കോട്ടയം: പി ജെ ജോസഫ് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ആണെന്ന് കാണിച്ച് തിരഞ്ഞെടുപ്പു കമ്മീഷന് കത്ത്. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ സംഘടനാ ചുമതലയുള്ള സെക്രട്ടറി ജോയ് എബ്രഹാമാണ് കത്ത് നല്‍കിയത്. സംസ്ഥാന കമ്മറ്റി വിളിച്ചു ചേര്‍ത്ത് ചെയര്‍മാനെ തിരഞ്ഞെടുക്കണമെന്ന് മാണി വിഭാഗം ആവശ്യപ്പെടുന്നതിനിടെയാണ് കത്ത് നല്‍കിയിരിക്കുന്നത്. 

സംസ്ഥാന കമ്മിറ്റി ചേരുന്നതിന് മുന്നെ പാര്‍ട്ടിയില്‍ ആധിപത്യം നേടുക എന്ന ലക്ഷ്യമാണ് കത്ത് നല്‍കിയതിലൂടെ ജോസഫ് വിഭാഗം ലക്ഷ്യം വയ്ക്കുന്നത്. മാണി വിഭാഗത്തില്‍ നിന്നുള്ള ജോയ് ഏബ്രഹാമാണ് കത്ത് നല്‍കിയത് എന്നതാണ് ഇതില്‍ ശ്രദ്ധേയം.

നേരത്തെ ജോസഫിന് അനുകൂലമായ ഒരു സര്‍ക്കുലറും ജോയ് എബ്രഹാം പുറത്തിറക്കിയിരിക്കുന്നു. ചെയര്‍മാന്റെ അഭാവത്തില്‍ വര്‍ക്കിങ് ചെയര്‍മാനിലേക്ക് ആ പദവി എത്തുമെന്നായിരുന്നു സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്. 

അതേസമയം കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടിയിലും സംസ്ഥാന കമ്മറ്റിയിലും ജോസഫ് പക്ഷത്തിന് കൃത്യമായി ഭൂരിപക്ഷമില്ല. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ മാണി വിഭാഗത്തിനാണ് മുന്‍തൂക്കം. പാര്‍ട്ടി ഭരണഘടന പ്രകാരം എം എല്‍ എമാരെ കൂടാതെ എം പിമാരും പാര്‍ലമെന്ററി പാര്‍ട്ടിയുടെ ഭാഗമാണ്.

അങ്ങനെയെങ്കില്‍ ജോസ് കെ മാണി എം പി, നിയുക്ത എം പി തോമസ് ചാഴികാടന്‍, എം എല്‍ എമാരായ എന്‍.ജയരാജ്‌, റോഷി അഗസ്റ്റിന്‍ എന്നിവര്‍ മാണിപക്ഷത്താണുള്ളത്.

മോന്‍സ് ജോസഫ്, പി ജെ ജോസഫിന്റെ പക്ഷത്താണുള്ളത്. സി എഫ് തോമസ് വിഷയത്തില്‍ കൃത്യമായി നിലപാട് പ്രഖ്യാപിച്ചിട്ടുമില്ല. കെ എം മാണിയോട് വ്യക്തമായ ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്ന നേതാവാണ് സി എഫ് തോമസ്. 

content highlights: letter claiming p j joseph as chairman of kerala congress m submitted to election commission