കെ.ഇ.എൻ. കുഞ്ഞഹമ്മദ് | ഫോട്ടോ: രാമനാഥ് പൈ മാതൃഭൂമി
ആര്‍.എസ്.എസിനെ രാഷ്ട്രീയമായി നേരിടുന്നതില്‍ ഇടതുപക്ഷം ഗംഭീര മാതൃകയാണെങ്കിലും സംഘപരിവാറിന്റെ സാംസ്‌കാരികമായ മുന്നേറ്റം ചെറുക്കുന്നതില്‍ ഇടതുപക്ഷത്തിന് കാര്യമായി വിജയിക്കാനായിട്ടില്ലെന്ന് ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എന്‍. കുഞ്ഞഹമ്മദ് പറയുന്നു. ബാബറി മസ്ജിദ് കേസിലെ വിധിയുടെയും ഇതര സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തില്‍ കെ.ഇ.എന്നുമായി നടത്തിയ അഭിമുഖത്തിന്റെ അവസാന ഭാഗം.
ഇന്ത്യന്‍ ജനതയുടെ ഭഗധേയം നിശ്ചയിക്കുന്നതില്‍ നിര്‍ണ്ണായക ശക്തിയായി ആര്‍.എസ്.എസ്. മാറിക്കഴിഞ്ഞു എന്നതില്‍ സംശയമില്ല. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ സംഘപരിവാറിന്റെ വേരുകള്‍ ആഴത്തില്‍ പടര്‍ന്നിറങ്ങി കൊണ്ടിരിക്കുകയാണ്. ബഹുസ്വരമായ ഇന്ത്യയല്ല, ഒരൊറ്റ സ്വരത്തില്‍ ഹിന്ദുത്വയുടെ ഭാഷ സംസാരിക്കുന്ന ഇന്ത്യയാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നതെന്ന വിമര്‍ശത്തിന്റെ പരിസരത്തില്‍ ഈ വളര്‍ച്ച എങ്ങിനെയാണ് കാണുന്നത്?
വ്യത്യസ്ത വിശ്വാസങ്ങളുടെ സമാഹാരമാണ് ഇന്ത്യ. ഇന്ത്യയ്ക്ക് ഒരു മുഖമല്ല ഉള്ളത്. ഈ വ്യത്യസ്തമാര്‍ന്ന സംസ്‌കൃതികളെ ഹിന്ദുത്വയുടെ ഭൂമികയിലേക്ക് ഏകീകരിക്കാനാണ് ആര്‍.എസ്.എസ്. ശ്രമിക്കുന്നത്. ഈ ഘട്ടത്തില്‍ മഹാത്മാഗാന്ധിയെ നമുക്ക് മറക്കാനാവില്ല. ഗാന്ധിജിയുടെ അമ്മ ഹിന്ദു മതത്തിലെ പ്രണാമി സമ്പ്രദായമാണ് അനുശീലിച്ചിരുന്നത്. പ്രണാമി സമ്പ്രദായത്തില്‍ വിഗ്രഹങ്ങളില്ല. വ്യത്യസ്ത മതഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുന്നതും ഈ സമ്പ്രദായത്തിലെ രീതിയാണ്. ഗീതയും ബൈബിളും ഖുര്‍ആനും വായിച്ചുകൊണ്ട് ഗാന്ധിജി നടന്നത് ഈ വഴിയിലൂടെയാണ്. ഒരു രാമക്ഷേത്രത്തിലും പോകാതെയാണ് ഗാന്ധിജി രാമഭക്തനായത്. ദശരഥരാജാവിന്റെ മകനായല്ല, രാമനും റഹീമും ഒന്നിക്കുന്ന ധാരയായാണ് ഗാന്ധിജി രാമനെ കണ്ടത്. രാമരാജ്യത്തിന്റെ ഉത്തമമാതൃകയായി ഗാന്ധിജി ചൂണ്ടിക്കാട്ടിയത് രണ്ടാം ഖലീഫ ഉമര്‍ ബിന്‍ അല്‍ ഖത്താബിന്റെ ഭരണമാണ്.
ഇന്ത്യയുടെ വ്യത്യസ്തധാരകള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് ഗാന്ധിജി രാഷ്ട്രീയജിവിതം മുന്നോട്ടുകൊണ്ടുപോയത്. ഈ ബഹുസ്വരത ഇല്ലാതാക്കാനാണ് ആര്‍.എസ്.എസിന്റെ ശ്രമം. അതിനാണ് അവര്‍ ചരിത്രം മാറ്റിയെഴുതുന്നത്. ഉത്തരേന്ത്യയില്‍ പല സ്ഥലങ്ങളുടെയും പേരുകള്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്. പാഠപുസ്തകങ്ങളില്‍ പുതിയ ചരിത്രം കൊണ്ടുവരുന്നു. ഈ രാഷ്ട്രത്തിന്റെ നിര്‍മ്മാണപ്രക്രിയയില്‍ ജാതിമേല്‍ക്കോയ്മ പ്രത്യയശാസ്ത്ത്രത്തിനൊഴിച്ച് മറ്റൊന്നിനുമൊരു പങ്കുമില്ല എന്നു വരുത്തിത്തീര്‍ക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇതു തന്നെയാണ് ഘര്‍ വാപസി.
ജാതിമേല്‍ക്കോയ്മയുടെ ലോകത്തിലേക്ക് തിരിച്ചുവരിക എന്നാണിതിന്റെയര്‍ത്ഥം. ജാതിമേല്‍ക്കോയ്മയെ ധിക്കരിച്ച് മറ്റു മതങ്ങളിലേക്ക് പോയ അധഃസ്ഥിതരെ തറവാട്ടിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നാണ് ആര്‍.എസ്.എസ്. പറയുന്നത്. ഈ അധഃസഥിതരില്‍ ക്രിസ്ത്യാനികളും മുസ്ലിങ്ങളും ബുദ്ധമതാനുയായികളുമൊക്കെ ഉള്‍പ്പെടും. ഇന്ത്യയിലെ മുസ്ലിങ്ങളിലും ക്രിസ്ത്യാനികളിലും ബഹുഭൂരിപക്ഷവും മതം മാറിയ അധഃസ്ഥിതരാണ്. ആര്‍.എസ്.എസിന്റെ വ്യാപനം എന്നു പറഞ്ഞാല്‍ ജാതി മേല്‍ക്കോയ്മയുടെ തിരിച്ചുവരവ് എന്നു തന്നെയാണര്‍ത്ഥം. ഈ പ്രക്രിയയാണ് ഇന്നിപ്പോള്‍ ഇന്ത്യയില്‍ ശക്തമായിക്കൊണ്ടിരിക്കുന്നത്.
ഇവിടെ ഇടതുപക്ഷമുള്‍പ്പെടെയുള്ളവര്‍ ആത്മവിമര്‍ശം നടത്തേണ്ടതുണ്ടെന്നു തോന്നുന്നു. ഗാന്ധി വധത്തിന്റെ നിഴലില്‍ നിന്ന് ആര്‍.എസ്.എസിനെ പുറത്തേക്ക്കൊണ്ടുവന്നത് അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള പ്രക്ഷോഭത്തില്‍ അവരെക്കൂടി ഉള്‍പ്പെടുത്തിയ ജയപ്രകാശ് നാരായാണനാണ്. അന്ന് ഈ നീക്കത്തില്‍ പങ്കാളിയാകാനാവില്ലെന്ന് പറഞ്ഞാണ് സി.പി.എം. ജനറല്‍ സെക്രട്ടറി സ്ഥാനം പി. സുന്ദരയ്യ രാജി വെച്ചത്. പക്ഷേ, സ.ിപി.എ.ം അന്ന് സുന്ദരയ്യയുടെ നിലപാട് തള്ളിക്കളഞ്ഞു. ചരിത്രം കൃത്യമായി വായിക്കുന്നതില്‍ സി.പി.എം. ഉള്‍പ്പെടെയുള്ള ഇടതുപക്ഷം പരാജയപ്പെട്ടതിന്റെ തെളിവല്ലേ ഇത്?
ആര്‍.എസ്.എസ്. പോലൊരു ഫാസിസ്റ്റ് പ്രസ്ഥാനം അമിതാധികാരത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി എന്നത് ചരിത്രത്തിന്റെ ഐറണിയാണ്. ഇവിടെ നമ്മള്‍ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. സ്വതന്ത്ര ഇന്ത്യയില്‍ ജനാധിപത്യം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു അടിയന്തരാവസ്ഥ. അതിനെ പരാജയപ്പെടുത്തുക എന്നതായിരുന്നു അന്ന് അനിവാര്യം. ഈ അനിവാര്യതയാണ് ജെ.പി. മുതല്‍ ഇടതുപക്ഷം വരെയുള്ളവര്‍ അന്നഭിമുഖീകരിച്ചത്. അടിയന്തരാവസ്ഥയ്ക്ക് കീഴ്പ്പെടുക എന്നു പറഞ്ഞാല്‍ ജനാധിപത്യത്തിന്റെ അവസാനം എന്നു തന്നെയായിരുന്നു അര്‍ത്ഥം. ഇന്നിപ്പോള്‍ പിന്‍തിരിഞ്ഞുനോക്കുമ്പോള്‍ അന്നത്തെ പല പാളീച്ചകളും നമുക്ക് തിരിച്ചറിയാനാവും. പക്ഷേ, ആ ചരിത്രപരിസരത്തു നില്‍ക്കുമ്പോള്‍ നിഗമനങ്ങള്‍ വ്യത്യസ്തമാവും.
ഇവിടെ നമ്മള്‍ മനസ്സിലാക്കുകയും സമ്മതിക്കുകയും ചെയ്യേണ്ട ഒരു കാര്യം ആര്‍.എസ്.എസിന്റെ സാംസ്‌കാരിക മുന്നേറ്റം തടയുന്നതില്‍ ഇടതുപക്ഷമുള്‍പ്പൈടയുള്ള പുരോഗമന ശക്തികള്‍ക്ക് വീഴ്ച വന്നിട്ടുണ്ടെന്നു തന്നെയാണ്. സംഘപരിവാറിനെ രാഷ്ട്രീയമായി നേരിടുന്നതില്‍ ഇടതുപക്ഷം ഗംഭീര മാതൃകയാണെന്നതില്‍ സംശയമില്ല. പക്ഷേ, അവരുടെ സാംസ്‌കാരിക മേല്‍ക്കോയ്മ ചെറുക്കുന്നതില്‍ പരാജയമുണ്ടായിട്ടുണ്ടെന്ന് തിരിച്ചറിയുക തന്നെ വേണം. ഇത് ഇന്ത്യയിലെ ഇടതുപക്ഷത്തിനുണ്ടായ പരിമിതി തന്നെയാണ്. ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിനു മുമ്പും ജാതിമേല്‍ക്കോയ്മയുടെ ഭരണകൂടമുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷവും ജാതിമേല്‍ക്കോയ്മയുടെ സ്വാധീനം അദൃശ്യമായി തുടര്‍ന്നു.
ഇന്ത്യയില്‍ ആരും പഠിപ്പിക്കാതെ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഒരു സ്ഥാപനം ജാതിയാണ്. അതാരും ആര്‍ക്കും പ്രത്യേകമായി പഠിപ്പിച്ചുകൊടുക്കേണ്ട കാര്യമില്ല. ജാതിമേല്‍ക്കോയ്മയുടെ വിജയമാണിത്. ഒരു പ്രത്യയശസാസ്ത്രം എത്രകണ്ട് അദൃശ്യമാവുന്നോ അത്ര കണ്ട് അജയ്യമായിരിക്കും എന്ന് ഗ്രാംഷി പറഞ്ഞത് ജാതിമേല്‍ക്കേിയ്മയുടെ കാര്യത്തില്‍ അച്ചട്ടാണ്. ഇതിനെതിരെയുള്ള ചെറുത്തുനില്‍പില്‍ ഇടതുപക്ഷത്തിന് കാര്യമായി വിജയിക്കാനാവാതെ പോയി.
ജാതിമേല്‍ക്കോയ്ക്കെതിരെയുള്ള പോരാട്ടങ്ങള്‍ ആര്‍.എസ്.എസ്. പിടിച്ചെടുക്കുന്നതും നമ്മള്‍ കാണുന്നുണ്ട്. ഒരു വശത്ത് അംബദ്കറിനെ ഏറ്റെടുക്കുമ്പോള്‍ തന്നെ മറുവശത്ത് കൃത്യമായി ദളിത് ധ്വംസനങ്ങള്‍ നടക്കുന്നു. ഈ വൈരുദ്ധ്യം ജനസാമാന്യം തിരിച്ചറിയാതെ പോകുന്നതാണോ പുരോഗമന ശക്തികള്‍ നേരിടുന്ന പ്രതിസന്ധികളിലൊന്ന്?
അംബദ്കറിനെയും ഗാന്ധിജിയെയും മാത്രമല്ല, തങ്ങള്‍ക്കെതിരെ നിന്ന സകല പ്രത്യയശാസ്ത്രധാരകളെയും ഏറ്റെടുത്തുകൊണ്ട് അവയെ ഇല്ലാതാക്കുക എന്നത് ജാതിമേല്‍ക്കോയ്മയ്ക്ക് മാത്രം കഴിയുന്ന കാര്യമാണ്. ജാതിമേല്‍ക്കോയ്മയെ വെല്ലുവിളിച്ച ബുദ്ധനെ പതിനൊന്നാമത്തെ അവതാരമാക്കിക്കൊണ്ടാണ് ഏറ്റെടുത്തത്. ബുദ്ധന് സ്വര്‍ണ്ണ പ്രതിമയുണ്ടാവുന്നത് ഈ പരിസരത്തിലാണ്. അവസാനത്തെ മൗര്യ ചക്രവര്‍ത്തി ബൃഹദര്‍ത്തനെ വധിക്കുന്നത് പുഷ്യമിത്ര സംഘനാണ്. ബ്രാഹ്‌മണ മേല്‍ക്കോയ്മ തിരിച്ചുകൊണ്ടു വന്ന കാലത്ത് ഒരു ബുദ്ധഭിക്ഷുവിന്റെ ശിരസ്സിന് നൂറ് സ്വര്‍ണ്ണനാണയമായിരുന്നു വില. ബുദ്ധമതം ഇന്ത്യയില്‍ ഒരു മ്യൂസിയം പീസാവുന്നത് ഇങ്ങനെയൊക്കെയാണ്. ഇന്ത്യ സഹിഷണ്തയുടെ നാടാണെന്നൊക്കെ വീമ്പിളക്കാം. ലോകാ സമസ്തോ സുഖിനോ ഭവന്തു, അതിഥി ദേവോ ഭവ എന്നൊക്കെ പറച്ചിലില്‍ മാത്രമേയുള്ളു. അതിഥിയാവാന്‍ ബ്രാഹമണനു മാത്രമാണ് യോഗ്യത. ബ്രാഹ്‌മണനും പശുവിനും സുഖമായിരിക്കട്ടെ എന്നാണ് മറ്റൊരു ചൊല്ലുളളത്.
ഗാന്ധിജിയെയും സംഘപരിവാര്‍ വിദഗ്ധമായി പിടിച്ചെടുത്തു. 1980-ല്‍ ബി.ജെ.പിയുടെ സമ്മേളനം പ്രഖ്യാപിച്ചത് ഗാന്ധിയന്‍ സോഷ്യലിസമാണ് തങ്ങളുടെ നയമെന്നാണ്. മാനവികതയുടെ ഉദാത്ത ലോകത്തിലേക്കാണ് ഗാന്ധിജി സഞ്ചരിച്ചത്. ഒരു മനുഷ്യന് മറ്റൊരു മനുഷ്യന്റെ സാമീപ്യവും തണലും ഏറ്റവുമധികം വേണ്ടിവരുന്നത് ഒന്നിനും വയ്യാതെ കിടക്കപ്പായയില്‍ തന്നെ മല-മൂത്ര വിസര്‍ജ്ജനം നടത്തേണ്ടി വരുമ്പോഴാണ്. ഇവിടെയാണ് വിസര്‍ജ്ജനം സ്വമേധയാ ഏറ്റെടുത്തുകൊണ്ട് ഗാന്ധിജി വഴികാട്ടിയായത്. ഈ ഗാന്ധിജിയെ ഒരു തൂപ്പുകാരനായി അവതരിപ്പിച്ചു കൊണ്ടാണ് ജാതിമേല്‍ക്കോയ്മ ഏറ്റെടുക്കുന്നത്.
ജാതി മേല്‍ക്കോയ്മയുടെ തലച്ചോറും ഹൃദയവും തകര്‍ത്തയാളാണ് അംബദ്കര്‍. ലോകം കണ്ട ഏറ്റവും നാടകീയമായ മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ആളാണ് അംബദ്കര്‍. മൂന്നര ലക്ഷത്തോളം പേരാണ് 1956-ല്‍ അംബദ്കറുടെ നേതൃത്വത്തില്‍ ബുദ്ധമതത്തലേക്ക് മാറിയത്. മനുസ്മൃതി ചുട്ടുകരിക്കുകയും ഹിന്ദു മതശാസ്ത്രങ്ങള്‍ ബ്രാഹമ്ണ്യത്തിന്റെ സൃഷ്ടികളാണെന്ന് വിമര്‍ശിക്കുകയും ചെയ്ത അംബദ്കറെ ഏറ്റെടുക്കുന്നതിനും ആര്‍.എസ്.എസിന് മടിയുണ്ടായില്ല. അംബദ്കര്‍ ആര്‍.എസ്.എസ്. ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നുവെന്നാണ് മോഹന്‍ ഭാഗവത് പറഞ്ഞത്. ഗാന്ധിവധത്തിനെ തുടര്‍ന്ന് ആര്‍.എസ്.എസിനെയും ഹിന്ദു മഹാസഭയെയും നിശിതമായി വിമര്‍ശിച്ച ആളായിരുന്നു പട്ടേല്‍. ഈ പട്ടേലിനെ പ്രതിമയാക്കി ഏറ്റെടുക്കാന്‍ ആര്‍.എസ്.എസിനായി.
നരേന്ദ്ര മോദിയുള്‍പ്പെടെയുള്ളവര്‍ ഇതു തന്നെയാണ് ചെയ്യുന്നത്. ദളിതരെ ആദര്‍ശവത്കരിക്കുന്നത് ഇതിന്റെ ഭാഗമാണ്. അവര്‍ ചെയ്യുന്ന മാലിന്യ നിര്‍മ്മാര്‍ജ്ജനം പുരോഹിതരുടെ കര്‍മ്മം പോലെയാണെന്ന് വാഴ്ത്തുന്നത് ഈ വഴിക്കുള്ള നീക്കമാണ്. അംബദ്കര്‍ ഒരിടത്തു പറയുന്നുണ്ട് ഇന്ത്യയില്‍ രാജാവിനും മുകളിലാണ് പുരോഹിതന്‍ എന്ന്. ന്യായാധിപനും മുകളില്‍ എന്നാണ് അംബദ്കര്‍ ഉപയോഗിച്ചത്. ഇന്നിപ്പോള്‍ ഇന്ത്യയില്‍ പ്രധാനമന്ത്രിയും ന്യായാധിപനും പുരോഹിതന്റെ ഭാഷ സംസാരിക്കുന്നതാണ് നമ്മള്‍ കാണുന്നത്.
ജാതിവൈരുദ്ധ്യങ്ങള്‍ മതവൈരുദ്ധ്യങ്ങളായി അവതരിപ്പിക്കുന്നതില്‍ സംഘപരിവാറിന് വിജയിക്കാനായി. മുസ്ലിങ്ങള്‍, ക്രിസ്ത്യാനികള്‍, കമ്മ്യൂണിസ്റ്റുകാര്‍ എന്ന അപരരാണ് ശത്രുക്കള്‍ എന്ന് വരുത്തിത്തീര്‍ക്കാനും അവര്‍ക്കായി. ലോകത്തിന്നിപ്പോള്‍ ഏറ്റവും സമ്പന്നമായ രാഷ്ട്രീയപാര്‍ട്ടി ബി.ജെ.പിയാണ്. തിരഞ്ഞെടുക്കപ്പെടുന്ന എം.എല്‍.എമാരെ കോടികള്‍ കൊടുത്ത് വിലയ്ക്കെടുത്ത്, ചോര ചിന്താതെ തന്നെ ജനാധിപത്യം അട്ടിമറിക്കാന്‍ ബി.ജെ.പിക്കാവും. ദളിതരുടെ ഇടയില്‍ നിന്നുയര്‍ന്നുവരുന്ന പ്രതിഭാശാലികളെയും നേതാക്കളെയും പല രീതിയില്‍ വിലയ്ക്കെടുക്കാന്‍ അവര്‍ക്കാവും.
ഇടതുപക്ഷവും കോണ്‍ഗ്രസുമുള്‍പ്പെടെയുള്ള പ്രതിപക്ഷം ദുര്‍ബ്ബലമാവുന്ന ഈ ഘട്ടത്തില്‍ ഇന്ത്യയിലെ ജനസമൂഹത്തില്‍ വലിയൊരു നിരാശ പടരുന്നതുപോലെ തോന്നുന്നുണ്ട്. ഈ പ്രതിസന്ധിയില്‍ ജനങ്ങള്‍ വല്ലാതെ നിരാശാഭരിതരാവുകയാണ്. ഈ തുരങ്കത്തിനപ്പുറത്ത് താങ്കള്‍ വെളിച്ചം കാണുന്നുണ്ടോ?
ഞാന്‍ അവസാനമെഴുതിയ പുസ്തകത്തിന്റെ പേര് 'നിരാശയെങ്കിലും തോന്നാത്തവരെ സൂക്ഷിക്കുക' എന്നാണ്. ഈ ഘട്ടത്തില്‍ നമുക്ക് നിരാശയെങ്കിലും തോന്നണം. ഇന്ന് നിരാശരാവുക എന്ന് പറഞ്ഞാല്‍ ജനാധിപത്യ വിശ്വാസികളാവുക എന്നതിന്റെ ചുരുക്കമാണ്. ഇത്തരമൊരു നിരാശ നീറിപ്പടരുമ്പോഴാണ് പുതിയൊരു പ്രതിരോധം ഉയരുക. നമ്മുടെ പല പ്രത്യാശകളും പൊള്ളയാണ്. ഇപ്പോള്‍ പേടിക്കേണ്ടത് കാര്യങ്ങള്‍ ഇത്രമേല്‍ തല കീഴായി മറിഞ്ഞിട്ടും ഒരു പ്രശ്നവുമില്ലാതെ ശുഭപ്രതീക്ഷ വെച്ചു പുലര്‍ത്തുന്നവരെയാണ്. ശത്രുവിന്റെ ശക്തി തിരിച്ചറിയാത്ത പ്രത്യാശയേക്കാള്‍ നല്ലത് ശത്രുവിനെ കൃത്യമായി തിരിച്ചറിയുന്ന നിരാശയാണ്.
ഷഹിന്‍ബാഗ് സമരമാണ് ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണം. ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരം മാത്രമായിരുന്നില്ല അത്. നവ ഉദാരവത്കരണ സാമ്പത്തിക ശക്തികള്‍ക്കെതിരെയുള്ള പ്രക്ഷോഭം കൂടിയായിരുന്നു അത്. ഇന്നലെ വരെ ഒരു സമരത്തിലും പങ്കെടുക്കാതിരുന്നവരാണ് ഈ സമരത്തില്‍ പങ്കെടുത്തത്. നവ ഫാസിസത്തിനെിരെയുള്ള സമഗ്രമായ സമരമായിരുന്നു അത്. ഒരുദാഹരണം പറയാം. അവിടത്തെ ഒരു ബസ്സ്റ്റോപ് സമരാനുകൂലികള്‍ ലൈബ്രറിയാക്കി മാറ്റിയിരുന്നു. ഈ വായനശാലയുടെ പേര് സാവിത്രി ഫൂലെ ഫാത്തിമ ഷെയ്ക്ക് സ്മാരക ലൈബ്രറി എന്നായിരുന്നു. ജോതി ഫൂലെയുടെ ഭാര്യ സാവിത്രി ഫുലെ അധഃസ്ഥിതര്‍ക്കായി വിദ്യാലയങ്ങള്‍ തുടങ്ങിയിരുന്നു. ഇതു കാരണമാണ് ഞങ്ങളുടെ വിദ്യാദേവത സരസ്വതിയല്ലെന്നും സാവിത്രിയാണെന്നുമുള്ള മുദ്രാവാക്യങ്ങള്‍ അധഃസ്ഥിതര്‍ മുഴക്കിയത്. ഇത്തരമൊരു വിദ്യാലയത്തിലെ അദ്ധ്യാപികയായിരുന്നു ഫാത്തിമ ഷെയ്ക്ക്. ഇതിന്റെ ഓര്‍മ്മയിലാണ് ഷഹിന്‍ബാഗ് സമരക്കാര്‍ ഇങ്ങനെയൊരു പേര് വായനശാലയ്ക്കായി തിരഞ്ഞെടുത്തത്.
ഷഹിന്‍ബാഗുപോലുള്ള ചെറുത്തു നില്‍പുകളാണ് വരാനിരിക്കുന്നത്. ഇപ്പോള്‍ നമ്മള്‍ കാണുന്ന നിരാശ ജന്മം കൊടുക്കുന്നത് ഇത്തരം സമരമുറകള്‍ക്കായിരിക്കുമെന്നും ഇതിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഫാസിസത്തിനാവില്ലെന്നും തന്നെയാണ് ഒരു ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാന്‍ വിശ്വസിക്കുന്നത്.
Content Highlights: Left failed in fight with cultural supremacy of RSS, says KEN Kunhahammed
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..