തിരുവനന്തപുരം: വീട്ടുകരം തട്ടിപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കും മുമ്പ് നഗരസഭയില്‍ വീണ്ടും അഴിമതി ആരോപണം. നഗരത്തില്‍ എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനായി യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസിന് രണ്ടരക്കോടിയുടെ കരാര്‍ കോര്‍പ്പറേഷന്‍ നല്‍കിയത് സര്‍ക്കാര്‍ ഉത്തരവുകള്‍ കാറ്റില്‍പ്പറത്തിയെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. 

2021 ഫെബ്രുവരിയിലുള്ള കരാറിലൂടെ 18 ലക്ഷം രൂപയുടെ അഴിമതി നടന്നെന്നാണ് ആരോപണം. അഞ്ച് ലക്ഷത്തിന് മുകളിലുള്ള കരാറുകളെല്ലാം ഇ ടെന്‍ഡര്‍ വിളിക്കാതെ നല്‍കുന്നത് ചട്ടവിരുദ്ധമാണെന്ന് ഉന്നത ഉദ്യോഗസ്ഥരടക്കം ചൂണ്ടിക്കാട്ടിയിട്ടും ടെന്‍ഡര്‍ ക്യാന്‍സല്‍ ചെയ്ത് കരാര്‍ നല്‍കിയതില്‍ അഴിമതിയുണ്ടെന്ന ആരോപണം ശക്തമാണ്. പഴയ വൈദ്യുതി വിളക്കുകള്‍ ഉപയോഗിക്കുന്നതിനാല്‍ നഗരസഭയ്ക്ക് വൈദ്യുതി ചാര്‍ജ് ഇനത്തില്‍ ഭീമമായ തുക അടയ്ക്കേണ്ടി വരുന്നുവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് എല്‍ഇഡി ലൈറ്റുകള്‍ വാങ്ങാന്‍ തീരുമാനിക്കുന്നത്. 

10,000 എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിക്കാന്‍ നഗരസഭ ആദ്യം ഇ ടെന്‍ഡര്‍ അപേക്ഷകള്‍ ക്ഷണിച്ചിരുന്നു. പൊതുമേഖല സ്ഥാപനങ്ങളായ കെല്‍ട്രോണ്‍, കെ.എസ്.ഐ.ഇ, കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനിയറിംഗ് ലിമിറ്റഡ് (കെല്‍) എന്നിവര്‍ ക്വട്ടേഷന്‍ നല്‍കി. കെല്‍ ഏറ്റവും കുറഞ്ഞ തുകയായ 2350 രൂപയാണ് ക്വോട്ട് ചെയ്തത്. 2450 രൂപയായിരുന്നു യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇ ടെന്‍ഡറില്‍ ക്വോട്ട് ചെയ്തിരുന്നത്. 

എന്നാല്‍ ഇ-ടെന്‍ഡര്‍ മറികടന്ന് യുണൈറ്റഡ് ഇലക്ട്രിക്കല്‍സിന് കരാറ് നല്‍കിയതാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. കരാര്‍ തുക കുറവായിരുന്നിട്ടും തങ്ങളെ ഒഴിവാക്കി മറ്റൊരു കമ്പനിക്ക് കരാര്‍ നല്‍കിയതിനെ ചോദ്യംചെയ്ത് കെല്‍ മേയര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇ ടെന്‍ഡര്‍ വേണ്ടെന്ന് വെച്ച് യുണൈറ്റഡ് ഇലക്ട്രിക്കല്‍സിന് കരാര്‍ നല്‍കിയതിനെ ചോദ്യം ചെയ്ത് ബിജെപി അടുത്ത സമരത്തിന് ഒരുക്കം തുടങ്ങി.

യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡുമായി കരാറിലേര്‍പ്പെട്ട നടപടി മാര്‍ച്ച് 19ലെ കൗണ്‍സില്‍ യോഗം അംഗീകരിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍ അതിനെ പ്രതിരോധിക്കുന്നത്. കഴിഞ്ഞ ജനുവരി 30ന് കൂടിയ കൗണ്‍സില്‍ യോഗത്തില്‍ ടെന്‍ഡര്‍ നടപടികളിലൂടെ എല്‍.ഇ.ഡി ലൈറ്റുകള്‍ വാങ്ങാനാണ് തീരുമാനിച്ചത്. യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് എന്ന സ്ഥാപനത്തില്‍ നിന്നു വാങ്ങാന്‍ തീരുമാനിച്ചെന്ന് രേഖകളിലുണ്ടെങ്കില്‍ അത് മിനിട്സ് തിരുത്തിയതായിരിക്കാമെന്ന് ബി.ജെ.പി ആരോപിക്കുന്നത്. 

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 2018ലെ ഉത്തരവ് അനുസരിച്ച് യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനത്തില്‍ നിന്ന് എല്‍.ഇ.ഡി ലൈറ്റുകള്‍ ഉള്‍പ്പെടെയുള്ള തെരുവ് വിളക്കുകള്‍ ടെന്‍ഡര്‍ കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വാങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും മേയര്‍ പറയുന്നു. 

എന്നാല്‍ സര്‍ക്കാരിന്റെ തന്നെ 2016ലെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം വാദം പൊളിച്ചത്. 2016ലെ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ഏജന്‍സികള്‍ സ്വന്തമായി നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ മാത്രമേ ടെന്‍ഡര്‍ നടപടികള്‍ കൂടാതെ വാങ്ങാന്‍ പാടുള്ളൂ. മാത്രമല്ല അക്രഡിറ്റഡ് ഏജന്‍സിയെ തിരഞ്ഞെടുക്കുന്നത് ബിഡ്ഡിംഗ് നടപടികളിലൂടെയാകണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ നഗരസഭയ്ക്ക് എല്‍ഇഡി ലൈറ്റുകള്‍ വിതരണം ചെയ്യുന്ന യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് സ്വന്തമായി നിര്‍മ്മിച്ച ലൈറ്റുകളല്ല നല്‍കുന്നത്. പകരം മറ്റൊരു കമ്പനിയുടെ ഉത്പന്നം യൂണൈറ്റഡ് ഇലക്ട്രിക്കല്‍സിന്റെ സ്റ്റിക്കര്‍ ഒട്ടിച്ച് വിതരണം ചെയ്യുകയാണ് ചെയ്യുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

ഇതിന്റെ ദൃശ്യങ്ങളും ബിജെപി പുറത്തുവിട്ടു. ഇലക്ട്രിക്കല്‍ ഉത്പന്നങ്ങളും എല്‍.ഇ.ഡി വിളക്കുകളും സ്വന്തമായി നിര്‍മിക്കുകയും മറ്റ് സ്ഥാപനങ്ങളുടെ ഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ച് നല്‍കുന്ന ജോലിയും യുണൈറ്റഡില്‍ വര്‍ഷങ്ങളായി നടക്കുന്നതാണെന്നാണ് ഇതിന് മേയര്‍ നല്‍കുന്ന മറുപടി. എന്നാല്‍ മറ്റൊരു കമ്പനിയുടെ പേര് മീറ്റര്‍ കമ്പനിയുടെ സ്റ്റിക്കര്‍ ഉപയോഗിച്ച് മറച്ച് വിതരണം ചെയ്യുന്നതായാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. 

നടപടികളിലൂടെയല്ലാതെ ഉത്പന്നങ്ങള്‍ വാങ്ങാമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള ഒരേയൊരു സ്ഥാപനം യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ആണെന്ന വാദവും തെറ്റാണ്. കേരള ഗ്രാമജ്യോതി ലൈറ്റിംഗ്, കെല്‍ട്രോണ്‍, ആര്‍ട്ക്കോ, കെല്‍, സില്‍ക്ക് എന്നീ പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ടെന്‍ഡര്‍ കൂടാതെ നേരിട്ട് എല്‍.ഇ.ഡി ലൈറ്റുകള്‍ വാങ്ങാമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇത് ഉയര്‍ത്തിയാണ് അടുത്ത ആരോപണം.

ഇതോടെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ 10,000 എല്‍.ഇ.ഡി ലൈറ്റുകള്‍ അടിയന്തരമായി യുണൈറ്റഡ് ഇലക്ട്രിക്കല്‍സില്‍ നിന്നു വാങ്ങാന്‍ തീരുമാനിച്ചെന്ന വാദമാണ് പിന്നീടുയര്‍ന്നത്. എന്നാല്‍ സ്റ്റിയറിംഗ് കമ്മിറ്റിക്ക് പര്‍ച്ചേസ് തീരുമാനമെടുക്കാനുള്ള അധികാരമില്ല എന്നതാണ് യാഥാര്‍ഥ്യം. വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളില്‍ നിന്നുള്‍പ്പെടെ വരുന്ന കാര്യങ്ങളുടെ സാധ്യത പരിശോധിക്കുന്നതിനും അതില്‍ അടിയന്തര കാര്യങ്ങള്‍ നഗരസഭാ കൗണ്‍സിലിന്റെ അനുമതിക്കായി കൊണ്ടുവരുന്നതിനും മാത്രമേ ഉത്തരവാദിത്വമുള്ളൂ. മുനിസിപ്പല്‍ ആക്ടിന്റെ 23ാം സെക്ഷനില്‍ സ്റ്റിയറിംഗ് കമ്മിറ്റിയുടെ ചുമതല പറയുന്നുമുണ്ട്.

ഏതായാലും വീട്ടുകരം തട്ടിപ്പില്‍ മുഖം നഷ്ടപ്പെട്ട നഗരസഭാ ഭരണ സമിതിക്ക് അടുത്ത വിവാദവും തലവേദന ആയിരിക്കുകയാണ്. ആഴ്ചകള്‍ നീണ്ടുനിന്ന സമരമാണ് പ്രതിപക്ഷം വീട്ടുകരം തട്ടിപ്പില്‍ നടത്തിയത്. അതിന്റെ ക്ഷീണം മാറുന്നതിന് മുമ്പുതന്നെ അടുത്ത അഴിമതി ആരോപണം ഉയര്‍ന്നത് സിപിഎമ്മിനും തലവേദനയായിരിക്കുകയാണ്.

കോടിയേരിയുടെ ബന്ധുവാണ് യുണൈറ്റഡ് ഇലക്ട്രിക്കല്‍സിന്റെ ജനറല്‍ മാനേജര്‍. അപ്പോള്‍ മറ്റൊരു കമ്പനിയുടെ എല്‍ഇഡി യൂണിറ്റിലെ പേര് സ്റ്റിക്കര്‍ ഒട്ടിച്ച് മറച്ച് യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് തിരുവനന്തപുരം നഗരസഭയ്ക്ക് നല്‍കുന്നതിലെ അഴിമതി ആരോപണത്തിന്റെ ഉന്നം സിപിഎമ്മിന് നേരെയാണ് ഉയര്‍ത്തുന്നത്.

content highlights: LED light allegation against Thiruvananthapuram corporation