പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: അധ്യക്ഷനെയും പ്രതിപക്ഷനേതാവിനെയും തിരഞ്ഞെടുക്കുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനെതിരെ വിമർശനവുമായി ലീഗ് മുഖപത്രം 'ചന്ദ്രിക'. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വലിയ തിരിച്ചടികള്‍ നേരിട്ടു. ഈ ഘട്ടത്തില്‍ പാര്‍ട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിലെ അനിശ്ചിതത്വം തുടരുന്നത് ഗുണം ചെയ്യില്ലെന്ന് ചന്ദ്രിക മുഖപ്രസംഗത്തില്‍ പറയുന്നു.
മെയ് 24, 25 തീയതികളില്‍ നിയമസഭ ചേരുന്നതിന് തീരുമാനിച്ചിരിക്കേ ഇപ്പോഴും പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. കോണ്‍ഗ്രസിനകത്ത് മുതിര്‍ന്ന നേതാക്കള്‍ പരസ്പരം അഭിപ്രായഭിന്നത തുറന്നുപ്രകടിപ്പിക്കുകയാണ്. പാര്‍ലമെന്റില്‍ വിടവാങ്ങല്‍ പ്രസംഗം നടത്തവെ പ്രധാനമന്ത്രി മോദിയെ ഗുലാംനബി ആസാദ് പ്രകീര്‍ത്തിച്ചത് പ്രതിപക്ഷ ധര്‍മമല്ല.
പിണറായി വിജയന് പുതുമുഖങ്ങളെ അണിനിരത്തിയാണ് തുടര്‍ഭരണം പിടിച്ചതെന്ന് പറയുമ്പോള്‍ അത് വര്‍ഷങ്ങള്‍ക്കുമുമ്പേ ജില്ലാ അധ്യക്ഷന്മാരുടെ കാര്യത്തില്‍ കോണ്‍ഗ്രസ് നടപ്പാക്കിയതാണ്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലും 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും യുവ-പുതുനിരയെയാണ് കോണ്‍ഗ്രസ് ജനത്തിനുമുന്നില്‍ അണിനിരത്തിയതും. എങ്കിലും താഴെത്തട്ടില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം വേണ്ടത്ര ശോഭിക്കുന്നില്ല. ഇത് പരിഹരിക്കണം. അതിന് നേതൃത്വം മാതൃക കാട്ടണം.
ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് സഹായിച്ച ഘടകങ്ങളെ പ്രയോജനപ്പെടുത്തുകയും കൂടുതല്‍ ജനങ്ങളിലേക്കിറങ്ങി കൂടുതല്‍ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ഈ തിരിച്ചടിയെ മറികടക്കാം. കോണ്‍ഗ്രസില്‍ തുറന്ന ആശയവിനിമയവും സംഘടനാരീതിയും വരണമെന്നും ചന്ദ്രിക മുഖപ്രസംഗത്തില്‍ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..