KN Balagopal | Photo: CR Gireesh Kumar
തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷനെതിരായ മുന്‍ നിലപാടില്‍ മാറ്റംവരുത്തി സംസ്ഥാന സര്‍ക്കാര്‍. പെന്‍ഷന്‍ മുഴുവന്‍ സര്‍ക്കാര്‍ വഹിക്കുന്ന സാഹചര്യം ഒരിടത്തുമില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ പൂര്‍ണമായും പെന്‍ഷന്‍ ചെലവ് വഹിക്കുന്ന സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ ഇപ്പോള്‍ പ്രായോഗികമല്ലെന്ന് ധനമന്ത്രി വ്യക്തമാക്കിയത്. ബംഗാളിലെ സാഹചര്യം വിശദീകരിച്ചാണ് നയം മാറ്റത്തിലുള്ള മന്ത്രിയുടെ പ്രതികരണം.
പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കാത്തത് ബംഗാള്‍ മാത്രമാണ്. അവിടെ സ്ഥിരനിയമനം ഇല്ല. സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ നടപ്പിലാക്കേണ്ട ആവശ്യവും അവിടെയില്ല. നാല് ലക്ഷത്തിലധികം കരാര്‍ ജീവനക്കാരാണ് ബംഗാളിലുള്ളത്. കരാര്‍ ജീവനക്കാരായാണ് നിയമനവും നടക്കുന്നത്. അതുകൊണ്ട് ചെലവ് സര്‍ക്കാരിന് വഹിക്കേണ്ട സാഹചര്യവും അവിടെയില്ലെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ പങ്കാളിത്ത പെന്‍ഷന്‍ തുടരുന്നത് സംബന്ധിച്ച് സാമ്പത്തികസ്ഥിതിയും ഭാവികാര്യങ്ങളും പരിഗണിച്ച് നയപരമായ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
പങ്കാളിത്ത പെന്‍ഷനെ എതിര്‍ത്തിരുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് തുടര്‍ഭരണം ലഭിച്ചിട്ടും പുനഃപരിശോധന കമ്മീഷന്‍ റിപ്പോര്‍ട്ട് പുറംലോകം കണ്ടിരുന്നില്ല. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി തുടരുന്നത് സംബന്ധിച്ച ആശയക്കുഴപ്പം തീര്‍ക്കാന്‍ നിയോഗിച്ച കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മൂന്ന് മാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.
2013 ഏപ്രില്‍ ഒന്നു മുതലാണ് സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കിയത്. സർക്കാരും ജീവനക്കാരും പത്ത് ശതമാനം വീതമാണ് ഇതിലേക്ക് വിഹിതം നല്‍കുന്നത്. എന്നാല്‍ അന്ന് പ്രതിപക്ഷമായിരുന്ന എല്‍ഡിഎഫ് ഇതിനെതിരേ ശക്തമായ വിമര്‍ശനവും പ്രതിഷേധവും ഉയര്‍ത്തിയിരുന്നു. അധികാരത്തിലെത്തിയാല്‍ പങ്കാളിത്ത പെന്‍ഷന്‍ അറബിക്കടലില്‍ ഒഴുക്കുമെന്നായിരുന്നു എല്‍ഡിഎഫ് പറഞ്ഞത്.
പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധിക്കുമെന്നും 2016ലെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു. എന്നാല്‍ അധികാരത്തിലെത്തിയിട്ടും ഇത് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. വിഷയം പഠിക്കാന്‍ ജസ്റ്റിസ് സതീഷ് ചന്ദ്രബാബുവിന്റെ നേതൃത്വത്തില്‍ ഒരു കമ്മീഷനെ നിയോഗിച്ചു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. ജൂലൈ 1നാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് ധനവകുപ്പിന് ലഭിച്ചത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..