കൊച്ചി: ചെല്ലാനം പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. പ്രസിഡന്റിനെതിരേ യുഡിഎഫും ട്വന്റി ട്വന്റി കൂട്ടായ്മയും കൊണ്ടുവന്ന അവിശ്വാസം പാസായി. 

അവിശ്വാസത്തെ അനുകൂലിച്ച് 12 പേര്‍ വോട്ട് ചെയ്തു. എതിര്‍ത്ത് ഒമ്പത് വോട്ടാണ് ലഭിച്ചത്. കോണ്‍ഗ്രസും ട്വന്റി ട്വന്റിയും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനം പങ്കിടും. 

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.എസ്. സാജിത മുമ്പാകെയാണ് ട്വന്റി ട്വന്റിയുടെ എട്ട് അംഗങ്ങളും കോണ്‍ഗ്രസിന്റെ നാല് അംഗങ്ങളും ചേര്‍ന്ന 12 പഞ്ചായത്ത് അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. 21 അംഗ പഞ്ചായത്തില്‍ എല്‍.ഡി. എഫിന് ഒമ്പത് അംഗങ്ങളാണുള്ളത്.

കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന ചെല്ലാനത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ട്വന്റി ട്വന്റി മത്സരത്തിനിറങ്ങിയതോടെയാണ് കോണ്‍ഗ്രസിന് കാലിടറിയത്. തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഭരണം നേടുകയായിരുന്നു. കിഴക്കമ്പലം ട്വന്റി ട്വന്റിയുമായി ബന്ധമുള്ളതല്ല ചെല്ലാനത്തെ ട്വന്റി ട്വന്റി കൂട്ടായ്മ. 

Content Highlights: LDF Losses power in Chellanam Panchayath