തിരുവനന്തപുരം: വിവിധ സംഘടനകള്‍ ദേശീയ തലത്തില്‍ ഈ മാസം 27 ന് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന ഇടതുമുന്നണി നേതൃയോഗമാണ് പിന്തുണ അറിയിച്ചത്. ഇതോടെ കേരളത്തില്‍ തിങ്കളാഴ്ച ഹര്‍ത്താലിന്റെ പ്രതീതി ആയേക്കും.

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയാണ് 27 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. മോട്ടോര്‍ വാഹന തൊഴിലാളികളും കര്‍ഷകരും ബാങ്ക് ജീവനക്കാരുമടക്കം നൂറിലേറെ സംഘടനകള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. ഇടത് പാര്‍ട്ടികള്‍ നേരത്തെ തന്നെ ബന്ദിനെ അനുകൂലിച്ചിരുന്നു. തൊഴിലാളി സംഘടനകളും സമരത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.

അതേസമയം സംസ്ഥാനത്ത് വന്‍ വിവാദമായിരിക്കുന്ന പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന്റെ നാര്‍കോടിക് ജിഹാദ് പരാമര്‍ശം ഇടതുമുന്നണി യോഗത്തില്‍ ചര്‍ച്ചയായില്ല. സര്‍ക്കാര്‍ നിലപാട് വ്യക്തമായി വിശദീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതോടെ ഈ വിഷയത്തില്‍ തുടര്‍ ചര്‍ച്ചകള്‍ വേണ്ടെന്ന് മുന്നണി യോഗം തീരുമാനമെടുത്തു.

Content Highlights: LDF support to Bharat bandh