ബാലുശ്ശേരി: ഏതു സ്കൂളിലാണ് പഠിക്കുന്നതെന്നു ചോദിച്ചാൽ കൃഷ്ണപ്രിയയ്ക്ക് സംശയമേതുമില്ല. നൻമണ്ട എ.യു.പി. സ്കൂൾ മൂന്നാംക്ലാസിലെന്ന് മറുപടി പറയും. മാതാപിതാക്കളും അധ്യാപകരും പറയുന്നതും അതുതന്നെ. പക്ഷേ, വിദ്യാഭ്യാസവകുപ്പിനു മുന്നിൽ അവൾ ‘വ്യാജക്കുട്ടി’യാണ്; അധ്യാപക തസ്തിക നിലനിർത്താനായി സ്കൂൾ നടത്തിയ വ്യാജ അഡ്മിഷൻ.

ഇക്കാരണം ചൂണ്ടിക്കാട്ടി മൂന്നാംക്ലാസ്‌തന്നെ വകുപ്പ് റദ്ദാക്കിയതോടെ സർക്കാർ കണക്കിൽ അവളിപ്പോൾ സ്കൂളിനു ‘പുറത്താ’ണ്. വ്യാജക്കുട്ടിയെ പഠിപ്പിച്ച അധ്യാപിക കൈപ്പറ്റിയ ആനുകൂല്യങ്ങൾ തിരിച്ചടയ്ക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ‘ഇല്ലാത്ത കുട്ടി’ക്ക് പുസ്തകവും യൂണിഫോമും ഉച്ചഭക്ഷണവും മറ്റും നൽകിയ വകയിൽ സർക്കാരിനുണ്ടായ ചെലവും തിരിച്ചടയ്ക്കണം. മൂന്നുവർഷത്തിനിടെ ഒട്ടേറെത്തവണ കൃഷ്ണപ്രിയയ്ക്ക് താൻ യഥാർഥ കുട്ടിയാണെന്ന് തെളിയിക്കാൻ പലയിടങ്ങളിൽ ഹാജരാകേണ്ടിവന്നു.

തർക്കങ്ങൾ അറിയാത്ത ഈ ഒമ്പതുവയസ്സുകാരി രണ്ടുദിവസമായി അമ്മയ്ക്കൊപ്പം സ്‌കൂളിലെത്തുന്നുണ്ട്. ക്ലാസ് റദ്ദാക്കിയതിനാൽ എത്രനാൾ തുടരാനാവുമെന്ന് ഉറപ്പില്ല.

2019-20 ജൂണിലാണ് വട്ടോളി കിനാലൂർ റോഡിലെ സാജു-ഷെബിലത ദമ്പതിമാരുടെ മകൾ കൃഷ്ണപ്രിയ ഒന്നാംക്ലാസിൽ ചേരുന്നത്. ജനന സർട്ടിഫിക്കറ്റ്, ആധാർകാർഡ് എന്നിവ സഹിതം 5833 അഡ്മിഷൻ നമ്പറിൽ അവൾ പ്രവേശനം നേടിയതായി സമ്പൂർണ സോഫ്റ്റ്‌വേറിലുണ്ട്. എന്നിട്ടും കൃഷ്ണപ്രിയ എന്ന കുട്ടി സ്കൂളിൽ പഠിക്കുന്നില്ല എന്ന പരാതി വിദ്യാഭ്യാസവകുപ്പിന്റെ പരിശോധനാ വിഭാഗമായ സൂപ്പർ ചെക്ക് സെല്ലിനു മുന്നിലെത്തി.

രണ്ടുതവണ സ്കൂളിൽ പരിശോധനയ്ക്കെത്തിയപ്പോഴും കുട്ടി ഹാജരായിരുന്നില്ല എന്നാണ് സെല്ലിലെ ഉദ്യോഗസ്ഥരുടെ വിശദീകരണം. എട്ടു കിലോമീറ്റർ അകലെയുള്ള സ്കൂളിലേക്ക് കുട്ടി വരുന്നതിനു പിന്നിൽ തസ്തിക നിലനിർത്തൽ തന്നെയാണെന്ന് വകുപ്പ് വാദിക്കുമ്പോൾ ഇതേ പ്രദേശത്തുനിന്നുതന്നെ വേറെയും കുട്ടികൾ സ്കൂളിലെത്തുന്നത് ഉദ്യോഗസ്ഥർ കണ്ടില്ലെന്നു നടിക്കുന്നതായി അധ്യാപകർ പറഞ്ഞു. പേര് രജിസ്റ്ററിൽനിന്ന് നീക്കംചെയ്യാത്ത സാഹചര്യത്തിൽ മറ്റൊരു സ്കൂളിൽ പ്രവേശനം നേടാനും അവൾക്ക് കഴിയില്ല.

കുട്ടി ക്ലാസിനു പുറത്തായെങ്കിലും 28 കൊല്ലം സർവീസുള്ള അധ്യാപികയ്ക്ക് സംരക്ഷണ നിയമപ്രകാരം മറ്റൊരു സ്കൂളിൽ നിയമനവും ലഭിച്ചുകഴിഞ്ഞു. എന്നാൽ, നൻമണ്ട എ.യു.പി. സ്കൂളിൽത്തന്നെ പഠിച്ചാൽമതിയെന്ന് ഈ മിടുക്കിയോട് ആർക്കും മറുപടി പറയാനാവുന്നില്ല.

Content Highlights: let the government decide were this so called fake student should study