ലീലാ ദാമോദരമേനോൻ ജന്മശതാബ്ദി; ‘ലീലേടത്തി’യുടെ ഓർമകളിൽ കളപ്പുരയ്ക്കൽ തറവാട്


'ലീലേടത്തി' എന്നറിയപ്പെട്ടിരുന്ന ലീലാ ദാമോദര മേനോന്റെ ജന്മശതാബ്ദിയായിരുന്നു ബുധനാഴ്ച

ലീലാ ദാമോദരമേനോൻ | ഫയൽ ചിത്രം (മാതൃഭൂമി)

കരുമാലൂർ (കൊച്ചി): ‘‘അമ്മായിയും അമ്മാവനും മാസത്തിൽ ഒരു വെള്ളിയാഴ്ച തറവാട്ടിലെത്തും, പരദേവതയുടെ വാളും ചിലമ്പും സൂക്ഷിക്കുന്ന പൂജാമുറിയിൽ അവർ ധ്യാനത്തിലിരിക്കും...’’ കരുമാലൂരിലെ കളപ്പുരയ്ക്കൽ തറവാടിനു മുന്നിൽ, ഓർമകളുടെ ഉമ്മറപ്പടിയിലേക്ക് കയറിനിന്നു രാധാ രവീന്ദ്രൻ.

ഒരുകാലത്ത് മലയാളിയുടെ ഏട്ടനും ഏടത്തിയുമായിരുന്ന സ്വാതന്ത്ര്യസമര സേനാനിയും 'മാതൃഭൂമി' മുൻ പത്രാധിപരുമായിരുന്ന കെ.എ. ദാമോദര മേനോനും ഭാര്യ ലീലാ ദാമോദര മേനോനുമായിരുന്നു ആ അമ്മാവനും അമ്മായിയും. 'ലീലേടത്തി' എന്നറിയപ്പെട്ടിരുന്ന ലീലാ ദാമോദര മേനോന്റെ ജന്മശതാബ്ദിയായിരുന്നു ബുധനാഴ്ച.

കേരളത്തിന്റെ സ്ത്രീശക്തിയുടെ പ്രതീകമായിരുന്നു ലീലാ ദാമോദര മേനോൻ. ആദ്യ കേരള നിയമസഭയിലടക്കം മൂന്നുവട്ടം നിയമസഭാംഗം, രാജ്യസഭാംഗം, ഐക്യരാഷ്ട്രസഭയിലെ മനുഷ്യാവകാശ കമ്മിഷൻ പ്രതിനിധി.

അതിലുമപ്പുറം സ്വാതന്ത്ര്യത്തിനു മുമ്പുള്ള കോൺഗ്രസുമായി സ്വാതന്ത്ര്യാനന്തര തലമുറയെ ബന്ധിപ്പിച്ചിരുന്ന കണ്ണികളിലൊന്ന്.

കരുമാല്ലൂർ തട്ടാംപടിക്കു സമീപമാണ് ദാമോദര മേനോന്റെ തറവാടായിരുന്ന കളപ്പുരയ്ക്കൽ തറവാട്. ഒരുകാലത്ത് ആൾത്താമസമില്ലാതായി മാറിയ തറവാട്ടിലേക്ക് മാറാൻ ദാമോദര മേനോന്റെ സഹോദരിയുടെ മകളായ ആനന്ദവല്ലിയമ്മയോട് ആവശ്യപ്പെട്ടതും 'ലീലേടത്തി'യാണ്. ആനന്ദവല്ലിയമ്മയുടെ മകളാണ് രാധാ രവീന്ദ്രൻ.

പാലക്കാട്ട് പരുത്തിപ്പള്ളി വീട്ടിൽ 1924 ജനുവരി 4-നാണ് ലീലയുടെ ജനനം. സാമ്പത്തിക ശാസ്ത്രത്തിലും രാഷ്ട്രമീമാംസയിലും ബിരുദം നേടി. ഹിന്ദിയിൽ രാഷ്ട്ര വിശാരദ് ബിരുദവും.

ദാമോദര മേനോനെ വിവാഹം ചെയ്ത് കോഴിക്കോട്ടെത്തിയതോടെയാണ് ലീല സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്.

ആദ്യ കേരള നിയമസഭയിലും രണ്ടാമത്തേതിലും കുന്നമംഗലത്തുനിന്നും പിന്നീട് 1987-ൽ പട്ടാമ്പിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. 1971-ൽ വടകര ലോക്‌സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയായി കോൺഗ്രസ് സംസ്ഥാന സമിതി തീരുമാനിച്ചെങ്കിലും ഇന്ദിരാഗാന്ധി പേരുവെട്ടിയത് അപ്രതീക്ഷിതമായി. പകരം കെ.പി. ഉണ്ണികൃഷ്ണനെത്തി.

1974-80 കാലഘട്ടത്തിൽ രാജ്യസഭാംഗമായി. വിയന്നയിൽ നടന്ന യു.എൻ. ഐ.ഡി.ഒ.യുടെ സമ്മേളനത്തിൽ പ്രതിനിധിയായി ലീലാദാമോദര മേനോനെത്തന്നെ ഇന്ദിരാഗാന്ധിതന്നെ നിയോഗിക്കുകയും ചെയ്തു. 'ചേട്ടന്റെ നിഴലിൽ' എന്ന ആത്മകഥയ്ക്ക് 1986-ൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു. 1995 ഒക്ടോബറിലാണ് അന്തരിച്ചത്.

Content Highlights: leela damodaramenon birth centenary kalappuaraykkal tharavad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023

Most Commented