തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന വേദി പ്ലാസ്റ്റിക് വിമുക്തവും പരിസ്ഥിതി സൗഹൃദവുമാക്കാന്‍ ഗ്രീന്‍ പ്രോട്ടോകോള്‍. സത്യാപ്രതിജ്ഞാ ചടങ്ങിന് എത്തുന്നവര്‍ കുപ്പിവെള്ളം കൊണ്ടുവരരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് സ്റ്റീല്‍ കപ്പുകളില്‍ കുടിവെള്ളം നല്‍കും. 25,000 പേര്‍ക്ക് വെള്ളം നല്‍കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. കൊടിതോരണങ്ങളും മറ്റും കൊണ്ടുവരുന്ന പ്രവര്‍ത്തകര്‍ അവ സത്യപ്രതിജ്ഞാ വേദിയില്‍ ഉപേക്ഷിക്കാതെ തിരിച്ചുകൊണ്ടുപോകണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നഗരസഭയുടെയും സംസ്ഥാന ശുചിത്വ മിഷന്റെയും നേതൃത്വത്തിലാണ് ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുന്നത്. സംസ്ഥാന യുവജനോത്സവ വേദിയില്‍ ശുചിത്വ മിഷന്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ വിജയകരമായി നടപ്പിലാക്കിയിരുന്നു. തിരഞ്ഞെടുപ്പ് നടപടികള്‍ പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കാന്‍ കോഴിക്കോട് ജില്ലാ ഭരണകൂടവും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കിയിരുന്നു.

വൈകീട്ട് നാലിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. 2500 ഇരിപ്പിടങ്ങളുള്ള പന്തലാണ് തയ്യാറാക്കിയിട്ടുള്ളത്. സ്റ്റേഡിയത്തിന് പുറത്തും പാളയം, സ്റ്റാച്യു തുടങ്ങിയ സ്ഥലങ്ങളിലും ജനങ്ങള്‍ക്ക് ചടങ്ങ് വീക്ഷിക്കാന്‍ എല്‍.ഇ.ഡി സ്‌ക്രീനുകള്‍ ഒരുക്കിയിട്ടുണ്ട്.