കണ്ണൂര്‍ : ചരിത്ര വിജയം സമ്മാനിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ പിണറായിയിലെ ചേരിക്കല്‍ സ്‌കൂളിൽ കുടുംബത്തോടൊപ്പം വോട്ടു ചെയ്യാനെത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
"ഇതുപോലൊരു തിരഞ്ഞെടുപ്പ് കേരളത്തില്‍ മുമ്പൊരു ഘട്ടത്തിലും നമുക്ക് നേരിടേണ്ടി വന്നിട്ടില്ല. എല്ലാ പ്രതിലോമ ശക്തികളും ഒന്നിച്ച് ഞങ്ങളെ നേരിടാന്‍ തയ്യാറെടുക്കുകയും അതിനാവശ്യമായ എല്ലാ ഒത്താശകള്‍ കേന്ദ്ര ഏജന്‍സികളും ചെയ്തുകൊടുക്കുകയുമാണ് ഈ തിരഞ്ഞെടുപ്പില്‍. ഞങ്ങളെ ചെറിയ തോതില്‍ ക്ഷീണിപ്പിക്കാമെന്നും ഉലയ്ക്കാമെന്നുമാണ് അവരുടെ പ്രതീക്ഷ. 16ാം തീയതി മനസ്സിലാകും ആരാണ് ഉലഞ്ഞതെന്നും ആരാണ് ക്ഷീണിച്ചതെന്നും". ഐതിഹാസികമായ വിജയമായിരിക്കും എല്‍ഡിഎഫ് നേടാന്‍ പോകുന്നത്. അതോടെ കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടക്കണമെങ്കില്‍ അവര്‍ക്ക് കടക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു
"ഇതേവരെ വോട്ട് ചെയ്തവര്‍ വലിയ തോതിലുള്ള പിന്തുണയാണ് എല്‍ഡിഎഫിന് നല്‍കിയത്. ഞങ്ങള്‍ ജയിക്കാന്‍ സാധ്യതയില്ലെന്ന് കണക്കാക്കിയ പ്രദേശങ്ങള്‍ വരെ ഞങ്ങളുടേതായി മാറാന്‍ പോവുകയാണ്. ഈ ജില്ലകള്‍ എല്ലാ കാലത്തും എന്തായിരുന്നെന്ന് എല്ലാവര്‍ക്കുമറിയാം. എല്‍ഡിഎഫിന്റെ ഐതിഹാസിക വിജയം ഉറപ്പിക്കുന്ന തിരഞ്ഞെടുപ്പാണിത്. കള്ളങ്ങളോടും നുണകളോടും ജനം എങ്ങനെ പ്രതികരിക്കുമെന്ന കാണിക്കുന്ന തിരഞ്ഞെടുപ്പുമായിരിക്കും ഇത്".
കോവിഡ് സൗജന്യമായി നല്‍കുമെന്ന പ്രഖ്യാപനം തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന പ്രതിപക്ഷ ആരോപണത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു.
നമ്മുടെ രാജ്യത്ത് കേരളത്തില്‍ മാത്രമാണ് കോവിഡിനെതിരായ ചികിത്സ മുഴുവനും സൗജന്യമായിട്ടുള്ളത്. അങ്ങനെയുള്ള സംസ്ഥാനത്ത് കോവിഡിനെ പ്രതിരോധിക്കാനുള്ള ചെറിയ പൈസയുടെ കുത്തിവെപ്പിനുള്ള പൈസ ഇങ്ങോട്ട് പോരട്ടെ എന്ന് സംസ്ഥാനം വിചാരിക്കുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
"ഇവിടെ ഞങ്ങള്‍ തുടര്‍ച്ചയായി ഇന്നേ വരെ സൗജന്യ ചികിത്സയാണ് നല്‍കിയത്. അതിന്റെ ഭാഗം തന്നെയാണ് പ്രതിരോധ നടപടിയും അതില്‍ യാതൊരു പെരുമാറ്റച്ചട്ട ലംഘനവുമില്ല. ജനങ്ങള്‍ പ്രകോപിതരായി ഞങ്ങളുടെ കൂടെ നിന്ന് ആത്മരോഷത്തോടെയാണ് വോട്ടു ചെയ്യാന്‍ വരുന്നത്.
യുഡിഎഫിന് തിരിച്ചടിയുണ്ടാവുമെന്ന് മാത്രമല്ല, ലീഗിന്റെ അടിത്തറ തകരും.. മുസ്ലീം ബഹുജനങ്ങളുടെ പ്രഖ്യാപിതമായ സംഘടനകള്‍ ദീര്‍ഘകാലമായി തള്ളിക്കൊണ്ടിരിക്കുന്ന വിഭാഗമാണ് ജമാഅത്തെ ഇസ്ലാമി. നാലു വോട്ടിനു വേണ്ടി അവരുമായി കൂടുന്ന അല്‍പത്തമാണ് ലീഗും കോണ്‍ഗ്രസ്സും കാണിച്ചത്. അതില്‍ വലിയ രോഷത്തോടെയാണ് മുസ്ലിം ബഹുജനങ്ങള്‍ കാണിക്കുന്നത്. ലീഗിന്റെ കരുത്തരായ നേതാക്കള്‍ വരെ അത് പ്രകടിപ്പിച്ചതാണ്", മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
content highlights: LDF will have a historic victory, says Pinarayi Vijayan on Local body election polling day