കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ശക്തമായ മുന്നേറ്റം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘടിതമായ അപവാദ പ്രചാരണങ്ങളെയും വളഞ്ഞിട്ടുള്ള ആക്രണത്തെയും മറികടന്ന് സർക്കാരിന് ജനക്ഷേമ നടപടികളുമായി മുന്നോട്ടുപോകാൻ കഴിയുന്നത് ജനങ്ങളുടെ പിന്തുണ കൊണ്ടാണ്. ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാൻ എന്തുത്യാഗം സഹിച്ചും മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ നാലര വർഷത്തിൽ സംസ്ഥാനത്തെ വികസനത്തിൽ വലിയ മുന്നേറ്റമാണുണ്ടായത്. പൂർത്തീയാകില്ലെന്ന് കരുതി ഉപേക്ഷിച്ച ഗെയിൽ പദ്ധതി ഉൾപ്പെടെ നിരവധി പദ്ധതികൾ പൂർത്തീകരിക്കാൻ സാധിച്ചു. ജനങ്ങളുടെ ജീവിതാനുഭവങ്ങളാണ് സർക്കാരിന്റെ നേട്ടങ്ങൾ. ഇവ ഇല്ലാതാക്കാൻ ഒരുശക്തിക്കും കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിന്റെ കരുത്ത് ജനങ്ങളുടെ ഐക്യമാണ്. കോവിഡ് പ്രതിരോധം വിജയകരമായി സാധ്യമാക്കിയതും ഈ ഐക്യമാണ്. മതനിരപേക്ഷത സംരക്ഷിക്കാനും നാടിന്റെ നേട്ടങ്ങൾ കാത്തുസൂക്ഷിക്കാനും നവകേരളം കെട്ടിപ്പടുക്കാനും ഈ ഐക്യം കൂടുതൽ ശക്തിപ്പെടണം. ഇടതുപക്ഷ ജനാധപത്യ മുന്നണിക്കാണ് ഈ യോജിപ്പിന്റെ പതാക ഉയർത്തിപ്പിടിക്കാൻ സാധിക്കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ലൈഫ് മിഷൻ പിരിച്ചുവിടുമെന്ന പ്രതിപക്ഷത്തിന്റെ പ്രസ്താവന ഗൗരവതരമാണെന്നും പദ്ധതി വേണ്ടെന്ന് പറയുന്നവർക്ക് രാഷ്ട്രീയ തിമിരമാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. യുഡിഎഫിന്റെ സമനില തെറ്റിയിരിക്കുകയാണ്. ലൈഫ് മിഷൻ ഇല്ലാതാക്കാനുള്ള പ്രതിപക്ഷ നീക്കം ജനം അംഗീകരിക്കില്ല. നശീകരണത്തിന്റെ രാഷ്ട്രീയമാണ് അവരുടെത്. യുഡിഎഫിന്റെ അസഹിഷ്ണുത തിരിച്ചറിഞ്ഞ് ജനം വിധിയെഴുതുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാരിന്റെ വികസന, ജനക്ഷേമ കാര്യങ്ങളിൽ നിന്നെല്ലാം ശ്രദ്ധ തിരിക്കാനുളള വിവാദങ്ങൾ ദിനംപ്രതി സൃഷ്ടിക്കുന്നതിൽ ചിലർ അതീവ തൽപരരാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. നാലര വർഷമായി അഴിമതിയുടെ ഒരു കറുത്ത പാടുപോലും സംസ്ഥാന സർക്കാരിനുമേൽ ആരോപിക്കാൻ കഴിയാതിരുന്നവർ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ വ്യാജ ആരോപണങ്ങളുടെ ആരവവുമായി രംഗത്തുവരികയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

content highlights: Pinarayi Vijayan, LDF, Local Body Election