ ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞിരുന്നു. പാര്‍ട്ടി അന്വേഷണം വേണ്ടെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് നിലപാടെടുത്തതിനാല്‍, ആനാവൂര്‍ പറഞ്ഞ അന്വേഷണവും നടക്കില്ല.

ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെപേരില്‍ പ്രചരിക്കുന്ന കത്തില്‍ പാര്‍ട്ടി അന്വേഷണമോ നടപടിയോ വേണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണ. പോലീസ് അന്വേഷണം നടക്കുന്നതിനാല്‍, അതില്‍ തീര്‍പ്പുണ്ടാവട്ടെയെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. തിടുക്കപ്പെട്ട് പാര്‍ട്ടി അന്വേഷണം നടത്തേണ്ട സാഹചര്യം ഇല്ലെന്നാണ് സെക്രട്ടേറിയറ്റിന്റെ നിലപാട്.

മേയര്‍ നല്‍കിയ വിശദീകരണം പാര്‍ട്ടിക്കും പൊതുജനങ്ങള്‍ക്കും ബോധ്യപ്പെടുന്നതാണെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. അത് മുഖവിലയ്‌ക്കെടുത്ത് മേയര്‍ക്ക് രാഷ്ട്രീയസംരക്ഷണം ഉറപ്പാക്കാനാണ് തീരുമാനം. കത്ത് വിവാദമായപ്പോള്‍ പാര്‍ട്ടി അന്വേഷിക്കുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ജില്ലാ സെക്രട്ടറിയുമായ ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇതിനായി ഏതെങ്കിലും നേതാക്കളെ ചുമതലപ്പെടുത്തുകയോ പാര്‍ട്ടി കമ്മിഷന്‍ രൂപവത്കരിക്കുകയോ ചെയ്തിരുന്നില്ല. പാര്‍ട്ടി അന്വേഷണം വേണ്ടെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് നിലപാടെടുത്തതിനാല്‍, ആനാവൂര്‍ പറഞ്ഞ അന്വേഷണവും നടക്കില്ല.

നിയമനത്തിന് പാര്‍ട്ടി പട്ടികതേടി രണ്ടുകത്തുകളാണ് പ്രചരിച്ചത്. ഇതില്‍ ഒന്ന് മേയര്‍ ആര്യാ രാജേന്ദ്രന്റേതും മറ്റൊന്ന് കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷനും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയുമായ ഡി.ആര്‍. അനിലിന്റെ പേരിലുള്ളതുമാണ്. കത്ത് മേയര്‍ നിഷേധിച്ചപ്പോള്‍, മറ്റേത് തയ്യാറാക്കിയത് താനാണെന്ന് അനില്‍ സമ്മതിച്ചിട്ടുണ്ട്. ഇതിലും പാര്‍ട്ടി പരിശോധനയും നടപടിയുമുണ്ടാകില്ല. തിടുക്കപ്പെട്ട് പരിശോധനയും നടപടിയും ഉണ്ടാകുന്നത് കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിവെക്കുമെന്നതിനാലാണ് പോലീസ് അന്വേഷണറിപ്പോര്‍ട്ടിനെ ആശ്രയിക്കാമെന്ന നിലപാടിലേക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് എത്തിയത്.

കത്ത് സംബന്ധിച്ച പരാതിയില്‍ ഹൈക്കോടതി സര്‍ക്കാരിനും മേയര്‍ക്കും നോട്ടീസ് അയച്ച നടപടി സ്വാഭാവികമാണെന്നാണ് സെക്രട്ടേറിയേറ്റ് വിലയിരുത്തല്‍. വ്യാജരേഖ തയ്യാറാക്കല്‍, ഉന്നതപദവിയിലിരിക്കുന്നവരെ അപമാനിക്കാനുള്ള ശ്രമം എന്നിങ്ങനെയാണ് മേയറുടെ മൊഴി അനുസരിച്ച് ഉണ്ടാകാവുന്ന കേസുകള്‍. ഇതില്‍ കേസെടുക്കാതെയുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പരിമിതിയുണ്ട്. കേസില്ലാതെ അന്വേഷിക്കാന്‍ വിജിലന്‍സിന് അധികാരമുണ്ട്. അതാണ് കേസ് വിജിലന്‍സിനെ ഏല്പിക്കാനുള്ള തീരുമാനം തിടുക്കത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകാന്‍ കാരണം.

തൃശ്ശൂരിലും നിയമനാരോപണം

തൃശ്ശൂര്‍: തൃശ്ശൂര്‍ കോര്‍പ്പറേഷനിലും അനധികൃത നിയമനാരോപണം. ഇക്കാര്യമുന്നയിച്ച് കോണ്‍ഗ്രസ് വെള്ളിയാഴ്ച നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. കോര്‍പ്പറേഷന്റെ വൈദ്യുതിവിഭാഗത്തിലടക്കം സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐ.യുടെയും 360-ഓളം പ്രവര്‍ത്തകരെ താത്കാലികക്കാരായി അനധികൃതമായി നിയമിച്ചെന്നാണ് ആരോപണം. മേയറുടെ ചേംബറില്‍ അഞ്ച് ജീവനക്കാരെ താത്കാലികമായി നിയമിച്ചെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങി

തിരുവനന്തപുരം: നിയമനക്കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും സ്ഥിരംസമിതി അധ്യക്ഷന്‍ ഡി.ആര്‍. അനിലിനും ഹൈക്കോടതി നോട്ടീസയച്ചതിന് പിന്നാലെ വിജിലന്‍സിന്റെ പ്രാഥമികാന്വേഷണം. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജി.എസ്. ശ്രീകുമാര്‍ നല്‍കിയ പരാതിയിലാണ് പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഉത്തരവിട്ടത്.

കത്തിനുപിന്നില്‍ അഴിമതിയുണ്ടോ എന്നാകും പ്രധാനമായും അന്വേഷിക്കുക. കത്തിന്റെ ആധികാരികത സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് വിജിലന്‍സിന്റെ പ്രാഥമിക പരിശോധന.

മേയറുടെയും സ്ഥിരംസമിതി അധ്യക്ഷന്റെയും കത്തുകള്‍ അഴിമതി ലക്ഷ്യമിട്ടുള്ളതാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ശ്രീകുമാറിന്റേത് ഉള്‍പ്പെടെ നാലുപരാതികളാണ് വിജിലന്‍സിന് ലഭിച്ചത്. ഇതില്‍ മറ്റു നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ശ്രീകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ്-ഒന്ന് എസ്.പി. കെ.ഇ. ബൈജുവാണ് അന്വേഷണം നടത്തുന്നത്. അഴിമതിയുണ്ടെന്ന് ബോധ്യമായാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് കടക്കും. പ്രാഥമിക പരിശോധനയുടെ ഭാഗമായി പരാതിക്കാരില്‍ നിന്നാകും ആദ്യം മൊഴിയെടുക്കുക. ഇവ പരിശോധിച്ച് മേയര്‍, സ്ഥിരംസമിതി അധ്യക്ഷന്‍ എന്നിവരില്‍നിന്ന് മൊഴിയെടുക്കും. സാധാരണ പ്രാഥമികാന്വേഷണത്തിന് പരമാവധി മൂന്നുമാസമാണ് അനുവദിക്കാറുള്ളത്. കത്ത് സംഭവത്തില്‍ സമയപരിധി നല്‍കിയിട്ടില്ല.

Content Highlights: Letter controversy Mayor Arya Rajendran CPM


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented