ണ്ടാം പിണറായി സര്‍ക്കാര്‍ നൂറാം ദിവസം പിന്നിടുകയാണ്. രണ്ടാം ഇന്നിങ്‌സില്‍ സര്‍ക്കാരിന്റെ പിഴവുകളെക്കുറിച്ചും വേണ്ട തിരുത്തലുകളെക്കുറിച്ചും പ്രതിപക്ഷ നേതാവ് വി.ഡി. സതീശശനുമായി മാതൃഭൂമി ഡോട്ട് കോം നടത്തിയ അഭിമുഖം.

സര്‍ക്കാരിന്റെ 100 ദിവസത്തെ പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷം എങ്ങനെ വിലയിരുത്തുന്നു?

സാധാരണഗതിയില്‍ 100 ദിവസത്തെ പ്രവര്‍ത്തനം കൊണ്ട് ഒരു സര്‍ക്കാരിനെ വിലയിരുത്തുന്ന രീതി ശരിയല്ല. എന്നാല്‍ ഇവിടെ സ്ഥിതി വ്യത്യസ്തമാണ്. കേരളത്തില്‍ ഉണ്ടായിരിക്കുന്നത് ഒരു സര്‍ക്കാരിന്റെ തുടര്‍ ഭരണത്തിന്റെ നൂറാം ദിവസമാണ്. അതുകൊണ്ട് തന്നെ വീണ്ടും അധികാരത്തില്‍ വന്ന ശേഷമുള്ള നൂറ് ദിവസത്തെ കൃത്യമായി വിലയിരുത്താന്‍ കഴിയും. തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും രണ്ട് സമീപനമാണ് സര്‍ക്കാര്‍ കാണിച്ചത്. കോവിഡ് നേരിടുന്നതില്‍ ഉള്‍പ്പടെ കേരളം പാടേ പരാജയപ്പെട്ടു. സര്‍ക്കാര്‍ ഇപ്പോഴും തുടര്‍ഭരണം കിട്ടിയതിന്റെ മോഹാലസ്യത്തിലാണ്. അതില്‍നിന്ന്‌ ഇനിയും മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ പുറത്ത് കടന്നിട്ടില്ല.

ജനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആത്മഹത്യയിലേക്ക് നീങ്ങുമ്പോളും നോക്കുകുത്തിയായി തുടരുകയാണ് സര്‍ക്കാര്‍. എന്ത് ചോദിച്ചാലും ഞങ്ങള്‍ കിറ്റു കൊടുത്തില്ലേ, പെന്‍ഷന്‍ കൊടുത്തില്ലേ എന്നാണ് മുഖ്യമന്ത്രി പറയുന്നത്. സര്‍വ്വ മേഖലയും തകര്‍ന്നുപോയ ഒരു സംസ്ഥാനത്ത് ഇതുകൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി മുന്നോട്ട് പോകുന്നതില്‍ രണ്ടാം വരവിന്റെ തുടക്കത്തില്‍ തന്നെ മുഖ്യമന്ത്രി പരാജയപ്പെട്ടു. 

കോവിഡ് പ്രതിരോധത്തില്‍ കേരളം ഉയര്‍ത്തിയ ദേശീയ മാതൃക പരാജയപ്പെട്ടോ?

ഇപ്പോഴുള്ള കേരളമാതൃക പരാജയമാണ്. അത് പുനഃസംഘടിപ്പിക്കണം. കുറച്ച് ഉദ്യോഗസ്ഥര്‍ കോവിഡ് പ്രതിരോധ സംവിധാനം ഹൈജാക്ക് ചെയ്തിട്ടുണ്ട്. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ടി.പി.ആറും(ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്‌)   കൂടുതല്‍ രോഗികളും ഉള്ള സംസ്ഥാനം കേരളമാണ്‌. മരണനിരക്കും കൂടി. എന്നിട്ടും അതിനെ നേരിടാനുള്ള സംവിധാനം ഇവിടെ ഉണ്ടായില്ല.

ഇപ്പോള്‍ സര്‍ക്കാര്‍ എല്ലാ രേഖകളും രഹസ്യമാക്കി വെക്കുകയാണ്. നേരത്തെ വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ വരെ  പൊതുജനങ്ങള്‍ക്ക് ലഭ്യമായിരുന്നു. വിദഗ്ദസമിതിയില്‍നിന്നു വിരുദ്ധാഭിപ്രായങ്ങള്‍ ഉയര്‍ന്ന് വന്നതോടെ ആ സംവിധാനം നിര്‍ത്തലാക്കി. കോവിഡ് സംബന്ധമായ ഒരു വിവരവും ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് കിട്ടുന്നില്ല. മറ്റ് സംസ്ഥാനങ്ങള്‍ കൃത്യമായി വിവരങ്ങള്‍ നല്‍കുമ്പോള്‍ ഇവിടെ എല്ലാം പൂഴ്ത്തിവെക്കുകയാണ്. ഈ വിവരങ്ങള്‍ കൃത്യമായി പുറത്ത് വിട്ടാല്‍ മാത്രമേ ഇത് പഠനവിധേയമാക്കി മൂന്നാം തരംഗം നേരിടാന്‍ കഴിയുകയുള്ളൂ. ഇവിടെ മൂന്നാം വരവ് നേരിടാന്‍ തയ്യാറെടുപ്പ് നടത്തുന്നില്ലെന്ന് മാത്രമല്ല, രണ്ടാം വരവ് വളരെ ഗുരുതരമായി തുടരുകയും ചെയ്യുകയാണ്.

ഇതിനെ വിമര്‍ശിച്ചപ്പോള്‍ മുഖ്യമന്ത്രി ചോദിച്ചത് പ്രതിപക്ഷത്തിന് എന്ത് പറയാന്‍ ഉണ്ടെന്നാണ്.  കോവിഡ് പരിശോധനയില്‍ പൂര്‍ണ്ണമായി ആര്‍.ടി.പി.സി.ആര്‍. ആക്കണം എന്ന് പ്രതിപക്ഷം പറഞ്ഞു, ക്വാറന്റൈന്‍ പൂര്‍ണ്ണമായും വീടുകളിലേക്ക് മാറ്റുന്നതിനേയും പ്രതിപക്ഷം എതിര്‍ത്തിരുന്നു. കാരണം 80 ശതമാനം വീടുകളിലും അതിന് വേണ്ട സൗകര്യമില്ല. അഞ്ചും ആറും ആളുകള്‍ താമസിക്കുന്ന രണ്ടു മുറി വീടുകളില്‍ രോഗപ്പകര്‍ച്ച ഉണ്ടാകുമെന്ന് പ്രതിപക്ഷം അറിയിച്ചു. എന്നാല്‍, ഇത് മുഖവിലക്ക് എടുത്തുകൊണ്ടുള്ള തിരുത്തലുകള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. പകരം എഫ്.എല്‍.ടി.സി.(ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍) അടക്കമുള്ളവ അടച്ചുപൂട്ടുകയാണ് ചെയ്തത്.

ഇതിന്റെ ഫലമായി കേരളത്തില്‍ ഗുരുതര രോഗികളുടെ എണ്ണം കൂടുകയും അവര്‍ക്കുള്ള ചികിത്സാ സംവിധാനത്തിന് ക്ഷാമം നേരിട്ടു തുടങ്ങുകയും ചെയ്തു തുടങ്ങി. ഐ.സി.യുവും വെന്റിലേറ്ററുമില്ലാതെ രോഗികള്‍ മരിക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. 

ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണോ ആരോപണങ്ങള്‍ മറച്ചുവെക്കുന്നതിനാണോ സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കിയത്?

കഴിഞ്ഞ നൂറ് ദിവസം കൊണ്ട് സര്‍ക്കാര്‍ ഒരു ജനക്ഷേമ പ്രവര്‍ത്തനവും ഇവിടെ നടത്തിയിട്ടില്ല. പുതുതാതായി ഒരു പ്രവര്‍ത്തനം പോലും നടത്താത്ത സര്‍ക്കാരാണിത്. കോവിഡിന്റെ സാമൂഹ്യ, സാമ്പത്തിക ആഘാതത്തെക്കുറിച്ച് പോലും പ്രതിപക്ഷം മാത്രമാണ് പഠിച്ചിട്ടുള്ളത്. കോവിഡ് ദുരന്തനിവാരണ കമ്മീഷന്‍ ഉണ്ടാക്കി എല്ലാ പ്രശ്‌നങ്ങളും പഠിച്ച്  പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് പ്രതിപക്ഷം പറഞ്ഞതാണ്. അതുപോലും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

രണ്ടാം വരവില്‍ സര്‍ക്കാരിന്റെ സമീപനം തന്നെ മാറി. മൊറോട്ടോറിയം ഇല്ല, ലക്ഷക്കണക്കിന് ജപ്തി നോട്ടീസുകളാണ് അയക്കുന്നത്. വട്ടിപ്പലിശക്കാര്‍ സ്ത്രീകളോട് മോശമായി പെരുമാറി തുടങ്ങി. അഞ്ച് കൊല്ലം കൊണ്ട് ഒരു സര്‍ക്കാരിനെതിരെ ഉയര്‍ന്നേക്കാവുന്നതില്‍ കൂടുതല്‍ ആരോപണങ്ങള്‍ നൂറു ദിവസം കൊണ്ടുണ്ടായി.

ഒന്നിനു പുറകെ ഒന്നായി ആരോപണങ്ങള്‍ ഉയരുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ സര്‍ക്കാരിന് കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്. ആരോപണങ്ങളില്‍ നടപടി എടുക്കാനാല്ല, പ്രതിരോധിച്ച് രക്ഷ നേടാനാണ് സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. 

സര്‍ക്കാരിന്റെ പ്രധാന പാളിച്ചകള്‍?

മുട്ടില്‍ മരം കൊള്ള കത്തി നില്‍ക്കുമ്പോള്‍ ആരോപണവിധേയരെ മാറ്റി നിര്‍ത്തി കൃത്യമായി അന്വേഷണം നടത്തി നടപടി എടുക്കുന്നതിന് പകരം അഴിമതി പുറത്ത് കൊണ്ടുവന്നവര്‍ക്കെതിരെ കള്ള റിപ്പോര്‍ട്ടുണ്ടാക്കി അഴിമതി മറച്ചുവെക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. മരം മുറിയുടെ ധര്‍മ്മടം ബന്ധം വെളിപ്പെടുത്തണമെന്ന് പറഞ്ഞിട്ടുപോലും മുഖ്യമന്ത്രി മൗനം തുടരുകയാണ്.

ഓണ്‍ലൈന്‍ പഠനം രണ്ടാം ഘട്ടത്തിലേക്ക് കടന്നിട്ടും ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കണ്ണൂരില്‍ ഫോണിന് റേഞ്ച് കിട്ടാത്തതിനാല്‍ പഠിക്കാന്‍ മരത്തില്‍ കയറിയ വിദ്യാര്‍ത്ഥി വീണ് കാലൊടിഞ്ഞ സംഭവം വരെ ഉണ്ടായി. ജയിലിലുള്ള പ്രതികള്‍ സ്വര്‍ണ്ണക്കടത്ത് നിയന്ത്രിക്കുന്ന വിവരം പുറത്തു വന്നിട്ടും സര്‍ക്കാര്‍ നടപടി എടുത്തിട്ടില്ല.

കോവിഡിന്റെ സാമൂഹ്യ, സാമ്പത്തിക പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കാന്‍ ഒരു കമ്മറ്റിയേ പോലും നിയോഗിച്ചിട്ടില്ല. വാക്‌സിന്‍ വിതരണം കാര്യക്ഷമമായി നടത്തിയിട്ടില്ല. വാക്‌സിന്‍ ചലഞ്ച് ഉള്‍പ്പടെ നടത്തി പണം കോടികള്‍ ശേഖരിച്ചിട്ടും ആര്‍ക്കും വാക്‌സിന്‍ കിട്ടുന്നില്ല.

പ്രളയാനന്തര പുനര്‍നിര്‍മാണം പോലും പരാജയപ്പെട്ടു. ഫണ്ടുകള്‍ വകമാറ്റി ചെലവഴിക്കുകയാണ് ഉണ്ടായത്. പി.എസ്.സി. ഉദ്യോഗാര്‍ത്ഥികളുടെ പ്രശ്‌നം പോലും വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിനായില്ല. 

പ്രതിപക്ഷത്തിന്റെ നൂറ് ദിവസത്തെ എങ്ങനെ വിലയിരുത്തുന്നു?

ഏറ്റവും ക്രിയാത്മകമായി പ്രവര്‍ത്തിച്ച ഒരു പ്രതിപക്ഷമാണ് ഇത്തവണത്തേത്. ജനങ്ങളുടെ പ്രശ്‌നങ്ങളെല്ലാം ഉയര്‍ത്തിക്കാട്ടാന്‍ പ്രതിപക്ഷത്തിനായി. ജനങ്ങള്‍ക്ക് വേണ്ടി നിയമസഭയില്‍ ഇതുപോലെ വാദിച്ച ഒരു പ്രതിപക്ഷം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല.

കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ സമിതിയെ വച്ച് പഠിക്കാനും അത് നിയമസഭയില്‍ അവതരിപ്പിക്കാനും പ്രതിപക്ഷത്തിനായി. ഉദ്യോഗാര്‍ത്ഥികളുടെ പ്രശ്‌നങ്ങളില്‍ ആവുംവിധം പ്രതിപക്ഷം കൂടെ നിന്നു. പൂര്‍ണ്ണമായും ജനങ്ങള്‍ക്കൊപ്പം നിന്ന പ്രതിപക്ഷമാണ് ഇത്തവണത്തേത്. 

സര്‍ക്കാരിന്റെ വരുംദിനങ്ങള്‍ എങ്ങനെയാവണമെന്നാണ് മുന്നോട്ട് വെക്കാനുള്ള നിര്‍ദ്ദേശം?

സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ വരുമ്പോള്‍ മുഖ്യമന്ത്രി മൗനം തുടരുന്ന രീതി മാറണം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാകേണ്ടതുണ്ട്. മോഹാലസ്യത്തില്‍നിന്നു പുറത്ത് കടന്ന് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനെയാണ് പ്രതിപക്ഷം പ്രതീക്ഷിക്കുന്നത്. 

content highlights: vd satheesam talking about hundred days of pinarayi government