തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ വി.ഡി.സതീശനെ കോൺഗ്രസ് പ്രവർത്തർ സ്വീകരിക്കുന്നു |ഫോട്ടോ:എസ്.ശ്രീകേഷ്
തിരുവനന്തപുരം: തൃക്കാക്കരയിലെ മിന്നും വിജയത്തിന് ശേഷം തിരുവനന്തപുരത്ത് എത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരണമൊരുക്കി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സതീശനെ മുദ്രാവാക്യങ്ങളോടെ സ്വീകരിച്ചു. ഇതിനിടെ സതീശനെ 'ലീഡര്‍' എന്ന് വിശേഷിപ്പിച്ച് തിരുവനന്തപുരത്തും കൊച്ചിയിലും ഫ്‌ളക്‌സുകള്‍ ഉയര്‍ന്നു. എന്നാല്‍ ക്യാപ്റ്റന്‍ വിളി, ലീഡര്‍ വിളി പോലെയുള്ള കെണിയിലൊന്നും താന്‍ വീഴില്ലെന്ന് സതീശന്‍ പ്രതികരിച്ചു. അതൊക്കെ നേരത്തെ വ്യക്തമാക്കിയതാണ്. തങ്ങളുടേത് കൂട്ടായ നേതൃത്വമാണ്. തന്റെ ചിത്രം മാത്രമുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ എവിടെയെങ്കിലും സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ അത് നീക്കം ചെയ്യണമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
തൃക്കാക്കരയിലെ വിജയത്തിന്റെ ക്രെഡിറ്റ് തനിക്ക് മേല്‍ കെട്ടിവെക്കുന്നത് പാര്‍ട്ടിയില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കുമെന്നും തിരിച്ചടിയാകാനുള്ള അപകടസാധ്യതയും മുന്നില്‍ കണ്ടാണ് സതീശന്റെ പ്രതികരണം. തിരുവനന്തപുരത്തെ സ്വീകരണം പ്രവര്‍ത്തകര്‍ സന്തോഷം പ്രകടിപ്പിക്കുന്നതായി കണ്ടാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.
'തുടര്‍ച്ചയായ തോല്‍വികള്‍ ഉണ്ടായതിന് ശേഷം തൃക്കാക്കരയില്‍ ഉണ്ടായ ഉജ്ജ്വല വിജയം കേരളത്തില്‍ കോണ്‍ഗ്രസ്- യു.ഡി.എഫ്. പ്രവര്‍ത്തകര്‍ക്കിടയില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. അതിന്റെ ഒരു പ്രതികരണമാണ് ഈ സ്വീകരണവും മറ്റും. തൃക്കാക്കരയിലെ ജയം ഒരു തുടക്കം മാത്രമാണ്. ഒരുപാട് കഠിനാധ്വനം ചെയ്യേണ്ടതുണ്ട്. വിശ്രമമില്ലാതെ പ്രവര്‍ത്തനം നടത്തിയാല്‍ മാത്രമാണ് യു.ഡി.എഫിന് കേരളത്തില്‍ തിരിച്ചുവരാന്‍ സാധിക്കുകയുള്ളൂ. അതിന് വേണ്ടിയുള്ള ആത്മവിശ്വാസമാണ് തൃക്കാക്കരയിലെ ജനങ്ങള്‍ നല്‍കിയിട്ടുള്ളത്. അത് കൈമുതലാക്കി കൂടുതല്‍ കഠിനാധ്വാനം ചെയ്ത് മുന്നോട്ട് പോകണം. ഈ ആവേശം താത്കാലിമാക്കാതെ സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകും. കെ.പി.സി.സി. അധ്യക്ഷന്‍ നാളെ തിരിച്ചെത്തിയാല്‍ ഈ മാസം തന്നെ പ്രധാന നേതാക്കളെ വിളിച്ച് ചര്‍ച്ചകള്‍ നടത്തും.' സതീശന്‍ പറഞ്ഞു.
"താന്‍ ലീഡറല്ല. കേരളത്തില്‍ ഒരേയൊരു ലീഡറേയുള്ളൂ. അത് കെ. കരുണാകരനാണ്. അതിന് പകരം വെക്കാനുള്ള ആളൊന്നുമല്ല താന്‍. അദ്ദേഹം വളരെ ഉയരത്തില്‍ നില്‍ക്കുന്ന ആളാണ്. മറ്റുള്ളതൊക്കെ പ്രവര്‍ത്തകര്‍ അവരുടെ ആവേശത്തില്‍ ചെയ്യുന്നതാണ്." ക്യാപ്റ്റന്‍വിളിയിലും ലീഡര്‍ വിളി പോലുള്ള കെണിയിലൊന്നും താന്‍ വീഴില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഭിവാദ്യമര്‍പ്പിച്ച് എവിടെയെങ്കിലും ബോര്‍ഡ് സ്ഥാപിക്കുന്നുണ്ടെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട നേതാക്കളെല്ലാം അതിലുണ്ടാകണം. തൃക്കാക്കരയിലെ വിജയം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. എല്ലാവരും നടത്തിയ കഠിനാധ്വനത്തിന്റെ ഫലമാണത്. ജനിച്ചു വളര്‍ന്ന ജില്ലയില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് എന്ന നിലയില്‍ തിരഞ്ഞെടുപ്പിന്റെ ഏകോപന ചുമതല തനിക്കായിരുന്നു. അത് നിര്‍വഹിച്ചു. അത് അതോട് കൂടി അവസാനിപ്പിക്കണം. ഈ ക്യാപ്റ്റന്‍ വിളിയും ലീഡര്‍ വിളിയും കോണ്‍ഗ്രസിനെ നന്നാക്കാനുള്ളതല്ല. അതിനുള്ള തിരിച്ചറിവ് തനിക്കുണ്ടെന്നും സതീശന്‍ വ്യക്തമാക്കി.
Content Highlights: 'leader'satheesan says he will not fall into that trap,Thrikkakkara is just the beginning
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..