തൃശൂര്‍: പഞ്ചായത്ത് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റേയും എസ്ഡിപിഐയുടേയും വോട്ട് കിട്ടിയ നാല് സിപിഎം പ്രസിഡന്റുമാര്‍ തിരഞ്ഞെടുത്ത് മിനുട്ടുകള്‍ക്കുള്ളില്‍ രാജിവെച്ചു. 

തൃശൂര്‍ അവിണിശ്ശേരിയിലും ആലപ്പുഴ തിരുവന്‍വണ്ടൂരിലുമാണ് യുഡിഎഫ് വോട്ടുകള്‍ കിട്ടിയതിനു പിന്നാലെ എല്‍ഡിഎഫ് പ്രസിഡന്റുമാര്‍ രാജിവെച്ചത്. 

അവിണിശ്ശേരിയില്‍ ബിജെപി-6, എല്‍ഡിഎഫ്-5, യുഡിഎഫ് 3 എന്നിങ്ങനെയായിരുന്നു കക്ഷിനില. യുഡിഎഫ് പിന്തുണ കൂടി നേടി എട്ട് വോട്ടുകളോടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചു. എന്നാല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എ.ആര്‍ രാജു ഉടന്‍ രാജിവെയ്ക്കുകയായിരുന്നു. അതേസമയം ബിജെപിയെ സഹായിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് എല്‍ഡിഎഫ് പ്രസിഡന്റിന്റെ രാജിയെന്ന് യുഡിഎഫ് ആരോപിച്ചു. എല്‍ഡിഎഫ് പ്രസിഡന്റ് യുഡിഎഫിന്റെ പിന്തുണ തള്ളിയതോടെ പഞ്ചായത്ത് അധ്യക്ഷസ്ഥാനത്ത് ബിജെപി ഭരണമുറപ്പിച്ചു. നേരത്തേ ബിജെപിക്കായിരുന്നു ഇവിടെ ഭരണം. 

ആലപ്പുഴ തിരുവന്‍വണ്ടൂരില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആയിരുന്നെങ്കിലും എല്‍ഡിഎഫ് ആയിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചത്. എന്നാല്‍ യുഡിഎഫ് പിന്തുണ വേണ്ടെന്ന നിലപാടെടുത്ത് എല്‍ഡിഎഫ് നോമിനി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. 

പത്തനംതിട്ട കോട്ടാങ്ങലിലും എസ്ഡിപിഐ പിന്തുണ നേടി പ്രസിഡന്റായി വിജയിച്ച സിപിഎം പ്രതിനിധി ഉടന്‍ രാജിവെച്ചു. എല്‍ഡിഎഫ്-5, ബിജെപി-5, യുഡിഎഫ്-2, എസ്ഡിപിഐ-1 എന്നിങ്ങനെയായിരുന്നു കോട്ടാങ്ങലില്‍ കക്ഷിനില. എസ്ഡിപിഐ പിന്തുണ തള്ളിക്കൊണ്ടാണ് സിപിഎമ്മിന്റെ ബിനു ജോസഫ് രാജിവെച്ചത്. 

തിരുവനന്തപുരം പാങ്ങോടും എസ്ഡിപിഐ പിന്തുണ ലഭിച്ച എല്‍ഡിഎഫ് പ്രസിഡന്റ് മിനുട്ടുകള്‍ക്കുള്ളില്‍ രാജിവെച്ചു. പാങ്ങോട് പഞ്ചായത്തിലാണ് 2 എസ്ഡിപിഐ അംഗങ്ങളുടെ പിന്തുണയോടെ സിപിഎമ്മിലെ ദിലീപ് പ്രസിഡന്റായത്. സിപിഎം 8, കോണ്‍ഗ്രസ് 7, എസ്ഡിപിഐ 2, വെല്‍ഫെയര്‍ പാര്‍ട്ടി 2 എന്നിങ്ങനെയാണ് ആകെ 19 അംഗങ്ങളുള്ള പഞ്ചായത്തിലെ കക്ഷിനില. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയപ്പോള്‍ സിപിഎം സ്ഥാനാര്‍ഥിക്ക് എസ്ഡിപിഐ അംഗങ്ങള്‍ പിന്തുണ നല്‍കുകയായിരുന്നു. 

Content Highlights: Four LDF Panchayath presidents resigned after UDF and SDPI extended support