ആലപ്പുഴ: തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിലെ അനധികൃതനിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ 'ഡിസ്‌കൗണ്ട്'. ലേക്ക് പാലസ് റിസോര്‍ട്ടിന് ഒരു കോടിയിലേറെ രൂപ പിഴ ചുമത്തിയ ആലപ്പുഴ നഗരസഭയുടെ തീരുമാനം സംസ്ഥാനസര്‍ക്കാര്‍ തള്ളി. 

ലേക്ക് പാലസ് റിസോര്‍ട്ടില്‍നിന്ന് ആലപ്പുഴ നഗരസഭ ഈടാക്കാന്‍ തീരുമാനിച്ച പിഴ ഈടാക്കാന്‍ കഴിയില്ലെന്നും പകരം 34 ലക്ഷം മാത്രം പിഴ ചുമത്തിയാല്‍ മതിയെന്നുമാണ് സര്‍ക്കാരിന്റെ നിര്‍ദേശം. അഡീഷണല്‍ ചീഫ് സെക്രട്ടറി ഇതുസംബന്ധിച്ച് വീണ്ടും ഉത്തരവിറക്കുകയും ചെയ്തു. 

തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടില്‍ നടത്തിയ അനധികൃത നിര്‍മാണം പിഴ ഈടാക്കി ക്രമവത്കരിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ആലപ്പുഴ നഗരസഭ ആദ്യം 2.76 കോടി രൂപ പിഴ ചുമത്താന്‍ തീരുമാനിച്ചു.പിന്നീട് പിഴ തുക 1.17 കോടി രൂപയായി കുറച്ചു. 

എന്നാല്‍ ഇതിനെതിരെ തോമസ് ചാണ്ടി സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പിഴത്തുക 34 ലക്ഷമായി കുറച്ച് ഉത്തരവിറക്കി. പക്ഷേ, ഈ തീരുമാനം അംഗീകരിക്കാനാകില്ലെന്നായിരുന്നു ആലപ്പുഴ നഗരസഭ കൗണ്‍സിലിന്റെ നിലപാട്. ഇതോടെയാണ് സര്‍ക്കാര്‍ തീരുമാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി വീണ്ടും ഉത്തരവിറക്കിയത്. വസ്തുനടപടികള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാന്‍ നഗരസഭാസെക്രട്ടറി ബാധ്യസ്ഥനാണെന്നും ഉത്തരവില്‍ പറയുന്നു.  

Content Highlights: ldf government order regarding thomas chandy's lake palace resort