തൃക്കാക്കര നഗരസഭയിൽ എൽ.ഡി.എഫിന്റെ അവിശ്വാസ പ്രമേയനീക്കം പരാജയപ്പെട്ടതിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന യു.ഡി.എഫ്. കൗൺസിലർമാർ| ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ മാതൃഭൂമി
കൊച്ചി: ക്വാറം തികയാത്തതിനാല്‍ തൃക്കാക്കര നഗരസഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള എല്‍.ഡി.എഫ്. നീക്കം പരാജയപ്പെട്ടു. ഇതിനു പിന്നാലെ നഗരസഭയ്ക്കു പുറത്ത് യു.ഡി.എഫ്. അംഗങ്ങള്‍ പ്രകടനം നടത്തി. പണക്കിഴി വിവാദത്തില്‍ ചെയര്‍പേഴ്‌സണ്‍ അജിതാ തങ്കപ്പനെ പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ നീക്കം നടത്തിയത്.
ആറുമാസത്തിനകം വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് ചന്ദ്രബാബു പ്രതികരിച്ചു. ചെയര്‍പേഴ്‌സണ്‍ അജിതാ തങ്കപ്പനെതിരെ മുന്നോട്ടുവെച്ച ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രതിപക്ഷം തോറ്റുതുന്നംപാടിയെന്ന് ചെയര്‍പേഴ്‌സണ്‍ അജിത പറഞ്ഞു.
തൃക്കാക്കര നഗരസഭയില്‍ കോണ്‍ഗ്രസിന് 16-ഉം മുസ്‌ലിം ലീഗിന് അഞ്ച് കൗണ്‍സിലര്‍മാരുമുമാണുള്ളത്. അതായത് 43 അംഗ നഗരസഭയില്‍ 21 അംഗങ്ങളുടെ പിന്തുണയാണ് യു.ഡി.എഫിനുള്ളത്. എന്നാല്‍ എ ഗ്രൂപ്പിലെ കൗണ്‍സിലര്‍മാര്‍ ഇടഞ്ഞുനിന്നതും ലീഗിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ വിപ്പ് സ്വീകരിച്ചെങ്കിലും പിന്നീട് നടന്ന യോഗങ്ങളില്‍ പങ്കെടുക്കാതെ മാറിനിന്നതും യു.ഡി.എഫിന് ഇന്നലെ വരെ തലവേദന സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇന്നലെ രാത്രിവരെ നടന്ന ചര്‍ച്ചകള്‍ക്കു പിന്നാലെ യു.ഡി.എഫിലെ മുഴുവന്‍ അംഗങ്ങളും അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പണക്കിഴി വിവാദത്തില്‍ ചെയര്‍പേഴ്‌സനെതിരെ എല്‍.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസ പ്രമേയം ക്വാറം തികയാത്തതിനെ തുടര്‍ന്ന് പരാജയപ്പെട്ടത്.
അവിശ്വാസ പ്രമേയത്തിന് വലിയരീതിയിലുള്ള നീക്കമായിരുന്നു എല്‍.ഡി.എഫിന്റെ ഭാഗത്തുനിന്നുണ്ടായത്. 18-ാം വാര്‍ഡിലെ കോവിഡ് പോസിറ്റീവായ കൗണ്‍സിലറെ പി.പി.ഇ. കിറ്റ് ധരിപ്പിച്ച് എല്‍.ഡി.എഫ്. നഗരസഭയിലെത്തിച്ചിരുന്നു. എന്നാല്‍ നാല് സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ എടുത്ത നിലപാട് നിര്‍ണായകമാവുകയായിരുന്നു. ഇവര്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍നിന്ന് വിട്ടുനിന്നു. ഒരു സ്വതന്ത്ര കൗണ്‍സിലര്‍ ഇടതിന് പിന്തുണ നല്‍കി. ക്വാറം തികയാന്‍ വേണ്ടിയിരുന്നത് 22 കൗണ്‍സിലര്‍മാരുടെ സാന്നിധ്യമായിരുന്നു. എന്നാല്‍ എത്തിച്ചേര്‍ന്നത് 18 പേരും. ഇതോടെയാണ് ക്വാറം തികയാതെ അവിശ്വാസ പ്രമേയ ചര്‍ച്ച പരാജയപ്പെട്ടത്.
content highlights: ldf's attempt to introduce no-confidence motion against chairperson in thrikkakkara failed
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..