തിരുവനന്തപുരം:  നിയമസഭാ തിരഞ്ഞെടുപ്പിലെ എല്‍.ഡി.എഫിന്റെ ചരിത്രവിജയം പാര്‍ട്ടി ഓഫീസുകളിലും വീടുകളിലും ദീപം തെളിയിച്ചും പൂത്തിരി കത്തിച്ചും ആഘോഷിച്ച് പ്രവര്‍ത്തകര്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തെരുവില്‍ ഇറങ്ങിയുള്ള ആഘോഷം ഒഴിവാക്കിയിരുന്നു. 

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തുടര്‍ഭരണം ലഭിച്ച ചരിത്രവിജയത്തിന്റെ ഭാഗമായാണ് ഈ ദിവസം വിക്ടറി ഡേ അഥവാ വിജയദിനം എന്ന നിലയില്‍ കേരളത്തില്‍ സംഘടിപ്പിക്കുന്നതെന്ന് സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 

കോവിഡ് കാലമായതിനാല്‍ മറ്റു തരത്തിലുള്ള ആഹ്ലാദപ്രകടനങ്ങളും റാലികളുമൊന്നും സംഘടിപ്പിക്കാന്‍ കഴിയില്ല. അതുകൊണ്ട് ഓരോവീടുകളിലും കുടുംബാംഗങ്ങളും മറ്റുള്ളവരും ചേര്‍ന്ന് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. വെളിച്ചം ജനങ്ങള്‍ക്ക് നല്‍കുന്നതിനുള്ള പ്രതീകാത്മകമായ ഒരു പരിപാടിയാണ് നടക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. 

മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ്ഹൗസിലും സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും ആഘോഷത്തില്‍ പങ്കെടുത്തു.

content highlights: ldf victory day celebration