കോഴിക്കോട്: ജോലിചെയ്ത ഓഫീസിലെ അഭിഭാഷകരേയും ജൂനിയര്‍ അഭിഭാഷകരേയും സുഹൃത്തുക്കളേയും കൂട്ടി ഒരു നിയമകാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് അറിവുകള്‍ മെച്ചപ്പെടുത്താനൊരു ഓണ്‍ലൈന്‍വേദി. കോവിഡ് കാലത്ത് കേസും വഴക്കും മാറ്റിവെച്ചപ്പോള്‍ തോന്നിയ ആശയം. ചെറിയ രീതിയില്‍ തുടങ്ങിയെങ്കിലും ഇപ്പോള്‍ 100-ാം ദിവസത്തിലേക്കെത്തുമ്പോള്‍ അത് ഇന്ത്യയൊട്ടാകെ പടര്‍ന്ന ഒരു അഭിഭാഷക-നിയമവിദഗ്ധരുടെ കൂട്ടായ്മയും ചര്‍ച്ചാവേദിയുമായി. 

ദിവസവും മൂന്നു മണി മുതല് ആറുമണിവരെ ഈ കൂട്ടായ്മ ഇപ്പോള്‍ സീരിയസായ വിഷയങ്ങള്‍ വീട്ടിലിരുന്നു ചര്‍ച്ച ചെയ്യുകയാണ്. കോഴിക്കോട്ടെ പ്രമുഖ അഭിഭാഷകനും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പ്രാക്ടീസ് ചെയ്യുന്ന ശ്യാംപത്മനാണ് ഇങ്ങനെയൊരു ആശയം തുടങ്ങി വെച്ചത്. 2020 ഏപ്രില്‍ 23ന് പി.ടി മോഹന്‍കുമാറിന്റെ ക്ലാസ്സോടെയായിരുന്നു തുടക്കം. ഒറ്റ ദിവസം പോലും മുടങ്ങാതെയാണ് 100ലെത്തിയത്. എസ്.കെ.പ്രേരാജ്, പ്രൊഫ.ബി.ടി കൗള്‍, ജസ്റ്റിസ്മാരായിരുന്ന കെ.ജി.ബാലകൃഷ്ണന്‍, വി.രാംകുമാര്‍, കെ.എ. ബ്രഹാംമാത്യു, കുര്യന്‍ ജോസഫ്, കെമാല്‍പാഷ, കെ.ടി.ശങ്കരന്‍ തുടങ്ങി ഒട്ടേറെ പ്രമുഖരുടെ ക്ലാസാണ് ഇതിനകം കഴിഞ്ഞത്. 

അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയിരുന്ന ഇപ്പോഴത്തെ സുപ്രീം കോടതി ജഡ്ജി നാഗേശ്വര റാവു ശനിയാഴ്ച 100-ാമത്തെ ക്ലാസ്സ് നയിക്കും. സുപ്രീംകോടതി അഭിഭാഷകരും ജഡ്ജിമാരും രാജസ്ഥാന്‍, മുംബൈ ഹൈക്കോടതിയിലുള്ള സീനിയര്‍ അഭിഭാഷകരും ജസ്റ്റീസ്മാരും അടക്കം നിയമ പണ്ഡിതന്‍മാരുടെ ഇന്ത്യയാകെയുള്ള ഒരു വലിയ പ്ലാറ്റ്ഫോറം ആയിരിക്കുകയാണ്.ഇടയ്ക്ക് നിയമം വിട്ട് ആര്‍ക്കിയോളജിക്കല്‍ വിഷയവും ചര്‍ച്ചയ്‌ക്കെത്തി. കെ.കെ. മുഹമ്മദ് ആയിരുന്നു ക്ലാസ്സ്. കോവിഡുമായി ബന്ധപ്പെട്ട് ഡോ. രാജീവ് ജയദേവന്റെ ക്ലാസ്സും മാനസിക സമ്മര്‍ദ്ദം കൈകാര്യം ചെയ്യാനായി ചൈതന്യപുരിയുടെയും ക്ലാസ് ഉണ്ടായിരുന്നു.

20 പേരായിരുന്നു തുടക്കത്തില്‍. ജസ്റ്റീസ് രാംകുമാറിന്റെ ക്ലാസ്സോടെ 100 പേരായി. ഇപ്പോള്‍ 257 പേരടങ്ങുന്ന 5 വാട്‌സ്ആപ്പ് ഗ്രൂപ്പായി. അതില്‍ ക്ലാസിന്റെ വിവരങ്ങള്‍ നല്‍കും. 250-300 പേര്‍ ദിവസവും പങ്കെടുക്കും. സൂമിന്റെ പെയ്ഡ് പ്ലാറ്റ്‌ഫോം ആണ് ഉപയോഗിക്കുന്നത്. കോവിഡ് കാലത്തെ തൊഴില്‍ പ്രശ്‌നങ്ങള്‍, സാക്ഷികളുടെ വിശ്വാസ്യത പൊതുതത്വങ്ങള്‍, ക്രോസ് വിസ്താരം എന്ന കല, സൈബര്‍ നിയമം, വീട്ടുവേലക്കാര്‍, കോവിഡും കോവിഡാനന്തരവും ഒരു നിയമവിചാരം, ഗൃഹപീഡനങ്ങള്‍, മൗലികാവകാശങ്ങള്‍, നിയമജോലിയിലെ ടെന്‍ഷന്‍ ഉപഭോക്തൃനിയമങ്ങള്‍ തുടങ്ങി നിയമജ്ഞര്‍ക്കും നിയമ വിദ്യാര്‍ഥികള്‍ക്കും നിയമത്തെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരു മുതല്‍ക്കൂട്ടാണ് ഈ ക്ലാസ്സുകള്‍. ഇവ പിന്നീട് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുന്നതുകൊണ്ട് ആര്‍ക്കും പഠിക്കാം, മനസിലാക്കാം. 11 -ാമത്തെ ക്ലാസ്സ് മുതലാണ് യൂട്യൂബില്‍ അപ് ലോഡ് ചെയ്യാന്‍ തുടങ്ങിയത്. 30 വരെയുള്ള ക്ലാസ്സുകള്‍ അപ് ലോഡ് ചെയ്തു കഴിഞ്ഞു.

ഏവര്‍ക്കും സ്വാഗതം; കോപ്പിലെഫ്റ്റ് ആണ്

'വിവിധ ലോ കോളേജില്‍ നിന്ന് ഇത് സ്റ്റഡി മെറ്റീരിയല്‍ ആക്കിക്കോട്ടെ എന്നു ചോദിച്ച് വിളിച്ചിരുന്നു. ഞങ്ങള്‍ ഇത് കോപ്പിലെഫ്റ്റ് ആക്കിയിരിക്കുകയാണ്. അറിവ് നേടാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും സ്വാഗതം. ഇതില്‍ തന്നെ ചിലര്‍ക്ക് പറയുമ്പോള്‍ ചില തെറ്റുകള്‍ കടന്നുകൂടാം. അതിനെ അറിയുന്നവര്‍ അപ്പോ തന്നെ തിരുത്തുന്നുണ്ട്. അങ്ങിനെ തെറ്റ് തിരുത്തിയ കോപ്പി ഈ ബുക്കായി പ്രസിദ്ധികരിക്കാനും ഭാവിയിലെ നിയമവിദ്യാര്‍ഥികള്‍ക്കും അഭിഭാഷകസമൂഹത്തിനും പൊതുജനങ്ങള്‍ക്കും തന്നെയും മുതല്‍ക്കൂട്ടാവുന്ന രീതിയിലൊരു സമാഹാരവും ഉദ്ദേശിക്കുന്നു.'-ശ്യാംപത്മന്‍ പറഞ്ഞു.